(under the aegis of Ashtanga Educational Trust)

The Leading Ayurveda Medical College Hospital & Research Center

കർണ്ണ രോഗങ്ങൾ ആയുർവ്വേദത്തിലൂടെഅറിയേണ്ടതെല്ലാം……..

 


Dr.Aswin T Das, MS (Ay), PGDY

Assistant Professor& Consultant

Dept. of Shalakyatantra (ENT& Ophthalmology)

Ashtamgam Ayurveda Chikitsalayam and Vidyapeedham

Vavannoor, Palakkad


കർണ്ണ രോഗങ്ങൾ ആയുർവ്വേദത്തിലൂടെഅറിയേണ്ടതെല്ലാം……..

 

ഇഷ്ട സംഗീതവും സംഭാഷണങ്ങളും കിളികളുടെ മധുര നാദങ്ങളും, രാഗതാളങ്ങളും നമുക്ക് അനുഭവവേദ്യമാക്കുന്നത് ശ്രവണേന്ദ്രിയമാണ്. കേവലം കേൾവിശക്തി പ്രദാനം ചെയ്യുക മാത്രമല്ല ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്നതിലും ചെവി സാരമായ പങ്ക് വഹിക്കുന്നു.

അധികമായുള്ള മഞ്ഞു കൊള്ളൽ, ക്ലോറിൻ മുതലായ രാസവസ്തുക്കൾ കലർന്ന വെള്ളത്തിലെ മുങ്ങിക്കുളി, ഈർക്കിൽ മുതലായ വസ്തുക്കൾ ഉപയോഗിച്ചുള്ള ചെവി ചൊറിച്ചിൽ, ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുക, ദീർഘനേരമുള്ളHeadset ഉപയോഗം എന്നിവ കർണ്ണ രോഗത്തിലേക്കുള്ള കാരണങ്ങൾ ആവാം .

 

കമ്പിളിപ്പുതപ്പ് …..കമ്പിളിപ്പുതപ്പ്…. കേൾക്കുന്നില്ല …കേൾക്കുന്നില്ല ….

 

വെടി പൊട്ടുന്ന ഒച്ചയിൽ സംസാരിച്ചിട്ടും ഇങ്ങേർക്ക് ഇതെന്താ ഒന്നും കേൾക്കുന്നില്ലല്ലോ? പലപ്പോഴും നമ്മളിൽ ചിലരെങ്കിലും ഇത് പറയുന്നത് കേട്ടിട്ടുണ്ടാകും.ഇത്കേൾവിക്കുറവിന്റെ ലക്ഷണമാണ്. കേൾവിക്കുറവിനെ പൊതുവേ Conductive hearing loss(ശബ്ദവീചികളുടെ സഞ്ചരണത്തിലുണ്ടാകുന്ന മാർഗ്ഗ തടസ്സം കൊണ്ട് ഉണ്ടാകുന്ന കേൾവിക്കുറവ്) Sensory neural hearing loss ( ആന്തര കർണ്ണത്തിലെ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന കേൾവിക്കുറവ്) എന്നും തരം തിരിച്ചിട്ടുണ്ട്.

ഇതിൽ Conductive hearing loss മിക്കവാറും ശബ്ദപഥത്തിലെ തടസ്സങ്ങൾ നീക്കം ചെയ്താൽ മാറുന്നവയാണ്.ഉദാഹരണത്തിന് ചെവിക്കായം മൂലമുണ്ടാകുന്ന ചെവിയടപ്പ് , മധ്യ കർണ്ണത്തിലെ കുഞ്ഞൻ അസ്ഥികളുടെ ക്രമീകരണത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, കർണ്ണ പടത്തിലെ സുഷിരങ്ങൾ, മധ്യകർണ്ണത്തിൽ Fluid കെട്ടി കിടക്കുക എന്നീ കാരണങ്ങൾ കൊണ്ടും Conductive Hearing loss ഉണ്ടാകാം.യുക്തമായ വൈദ്യസഹായം തേടുകയാണെങ്കിൽ ഈ സ്ഥിതി മാറി കേൾവി തിരിച്ച് ലഭിക്കുന്നതാണ്.

