(under the aegis of Ashtanga Educational Trust)

The Leading Ayurveda Medical College Hospital & Research Center

യൂട്യൂബ്, വാട്സാപ് ടിപ്സുകൾക്ക് പിറകേ പോകരുത്, പി.സി.ഒ.എസ് അകറ്റാൻ പാലിക്കാം ഈ ശീലങ്ങൾ

This article was originally published here on Mathrubhumi.com on 24 January 2023.

പേര് സൂചിപ്പിക്കുന്നതു പോലെ അണ്ഡാശയത്തിനു പുറമെ, കുമിളകൾ പോലെ ഗ്രന്ഥികൾ കാണപ്പെടുന്ന അവസ്ഥയാണ് PCOS അഥവാ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം. തത്ഫലമായി ആർത്തവ ക്രമക്കേടുകൾ, വന്ധ്യത തുടങ്ങിയവ ഉണ്ടാകുന്നു.

എന്താണ് ആർത്തവം?

ശരീരത്തിൽ 2 അണ്ഡാശയങ്ങൾ ഉണ്ട്. അവ ഓരോന്നായി വലതും ഇടതും ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഓരോ മാസവും ഒരു ഭാഗത്തെ അണ്ഡാശയം ഒരു അണ്ഡത്തെ പൂർണവളർച്ചയെത്തിച്ച് പ്രത്യുത്പാദന സജ്ജമാക്കി ഗർഭാശയത്തിന്റെ ഭാഗമായ ഫലോപിയൻ ട്യൂബുകളിൽ (fallopian tube) എത്തിക്കുന്നു.

ഇതോടൊപ്പം തന്നെ ഗർഭാശയത്തിന്റെ ഏറ്റവും ഉള്ളിലെ രക്തധമനികൾ അടങ്ങിയ എൻഡോമെട്രിയം (endometrium) എന്ന layer ഉണ്ടാകാൻ പോകുന്ന ഭ്രൂണത്തെ സംരക്ഷിക്കാനായി കൂടുതൽ രക്ത സാന്നിധ്യത്തോടെ സജ്ജമാകുന്നു. പ്രത്യുത്പാദനം നടക്കാത്ത പക്ഷം 1-2 ദിവസത്തിൽ അണ്ഡം നശിച്ചുപോകുന്നു. തത്ഫലമായി endometrium layer ഉം നശിച്ചുവരുന്നു. ഇതിനെ പുറംതള്ളുന്നതാണ് രക്തസ്രാവമായി കാണുന്നത്.

ശരീരത്തിന്റെ ആരോഗ്യം ആർത്തവ പ്രക്രിയയിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിലെ ആന്തരിക അന്തരീക്ഷം ആരോ​ഗ്യപരമായി ഇരുന്നാൽ മാത്രമേ ഈ പ്രക്രിയകൾ ഓരോ മാസവും കൃത്യമായി നടക്കൂ.

അടുത്ത കാലത്തായി ആർത്തവ ക്രമക്കേടുകൾ കൂടുതലായി കണ്ടുവരുന്നു. സ്ത്രീകളിൽ വന്ധ്യതക്കുള്ള ഒരു മുഖ്യ കാരണം PCOS ആണ്.

കാരണങ്ങൾ?

 • ആഹാരവുമായി ബന്ധപ്പെട്ടവ
 • കൊഴുപ്പ് കൂടുതലായ ഭക്ഷണം കഴിക്കുക.

കൊഴുപ്പ് കൂടുതലായ ഭക്ഷണങ്ങളിൽ നോൺ-വെജിറ്റേറിയൻ ആഹാരവും എണ്ണയിൽ വറുത്ത ഭക്ഷണപദാർത്ഥങ്ങളും ഉൾപ്പെടുന്നു. ബർഗർ, കോള, പിസ തുടങ്ങിയ ന്യൂ ജനറേഷൻ ആഹാരശീലങ്ങൾ ദഹന വ്യവസ്ഥയേയും അതു വഴി ശരീരത്തിന്റെ സന്തുലിതാവസ്ഥയേയും താറുമാറാക്കുന്നതാണ്.

