This article was originally published here on Mathrubhumi.com on 06 February 2023.
തണുപ്പ് കാലമാണല്ലോ. എല്ലായിടത്തും ജലദോഷം, പനി, ചുമ,കഫക്കെട്ട് എന്നിവ കൂടുതലാണ്. ആരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ തണുപ്പിനെ ആസ്വദിച്ച് ജീവിക്കാനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്നു നോക്കാം.
ആഹാര പദാർഥങ്ങൾ എപ്പോഴും ചൂടോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഉഷ്ണ സ്വഭാവമുള്ള ഭക്ഷണപദാർഥങ്ങൾ (ഉദാഹരണമായി മുതിര) ഉപയോഗിക്കാവുന്നതാണ്. അന്തരീക്ഷത്തിലെ തണുപ്പിനെ പ്രതിരോധിക്കാനായി ശരീരോഷ്മാവ് നിലനിർത്താൻ ശരീരത്തിന് അധികം ഊർജം ആവശ്യമാണ്. ഊർജം ലഭിക്കുന്നത് ശരീരത്തിന്റെ ഇന്ധനമായ ഭക്ഷണത്തിൽ നിന്നാണ്. വേണ്ടത്ര അളവിൽ ഭക്ഷണം കഴിക്കാത്ത പക്ഷം ശരീരം ക്ഷീണിക്കാൻ സാധ്യതയുണ്ട്. അധ്വാനം ഉള്ള ജോലികൾ ചെയ്യുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ പുതിയ ഭക്ഷണക്രമീകരണങ്ങൾ ഇപ്പോൾ തുടങ്ങാതിരിക്കുന്നതാണ് അഭികാമ്യം.
ഇപ്പോഴത്തെ കാലാവസ്ഥയുടെ പ്രത്യേകത അതിരാവിലെ നല്ല തണുപ്പും ഉച്ചക്ക് നല്ല ചൂടും ആണ് എന്നതാണ്. ഇവ രണ്ടിനോടും ശരീരം കൂടുതൽ എക്സ്പോസ്ഡ് ആകുന്നത് ഒഴിവാക്കേണ്ടതാണ്. രാവിലെ മഞ്ഞുള്ള സമയത്ത് കഴിവതും പുറത്തിറങ്ങാതിരിക്കുക. ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ കഴുത്ത്, ചെവി, നിറുക എന്നിവ മറയത്തക്ക രീതിയിൽ തൊപ്പി, തുണി, ടർബൻ എന്നിവ ഉപയോഗിക്കുക.
ശരീരത്തിലേക്ക് പ്രത്യേകിച്ച് ശിരസ്സിന്റെ ഭാഗത്തേക്ക് നേരിട്ട് കാറ്റേൽക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. കിടപ്പുമുറിയിൽ ഫാനിന്റെ സ്ഥാനം നേരിട്ട് കാറ്റേൽക്കുന്ന തരത്തിൽ ആണെങ്കിൽ ചെവി, നിറുക എന്നിവ മറച്ച് ഉറങ്ങുന്നത് തലയിൽ കഫക്കെട്ട് ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
തണുപ്പ് കഫക്കെട്ട് ഉണ്ടാക്കാൻ സാധ്യതയുള്ള വീര്യമാണ്. അതുകൊണ്ടാണ് തണുത്ത ഭക്ഷണം ഒഴിവാക്കാൻ നിർദ്ദേശിച്ചത്. ഇതുപോലെ തന്നെ കഫക്കെട്ട് ഉണ്ടാക്കുന്ന ഒരു ശീലമാണ് പകലുറക്കം. സ്വാഭാവികമായി കഫക്കെട്ടിനു കൂടുതൽ സാധ്യതകളുള്ള തണുപ്പ് കാലത്ത് പകലുറക്കം തീർത്തും ഒഴിവാക്കേണ്ടതാണ്.
തണുപ്പാണല്ലോ , അന്തരീക്ഷം ചൂടാകുമ്പോൾ ശരീരത്തേയും ചൂടാക്കി കളയാം എന്ന് ചിന്തിച്ച് , ഉച്ചക്കുള്ള വെയിൽ കൊള്ളരുത്. തണുപ്പ് കൊണ്ട് ഉറച്ചിരിക്കുന്ന കഫത്തെ ഉരുക്കി തലവേദന പോലുള്ള അസുഖങ്ങൾ വരാൻ ഇത് കാരണമാകും. എയർ കണ്ടീഷൻ ചെയ്ത മുറിയിലും പുറത്ത് വെയിലത്തും മാറി മാറി ഇരിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ ജലദോഷം / തലവേദന ഉണ്ടാകുന്നതും ഇതുകൊണ്ടാണ്. കഴിവതും വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. വെയിലത്ത് ജോലി ചെയ്യുന്ന ആളുകൾ നല്ല വെയിലുള്ള ഉച്ച സമയത്ത് തലയിൽ കോട്ടൺ തുണി (തോർത്ത് പോലുള്ളവ) കൊണ്ട് കെട്ടുന്നത് നല്ലതാണ്.
തണുപ്പിനെ പ്രതിരോധിക്കാൻ വ്യായാമം വളരെ ഫലപ്രദമാണ്. ഋതുവിന്റെ പ്രത്യേകതകൾ കൊണ്ട് ശരീരബലത്തിന് അധികം ഹാനി വരുന്ന കാലമല്ല തണുപ്പ് കാലം. അതുകൊണ്ട് തന്നെ വ്യായാമങ്ങൾ ശീലിക്കാവുന്ന കാലമാണിത്. വ്യായാമത്തോടൊപ്പം തന്നെ നല്ലെണ്ണ പുരട്ടി, ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നതും ഈ കാലത്ത് ആരോഗ്യ പ്രദമാണ്. ജലദോഷം / കഫക്കെട്ട് / പനി തുടങ്ങിയവ ഉള്ളപ്പോൾ എണ്ണ തേച്ചുകുളിക്കുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. ശിരസ്സിൽ കഫക്കെട്ട് ഉണ്ടാകുന്നത് പ്രതിരോധിക്കാനായി ദിവസം 2 നേരം (രാവിലെ പല്ലു തേച്ചതിനു ശേഷവും രാത്രി കിടക്കാൻ നേരത്തും ) ചെറുചൂടുള്ള ഉപ്പുവെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്. വായ്ക്കകത്ത് വെള്ളത്തിന് ഇളകാൻ സ്ഥലമില്ലാത്ത അത്രയും ചൂടുവെള്ളം നിറച്ച്, കവിൾ കഴക്കുന്നതു വരെ പിടിച്ചു വെക്കുക. ശേഷം തുപ്പി കളയുക.ഇങ്ങനെ ആണ് കവിൾ കൊള്ളേണ്ടത്.
വെള്ളം ചുക്ക്, കൊത്തമല്ലി എന്നിവ ചേർത്ത് തിളപ്പിച്ച് കുടിക്കാനായി ഉപയോഗിക്കാം. തുളസി, മഞ്ഞൾ എന്നിവ ചേർത്ത് ആവി ശ്വസിക്കുന്നതും നല്ലതാണ്. പാൽ മഞ്ഞൾ/മുത്തങ്ങ ചേർത്ത് കാച്ചി ഉപയോഗിക്കാം.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തണുപ്പു കാലത്തെ ആസ്വാദ്യകരമാക്കാവുന്നതാണ്.