ആന്തര കർണ്ണത്തിലെ പ്രശ്നങ്ങൾ കൊണ്ടുണ്ടാക്കുന്ന കേൾവിക്കുറവാണ് sensory neural hearing loss.ശബ്ദ തരംഗങ്ങളിൽ നിന്നുള്ള ചോതനകളെ തലച്ചോറിലേക്ക് എത്തിക്കുന്നതിലുള്ള തകരാറുകളാണ് ഇതിന് കാരണം.ഇവ പ്രായാധിക്യം കൊണ്ട് ഉണ്ടാക്കുന്ന കേൾവിക്കുറവായPresbycusisതുടങ്ങിയവയിൽ കാണാവുന്നതാണ്.ചെവിയിലെ അണുബാധ ചികിത്സിക്കാതിരുന്നാൽ അത് ആന്തര കർണ്ണത്തിലേക്ക് പടരുകയും ലാബ്രിന്തൈറ്റിസ് പോലുള്ള അസുഖങ്ങൾക്ക് കാരണമായി കേൾവിക്കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇവയ്ക്ക് പുറമെ ബോംബ് ബ്ലാസ്റ്റ് ഇഞ്ച്വറികൾ, വലിയ ആവൃത്തിയിൽ ഉള്ള ശബ്ദവീചികൾ, ദീർഘ നേരമുള്ള ഇയർ ഫോൺ ഉപയോഗം എന്നിവ ആന്തര കർണ്ണത്തിലെ ദ്രാവകങ്ങളിലും കോശങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കി സ്ഥിരമായ കേൾവി ക്കുറവിലേക്ക് നയിച്ചേക്കാം.

പ്രായമായവരിലുംകുട്ടികളിലുംകേൾവിക്കുറവിന്റെ തീവ്രത അനുസരിച്ച് നെയ്യ് സേവ, ച്യവനപ്രാശം, മധുസ്നുഹി പോലുള്ള രസായനങ്ങൾ, മൂക്കിൽ അണുതൈലം, ഷഡ് ബിന്ദു തൈലം തുടങ്ങിയവ ഉപയോഗിച്ചുള്ള നസ്യം/പ്രതിമർശ്ശനസ്യം, തലക്കെണ്ണ, ചെവിയുടെ പുറമെയുള്ള അഭ്യംഗം, ചെവിയിൽ എണ്ണ നിറുത്തൽ(കർണ്ണ പടത്തിന് സുഷിരമില്ലെങ്കിൽ), ചെവിയ്ക്കുള്ളിൽ എണ്ണപുരട്ടൽ മുതലായവവൈദ്യ നിർദ്ദേശപ്രകാരം ശീലിക്കുന്നത് വഴി ഒരു പരിധി വരെ കേൾവിക്കുറവ് നിയന്ത്രിക്കാൻ സാധിക്കും.

കുട്ടികളിലെ കേൾവിക്കുറവ് തുടക്കത്തിലെ തന്നെ കണ്ടെത്തി ചികിത്സ തുടങ്ങേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് എന്നന്നേക്കുമുള്ള കേൾവി ക്കുറവിലേക്ക് നയിച്ചേക്കാം. ടെലിവിഷൻ വളരെ ഉച്ചത്തിൽ കേൾക്കുക . ഏറെ നേരം വിളിച്ചാലും കേൾക്കാതിക്കുക എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ ചെവി ടെസ്റ്റിംഗ്(ഓഡിയോമെട്രി) നടത്തേണ്ടതാണ്. കേൾവി ക്കുറവിന്റെ തീവ്രതയ്ക്ക് അനുസരിച്ച് ആയുർവ്വേദചികിത്സകൾ പ്രയോഗിക്കാം.തലയിലും ചെവിയുടെ പുറകിലും, ദേഹത്തും എണ്ണ തേച്ചുള്ള കുളി കുട്ടികളിൽ ചെറുപ്പം മുതലെ തന്നെ ശീലിപ്പിക്കേണ്ടതുണ്ട്.

ഹോ ..എന്തൊരു മൂളലാണ് ചെവിയ്ക്കകത്ത് …….

മിക്ക ആളുകളും പറയുന്ന ഒരു പ്രശ്നമാണ് ചെവിയിൽ വണ്ട് മൂളുന്നത് പോലെ അല്ലെങ്കിൽ ചെണ്ടകൊട്ടുന്നത് പോലെയുള്ള ശബ്ദങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന്. ഈ അവസ്ഥയ്ക്ക് കർണ്ണനാദം അഥവാ Tinnitus എന്ന് പറയുന്നു. ഇവ ബാധിര്യം( കേൾവി നാശം) എന്ന രോഗത്തിലേക്കുള്ള ആദ്യ സൂചനയാകാം. സൂചനകളെ ശ്രദ്ധിച്ച് ഉടൻ തന്നെ വൈദ്യസഹായം തേടി പ്രശ്നം പരിഹരിക്കുന്നതാണ് അഭികാമ്യം.ക്ഷാരതൈലം,സർഷപതൈലം, ഏരണ്ഡാദി തൈലം, തുടങ്ങിയ ഔഷധങ്ങൾ ഉപയോഗിച്ചുള്ള കർണ്ണ പൂരണവും, ഗുഗുലുതിക്തകംഘൃതം,ധാന്വന്തരം ഘൃതം തുടങ്ങിയവ കൊണ്ടുള്ള നെയ്യ്സേവയുംവൈദ്യനിർദ്ദേശപ്രകാരം പ്രയോഗിക്കാവുന്നതാണ്.