 • മധുര പലഹാരങ്ങൾ കൂടുതലായി കഴിക്കുക.
 • മുൻപ് കഴിച്ച ഭക്ഷണം ദഹിക്കുന്നതിനു മുൻപ് വീണ്ടും കഴിക്കുക

ശീലങ്ങളുമായി ബന്ധപ്പെട്ടവ

 • രാത്രി ഉറക്കമൊഴിക്കുക.
 • പകൽ ഉറങ്ങുക – സൂര്യോദയത്തിനു ശേഷം ഉണരാതിരിക്കുന്നതും പകലുറക്കത്തിൽ പെടുന്നു.
 • വിശക്കുമ്പോൾ കഴിക്കാതിരിക്കുക, വിശപ്പില്ലാത്തപ്പോൾ കഴിക്കുക.
 • രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്ന ശീലം ഇന്ന് സ്കൂളിൽ പോകുന്ന പല കുട്ടികളിലും കണ്ടുവരുന്നതാണ്. സമയക്കുറവാണ് മുഖ്യ കാരണമായി പറയപ്പെടുന്നത്. എന്നാൽ പിന്നീട് PCOS കാണപ്പെടുന്ന പലരിലും ഈ ശീലം ഉണ്ടായിരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.
 • രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ തിരിച്ച് വീട്ടിലെത്തിയാൽ മാത്രമേ മൂത്രമൊഴിക്കൂ എന്നതാണ് ചിലരുടെ രീതി. ശൗചാലയങ്ങളുടെ വൃത്തിക്കുറവ്, മടി , സങ്കോചം എന്നിവയാണ് ഇതിന്റെ കാരണം. PCOS കാണപ്പെടുന്ന കൗമാരക്കാരിൽ ഈ ശീലം കൂടുതലായി കാണുന്നു.
 • ശരീരത്തിന് ആയാസം നൽകുന്ന അദ്ധ്വാനം/ വ്യായാമം ഇല്ലാതിരിക്കുന്നത്.

മാനസികമായവ

 • കുടുംബത്തിലെയും ജോലിയുമായി ബന്ധപ്പെട്ടും മാനസിക സമ്മർദം അനുഭവിക്കുക.
 • ദേഷ്യം, സങ്കടം എന്നീ വികാരങ്ങളെ പ്രകടിപ്പിക്കാതെ അടക്കി വെക്കുന്നവർ.

ലക്ഷണങ്ങൾ

 • പലപ്പോഴും വിവാഹശേഷം ഗർഭിണി ആവുന്നില്ല എന്ന പ്രശ്നവുമായി ഡോക്ടറെ സമീപിക്കുമ്പോഴാവും PCOS ബാധിതയാണ് എന്ന് അറിയുന്നത്. തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചാൽ ചികിത്സ കുറേ കൂടെ സുഖകരവും ഗുണപ്രദവും ആയിരിക്കും.
 • മാസത്തിൽ ഒരിക്കൽ ആർത്തവം വരാതിരിക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ആർത്തവരക്തത്തിന്റെ നിറവും ശ്രദ്ധിക്കേണ്ടതാണ്. കറുപ്പ് / ബ്രൗൺ നിറത്തോടു ചേർന്ന രക്തം വരുന്നത് ആർത്തവത്തിന്റെ ശുദ്ധിക്കുറവിനെ കാണിക്കുന്നു. ആർത്തവ രക്തത്തിൽ കരടുകൾ കാണുന്നതും ശ്രദ്ധിക്കേണ്ടതാണ്. രക്തസ്രാവം കുറയുന്നതും കൂടുതലായി കാണുന്നതും അനാരോഗ്യത്തെ കാണിക്കുന്നു. 3 – 5 ദിവസം രക്തസ്രാവം ഉണ്ടാകുന്നതാണ് സ്വാഭാവികം. ഇതിൽ നിന്നും കൂടുതലായും കുറവായും കാണുന്നത് ആർത്തവചക്രത്തിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു.
 • ഇതോടൊപ്പം തന്നെ ശരീരഭാരം അധികമായി വർധിക്കുന്നത്. ശരീരത്തിൽ രോമങ്ങൾ കൂടുതലായി കാണുന്നത്, കഴുത്തിനു ചുറ്റും കറുപ്പുനിറം കാണപ്പെടുന്നത് തുടങ്ങിയവയും പ്രത്യേകം ശ്രദ്ധിക്കണം.