ചെവിപഴുപ്പ്

ചെവിയിൽ ഈർക്കിൽ,ൈസ്ലഡ്,തൂവൽ മുതലായവ ഉപയോഗിച്ചുള്ള ചൊറിച്ചിൽ നിമിത്തം ബാഹ്യ കർണ്ണത്തിൽ മുറിവുകൾ ഉണ്ടായേക്കാം. ഇവ ചികിത്സിച്ചില്ലെങ്കിൽ അണുബാധ ഉണ്ടാകാം, (ഈ അവസ്ഥയെഓട്ടൈറ്റിസ് എക്സ്റ്റേണ എന്ന് പറയുന്നു). കൂടാതെ യൂസ്റ്റ്യേഷ്യൻ ട്യൂബിലെ തടസ്സം മൂലമുണ്ടാകുന്ന മധ്യകർണ്ണത്തിലെ പഴുപ്പ് കർണ്ണ പടത്തിൽ സുഷിരങ്ങൾ ഉണ്ടാക്കി ബാഹ്യകർണ്ണത്തിലേക്കും വരാംഇവ ASOM,CSOM എന്നീ അവസ്ഥകളാണ്. ഇവയിൽ ചെവിയിലെ പഴുപ്പ് പുറത്തെടുത്ത ശേഷം കർണ്ണപഥത്തെ ഉണക്കി സംരക്ഷിക്കുന്നതിനായി ഗുഗുലു മുതലായവ ഉപയോഗിച്ചുള്ള ചെവി പുകയ്ക്കൽ(കർണ്ണ ധൂപനം), ഔഷധയുക്തമായ തിരി വയ്ക്കൽ, ലേപനങ്ങൾ തുടങ്ങിയവ ചെയ്യേണ്ടതാണ്.കൂടാതെ ഉള്ളിലേക്ക്അണുബാധ കുറയ്ക്കുന്നതിനും വേദന ശമിപ്പിയ്ക്കുന്നതിനുമുള്ള ഗുഗുലു പഞ്ചപല ചൂർണ്ണം, നിർഗുണ്ഢ്യാദി കഷായംതുടങ്ങിയ ആയുർവ്വേദ ഔഷധങ്ങൾവൈദ്യ നിർദ്ദേശപ്രകാരം പ്രയോഗിക്കാവുന്നതാണ്.

 

 

ചെവിയ്ക്കകത്ത് ഒരു ചൊറിച്ചിൽ ആ ഇയർ ബഡ്സ് ഇങ്ങ് എടുത്തേ ……

 

ഏവരും സംശയത്തോടെ കാണുന്ന ഒരു വസ്തുവാണ് ചെവിയിലെ മെഴുക് അഥവാ ചെവിക്കായം. ചെവിയുടെ പുറത്തു നിന്നു തുടങ്ങി കർണ്ണ പടം വരെയുള്ള കുഴൽ പോലെയുള്ള ഭാഗത്ത് പൊടി , പ്രാണികൾ എന്നിവയെ തടയുവാനായി ശരീരം പുറപ്പെടുവിക്കുന്ന സ്രവമാണ് ചെവിക്കായം. അത് കുറേശ്ശെയായി പുറത്തേക്ക് പോയിക്കൊണ്ടിരിക്കും, പുറത്തേക്ക് എടുക്കേണ്ട കാര്യമില്ല. മിക്കവാറും ബഡ്സ് , സ്ലൈഡ്, സേഫ്റ്റി പിൻ, ഈർക്കിലി, മുതലായവ ഉപയോഗിച്ച് ചെവിക്കായം പുറത്തെടുക്കുന്നത് മിക്കവരുടേയും ശീലമാണ്. ഇതു വഴി കർണ്ണ പടത്തിൽ പോറൽ, സുഷിരങ്ങൾ, അണു ബാധ എന്നിവ ഉണ്ടായേക്കാം. ചിലർക്ക് ചെവിക്കായം (Ear wax ) വളരെ കട്ടികൂടി കർണ്ണപഥത്തിൽ (Impacted wax) കേൾവി ക്കുറവ് ഉണ്ടാക്കാം.

ഇത്തരം അവസ്ഥയിൽ ചെവിക്കായം അലിയുന്നതിനായി വിദഗ്ധ വൈദ്യ നിർദ്ദേശത്തോടെ ചെവിയിൽ എണ്ണ നിറുത്താവുന്നതാണ് (കർണ്ണ പടത്തിൽ സുഷിരങ്ങൾ ഇല്ല എന്ന് ഉറപ്പ് വരുത്തണം). മിക്കപ്പോഴും ബഡ്സ് ഉപയോഗിച്ച്  ചെവിക്കായം എടുക്കാൻ ശ്രമിച്ച് പുറത്ത് വരേണ്ടിയിരുന്ന ചെവിക്കായത്തെ ഉള്ളിലേക്ക് തള്ളി വയ്ക്കുകയാണ് പലരും ചെയ്യുന്നത്. അതുകൊണ്ട് ബഡ്സിനോട് വിട പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആയുർവേദവിധി അനുസരിച്ച് തലയിൽ എണ്ണ തേക്കുമ്പോൾ കുറച്ച് ചെവിയുടെ പുറകിലും, ചെവിയുടെ ദ്വാരങ്ങളിലും തേച്ച് കൊടുക്കാവുന്നതാണ്,ഇത് ചെവിയുടെ ആരോഗ്യത്തിന് വളരെ ഉചിതമാണ്. ഇത് വഴി ചെവിക്കായം അയയുവാനും, തനിയെ പുറത്ത് പോകുവാനും ഇടയാവുകയും ചെവിയിലെ ചൊറിച്ചിൽ മുതലായവ മാറുവാനും സഹായിക്കുന്നു.

 

 

ഇയർ ബാലൻസ്

 

ആന്തര കർണ്ണത്തില വെസ്റ്റിബ്യൂൾ, സെമി സർക്കുലാർ കനാലുകൾ തുടങ്ങിയവ ആണ് ബാലൻസ് നിയന്ത്രിക്കുവാൻ നമ്മെ സഹായിക്കുന്നത്. ഇവയുടെ തകരാറു മൂലമാണ് പൊതുവേ തലകറക്കം ഉണ്ടാകുന്നത്. അവസ്ഥയ്ക്ക് അനുസരിച്ച് രാസ്നാദി , കച്ചൂരാദി ചൂർണ്ണങ്ങൾ ഉപയോഗിച്ചുള്ള തളങ്ങൾ , ക്ഷീരബല തുടങ്ങിയ നസ്യ പ്രയോഗങ്ങൾ, ശിരോധാര ശിരോവസ്തി , കർണ്ണ പൂരണം, മുതലായ ചികിത്സാ ക്രമങ്ങൾ വഴി തലക്കറക്കത്തെ അകറ്റി നിറുത്താം.

 

 ജലദോഷവും മൂക്കടപ്പും ഉണ്ടാകുമ്പോൾ നമ്മുടെ ചെവി അടയുന്നതായി തോന്നാറുണ്ടല്ലോ? മധ്യകർണ്ണത്തെ മൂക്കുമായി ബന്ധിപ്പിക്കുന്ന യൂസ്റ്റ്യേഷ്യൻ ട്യൂബിൽ തടസ്സമുണ്ടാകുന്നതാണ്ഇതിനു കാരണം. മൂക്കിൽ നിന്ന് ചെവിയിലേക്കും തിരിച്ചും വായുവിന് സഞ്ചരിക്കാൻ രണ്ടറ്റവും തുറന്ന് കിടക്കുന്ന ഈ കുഴൽ സഹായിക്കും. ഇതുകാരണമാണ് കർണ്ണ പടത്തിന് ഇരുപുറമുള്ള ബാഹ്യ കർണ്ണത്തിലേയും മധ്യകർണ്ണത്തിലേയും മർദ്ദം അന്തരീക്ഷമർദ്ദത്തിനു തുല്യമായി നിലനിൽക്കാൻ കാരണം. എന്നാൽ പനി, ജലദോഷം ഉണ്ടാകുമ്പോൾ ഈ കുഴലിൽ അടവുണ്ടാവുകയും വായുവിന്റെ സഞ്ചാരത്തിന് തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. മധ്യ കർണ്ണത്തിലെ തടസപ്പെട്ട വായു പതിയെ ആഗീരണം ചെയ്യപ്പെടുന്നു. അതുവഴി കർണ്ണ പടത്തിന്റെ കമ്പന ശക്തി താൽക്കാലികമായി കുറഞ്ഞ് ചെവിയടപ്പ് അനുഭവപ്പെടുന്നു. പർവ്വതങ്ങളും ചുരങ്ങളും കയറുമ്പോഴും, വിമാന യാത്രയിലും ചെവി അടയുന്നതും കേൾവി കുറയുന്നതും യൂസ്റ്റേഷ്യൻ ട്യൂബിലെ അടവാണ്.