ചികിത്സ

വ്യക്തിയുടെ ആഹാരരീതികളും ജീവിതശൈലിയും അനുസരിച്ചായിരിക്കും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന രോഗാവസ്ഥയും. അതിനാൽ തന്നെ എല്ലാ PCOS രോഗികൾക്കും ഒരേ ചികിത്സ എന്നത് പ്രാവർത്തികമല്ല.

അധികം കൊഴുപ്പ് കഴിക്കുന്ന, ഒട്ടും ശാരീരിക അദ്ധ്വാനം ചെയ്യാത്ത ആളുകളിൽ മേദസിന് വൃദ്ധിയും ദുഷ്ടിയും ഉണ്ടാവും. ഇവരിൽ മേദസിന് ശുദ്ധി വരുത്തുക എന്നതാണ് ചികിത്സാസൂത്രം. ഭക്ഷണം സമയത്ത് കഴിക്കാത്ത, അധികമായി അധ്വാനം ചെയ്യുന്ന ഒരു സ്ത്രീയിൽ വീണ്ടും മേദസിനെ കുറക്കുന്ന ചികിത്സ ആവശ്യമില്ല. അവിടെ വാതഹരവും ബൃഹത്തും ആയിരിക്കണം ചികിത്സ. ഇപ്രകാരം ഓരോ വ്യക്തിയുടേയും രോഗം ഉണ്ടാക്കുന്ന രീതി അനുസരിച്ചായിരിക്കണം ചികിത്സാ ക്രമം. അതു കൊണ്ട് ഡോക്ടറുടെ നിർദേശ പ്രകാരം ഉള്ള മരുന്നുകൾ സേവിക്കേണ്ടതാണ്. Youtube, whatsapp എന്നിവയിൽ കാണുന്ന വിദ്യകൾ പ്രവർത്തിക്കണം എന്നില്ല.

വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • ആർത്തവചക്രത്തെ കുറിച്ച്, കൃത്യമായ അറിവ് കുട്ടികൾക്ക് നൽകേണ്ടതാണ്. സ്വാഭാവികമായി ഉണ്ടാകേണ്ട കാര്യങ്ങളെ പ്രത്യേകം മനസ്സിലാക്കി കൊടുക്കേണ്ടതാണ്. ഇതിൽ നിന്നും വ്യത്യസ്തമായി കാണുമ്പോൾ മാതാപിതാക്കളെ ഉടൻ തന്നെ അറിയിക്കാൻ നിർദേശിക്കേണ്ടതാണ്.
 • ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിൻതുടരുക. നാം കഴിക്കുന്ന ഭക്ഷണപദാർഥങ്ങളാണ് നമ്മുടെ രക്തവും മാംസവും അസ്ഥിയും മറ്റു അവയവങ്ങളുമായി പരിണമിക്കുന്നത്. നല്ല ആഹാരവും നല്ല ദഹന വ്യവസ്ഥയും ഉണ്ടെങ്കിൽ മാത്രമേ എല്ലാ അവയവങ്ങളുടേയും ആകാരഭംഗി നിലനിർത്താനാവൂ.
 • മലം, മൂത്രം തുടങ്ങിയ ശാരീരിക വേഗങ്ങളെ തടുക്കാതിരിക്കുക. ആരോഗ്യം നിലനിർത്താനായി ശരീരം പ്രകടിപ്പിക്കുന്ന അഭിവാഞ്ജകളാണ് വേഗങ്ങൾ. ഇവ തടുക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക കർമ്മങ്ങളെ തടസ്സപ്പെടുത്തുന്നു.
 • കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ പ്രത്യകം ശ്രദ്ധിക്കണം. രാവിലത്തെ ഭക്ഷണം പ്രത്യേകിച്ചും.
 • ശരീരത്തിന് അനുയോജ്യമായ തരത്തിലുള്ള വ്യായാമം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. സ്കൂൾ കുട്ടികൾക്കും ഇത് ബാധകമാണ്.
 • ഉറക്കത്തിന്റെ കാര്യത്തിലും ചിട്ടയോടു കൂടിയ ശൈലി പിൻതുടരുക.
 • ശാരീരികവും മാനസികവും ആയ പിരിമുറുക്കങ്ങളെ നേരിടാൻ ഉള്ള യോഗ തുടങ്ങിയ മാർഗങ്ങൾ പിൻതുടരുക.