 

ചെവിയിൽ പ്രാണി പോയാൽ

ചെവിയിൽ പ്രാണി പോയാൽ പ്രാണിയെ ചെവിയ്ക്കുള്ളിൽ വച്ച് തന്നെ നശിപ്പിക്കുകയാണ് ആദ്യ പടി. അതിനായി നേർപ്പിച്ച ഉപ്പുവെള്ളം ചെവിയിൽ ചെറു ചൂടോടു കൂടി ഒഴിച്ച് കൊടുക്കാം. പ്രാണിയുടെ ചലനം നിലച്ചെന്ന് ഉറപ്പ് വരുത്തിയതിന്ശേഷം വൈദ്യ സഹായത്തോടു കൂടി പ്രാണിയെ പുറത്തെടുക്കുക. ചെവിയിൽ മുറിവുകൾ ബാധിച്ചിട്ടുണ്ടെങ്കിൽ മുറിവെണ്ണ,ജാത്യാദി ഘൃതം , ദുർവ്വാ ഘൃതം മുതലായ ഔഷധങ്ങൾ മുറിവിന് മുകളിൽ പുരട്ടാവുന്നതാണ്.

 

ആയുർവേദമല്ലേ ചെവിയിൽ കുറച്ച് എണ്ണ നിറുത്തിയേക്കാം …

ഇത് ഒരു തെറ്റിദ്ധാരണയാണ്. എല്ലാ കർണ്ണ രോഗങ്ങളിലും കർണ്ണ പൂരണം (ചെവിയിൽ എണ്ണ നിറുത്തൽ)സാധ്യമല്ല. ബാഹ്യ കർണ്ണത്തിലെ കർണ്ണ പടം തകരാറിലല്ല, കർണ്ണപഥത്തിൽ അണുബാധ ഇല്ല എന്നും വൈദ്യ സഹായത്തോടെ ഉറപ്പു വരുത്തിയാൽ മാത്രമേ കർണ്ണ പൂരണം ചെയ്യാവൂ. അല്ലാത്ത പക്ഷം അത് അണുബാധ വർദ്ധിപ്പിക്കുകയും ക്രമേണ ബാധിര്യത്തിലേയ്ക്ക് നയിക്കുകയും ചെയ്തേക്കാം.

 

ചികിത്സകൾ

ആയുർവ്വേദ ശാസ്ത്രത്തിൽ കേൾവി ക്കുറവിന് ഫല പ്രദമായ ചികിത്സകൾ ഉണ്ട്. ആയുർവേദം എന്നത് കേവലം ചികിത്സ മാത്രമല്ല ജീവിത രീതി കൂടിയാണ്. രോഗിയുടെജീവിത ശൈലിയിൽ മാറ്റം വരുത്തുന്നതിനോടൊപ്പം ആയുർവ്വേദ ചികിത്സാ ക്രമങ്ങൾ കൂടിയായാൽ ഒരു പരിധി വരെ കേൾവിശക്തി തിരിച്ച് പിടിക്കാവുന്നതാണ്.ചികിത്സയും പഥ്യക്രമവും ആശുപത്രിവാസത്തിന്റെദൈർഘ്യവും രോഗികൾക്കനുസരിച്ച് മാറാവുന്നതാണ്.

എണ്ണയിട്ട് തിരുമ്മൽ, ശിരോധാര, ശിരോപിചു , ലേപനങ്ങൾ, കർണ്ണ പൂരണം(ചെവിയിൽ എണ്ണ നിർത്തൽ )വസ്തി ,നസ്യം, വമനം ,വിരേചനം , തുടങ്ങിയ പഞ്ചകർമ്മ ചികിത്സകൾ ഔഷധം കവിൾ കൊള്ളൽ അതിൽ ചിലതാണ്. തുടർച്ചയായ ചികിത്സകളും ജീവിതചര്യയിൽ വരുത്തേണ്ട മാറ്റങ്ങളും അനുസരിച്ചാൽ കേൾവിക്കുറവ് ഒരു ബാലികേറാമലയല്ല. രോഗിയുടെ ബലവും രോഗാവസ്ഥയും മനസ്സിലാക്കി ചികിത്സിച്ചാൽ ഭേദമാകും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ ആയുർവ്വേദത്തിൽ ചികിത്സ നിശ്ചയിക്കാറുളളു.അല്ലാത്ത പക്ഷം മറ്റു ശാസ്ത്ര ശാഖകളുടെ സഹായത്തിനായി രോഗികളെ അയക്കുന്നു.

എല്ലാ കർണ്ണ രോഗങ്ങളിലും നെയ്യ് സേവിയ്ക്കൽ, ശരീരശോധനത്തിന് ശേഷമുള്ള രസായന ചികിത്സ, പഥ്യക്രമങ്ങൾ എന്നിവ നിർദ്ദേശിക്കാറുണ്ട്. കഴിവതും കർണ്ണ രോഗമുള്ളവർ പ്രത്യേകിച്ച് ചെവിയിൽ അണു ബാധ ഉള്ളവർ തല കുളി, തല വിയർക്കുന്നതു പോലുള്ള വ്യായാമങ്ങൾ, ദീർഘനേരമുള്ള ഫാനിന്റെ ചുവട്ടിലുള്ള കിടപ്പ്,അധിക നേരം ഉച്ചത്തിൽ സംസാരിക്കുക, കട്ടിയുള്ള, ഉൾപ്പുഴുക്ക് ഉണ്ടാക്കുന്ന ആഹാര സാധനങ്ങൾമുതലായവഒഴിവാക്കിയാൽ നന്ന്. മലം, മൂത്രം എന്നീ വേഗങ്ങളെ പിടിച്ച് വയ്ക്കുന്നത് ഒഴിവാക്കാം.ഭക്ഷണത്തിൽകൂടുതലായും ഗോതമ്പ്, ബാർലി, ഉഴുന്ന്, ചെന്നല്ലരി,മുരിങ്ങ,പടവലം, തഴുതാമ, വഴുതനങ്ങ തുടങ്ങിയവ ഉപയോഗിക്കാം. വിരുദ്ധാഹാരം, കഫം വർദ്ധിപ്പിക്കുന്ന തൈര്, മീൻ പോലുള്ളവ, അധികം എണ്ണമയമുള്ള ആഹാര സാധനങ്ങൾ, ബഡ്സ് മുതലായവ ഉപയോഗിച്ചുള്ള ചെവി ചൊറിച്ചിൽ , മഞ്ഞേൽക്കൽ, മുങ്ങിക്കുളി എന്നിവ ഒഴിവാക്കാം.

കർണ്ണരോഗങ്ങൾ വരാതിരിക്കാനായി വൈദ്യ നിർദ്ദേശപ്രകാരം കേരതൈലങ്ങൾ തലക്കെണ്ണ ആയി ഉപയോഗിക്കാവുന്നതാണ്. അതേ എണ്ണ ചെവിയുടെ പുറകിലും, ചെവിയുടെ ഉൾവശത്തും പുരട്ടാവുന്നതാണ്. യൂസ്റ്റേഷ്യൻടൂബിന്റെ അടവ് മാറ്റുന്നതിനായി 2 നേരം തുളസി, മഞ്ഞൾ പൊടി ചേർത്ത് ആവി പിടിക്കുന്നതും ത്രിഫല കഷായത്തിൽ ഇന്തുപ്പ് / ഉപ്പ് ചേർത്തുള്ള കവിൾ കൊള്ളലുമാകാം.ചെവിയിൽ ചെവിക്കായം അടിഞ്ഞ് കൂടിയിട്ടുണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ വൈദ്യ സഹായത്തോടെ പുറത്തെടുക്കാം.ചെവിയുടെ ഉൾവശം കഴിവതും നനവില്ലാതെ ഉണക്കി സൂക്ഷിക്കുന്നത്(അതിനായി കുളിക്കുമ്പോൾ ചെവിയിൽ പഞ്ഞി വയ്ക്കാം)  വഴി ഫംഗസ് രോഗങ്ങളെ തടയാം.

NB: ലേഖനത്തിൽ പറഞ്ഞിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമെ ഉപയോഗിക്കാൻ പാടുള്ളു.