The Leading Ayurveda Medical College Hospital & Research Center
Search

World Autism Awareness Day – 2021

 






ഓട്ടിസം എങ്ങനെ തിരിച്ചറിയാം.  ആയുർവേദ ചികിത്സാരീതി.

    ഓട്ടിസം എന്ന അവസ്ഥയെ പറ്റിയുള്ള അവബോധം പൊതുസമൂഹത്തിൽ വളർത്തുന്നതിനായി ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കപ്പെടുന്നു. ഓട്ടിസം എന്നത് ഒരു രോഗാവസ്ഥയല്ല മറിച്ച് തന്നിലേക്ക് തന്നെ ഉൾവലിയുന്ന ഒരു സ്വഭാവ വൈകല്യമാണ് എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 1943- ലിയോ കാനർ എന്ന മനോരോഗ വിദഗ്ധനാണ് ആദ്യമായി അവസ്ഥയെ ഓട്ടിസം എന്ന് നാമകരണം ചെയ്ത് അവതരിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിൽ ജനിക്കുന്ന 160 കുട്ടികളിൽ ഒരാൾ എന്ന വീതം ഓട്ടിസം ബാധിതനായി ജനിക്കുന്നു. ഓട്ടിസം ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഓരോരോ വർഷങ്ങൾ പിന്നിടും തോറും  കൂടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ കണക്കുകളും ഒട്ടും തന്നെ ആശാവഹമല്ല. മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ നിമിത്തം ആശയഗ്രഹണം, ആശയവിനിമയം, സാമൂഹീകരണം എന്നീമൂന്നു മേഖലകളിൽ പ്രകടമായ വ്യത്യാസങ്ങൾ ഓട്ടിസം കുട്ടികളിൽ ഉണ്ടാകുന്നു. ഇതിൽ കൂടുതലും ആൺകുട്ടികൾ ആണ്. അഞ്ചു ഇരട്ടിയാണ് ആൺകുട്ടികളിൽ പെൺകുട്ടികളേക്കാൾ രോഗസാധ്യത. ഓട്ടിസം ചികിത്സയിൽ ഏറ്റവും പ്രാധാന്യം നേരത്തെ തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു മികച്ച പരിചരണം നൽകുക എന്നതാണ്. എന്നാൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് മാതാപിതാക്കൾ ഓട്ടിസം തിരിച്ചറിയാൻ പലപ്പോഴും വൈകുന്നതായാണ്. ഓട്ടിസം നേരത്തെ തിരിച്ചറിയുന്നതിന് താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കുകയും ഉണ്ടെങ്കിൽ  വിദഗ്ധാഭിപ്രായം തേടേണ്ടതുമാണ്.

  • മാതാപിതാക്കളോട് സാധാരണ കുട്ടികളിൽ കാണുന്നപോലെയുള്ള വൈകാരിക അടുപ്പം കാണിക്കാതിരിക്കുക. മിക്കപ്പോഴും മാതാപിതാക്കൾ സ്നേഹപൂർവ്വം തൊടുന്നതും കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നതും ഇക്കൂട്ടർ ഇഷ്ട്ടപെടുകയേ ഇല്ല. ചില സമയങ്ങളിൽ യാതൊരു പ്രതികരണവും കാണാറില്ല.
  • പേര് വിളിച്ചാൽ പ്രതികരിക്കാതിരിക്കുക. ആരെങ്കിലും സംസാരിക്കുമ്പോൾ ബധിരരെ പോലെ അങ്ങോട്ട് ശ്രദ്ധിക്കാതിരിക്കുക.
  • ചുറ്റുപാടുകളുമായി ഇണങ്ങാൻ താൽപ്പര്യം ഇല്ലായ്.
  • കുഞ്ഞിന് ആവശ്യമാണെങ്കിൽ പോലും ഒരു വസ്തു ആവശ്യപ്പെടാനോ കൈ ചൂണ്ടി പറയാനോ കഴിയില്ല. അതിന് പകരം കുഞ്ഞു മുതിർന്നവരെ വസ്തുവിന്റെ അടുക്കലേക്ക് വലിച്ച് കൊണ്ടുപോവുകയാണ് ചെയ്യുക.
  • മറ്റുള്ളവരുടെ കണ്ണിൽ നോക്കി ആശയവിനിമയം നടത്താതിരിക്കുക.
  • ആശയവിനിമയ രീതിയിൽ ഉള്ള വ്യത്യാസങ്ങൾ. ചില കുട്ടികളിൽ സംസാര ശേഷി പൂർണമായും ഇല്ലാതിരിക്കുക.
  • ആംഗ്യ ഭാഷ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുക.
  • ഒറ്റക്കിരുന്ന് കളിക്കാനാണ് ഇവർക്ക് താൽപ്പര്യം. സമപ്രായക്കാരായ കുഞ്ഞുങ്ങളുമൊത്തു കളിക്കാനോ, എന്തിന് അവരെ തിരിച്ചറിയാനോ അവരോട് ബന്ധം സ്ഥാപിക്കാൻ പോലും ഇവർക്ക് കഴിയില്ല.
  • കളിപ്പാട്ടങ്ങളിൽ താൽപ്പര്യം ഇല്ലാതിരിക്കുക. ഉണ്ടെങ്കിൽ തന്നെ വരിവരിയായി അടുക്കി വെക്കുക, വട്ടം കറക്കുക, നിലത്തിട്ട് അടിക്കുക എന്നിവയാണ് പ്രധാനമായും ആസ്വദിക്കുക.
  • ചില വസ്തുക്കളോട് അത്യധികമായ അടുപ്പം കാണിക്കുന്നു. മറ്റു സാധാരണ കുട്ടികൾക്ക് ഒരു താൽപ്പര്യവും ഉളവാക്കാത്ത വസ്തുക്കളായിരിക്കാം ഇവ. ഉദാഹരണത്തിന് പാത്രങ്ങൾ, ഷൂസ്, വടി മുതലായവ.
  • സ്ഥിരമായി ചെയ്യുന്ന പ്രവൃത്തികളിൽ നിന്നും മാറാനുള്ള വിമുഖത.
  • അസാധാരണമായ ചില ശാരീരിക ചലനങ്ങൾ ആവർത്തന വിരസതയില്ലാതെ ചെയ്തുകൊണ്ടിരിക്കുക.
  • അമിതമായ ഭയം, ഉത്കണ്ഠ, ചിരി, കരച്ചിൽ എന്നിവ അകാരണമായി പ്രകടിപ്പിക്കുക.
  • ചില കുഞ്ഞുങ്ങൾക്ക് ശരീരത്തിൽ മുറിവുകൾ പറ്റിയാൽ പോലും വേദന എടുക്കുന്നതായി തോന്നുകയേ ഇല്ല.
  • കുഞ്ഞിനോട് പറയുന്ന വാക്കുകളും  ചോദിക്കുന്ന ചോദ്യങ്ങളും കുഞ്ഞു തന്നെ തിരിച്ച് ആവർത്തിച്ച് പറയുക.
  • ഇന്ദ്രിയ സംവേദനങ്ങളോട് അസാധാരണമായി പെരുമാറുക. ഉദാഹരണത്തിന് ശബ്ദത്തിനുണ്ടാകുന്ന ചെറിയ വ്യതിയാനം ഇവരിൽ ചിലരെ അസ്വസ്ഥരാക്കുന്നത് കാണാം. എന്നാൽ മറ്റു ചിലരിൽ വലിയ ശബ്ദത്തോട് പോലും പ്രതികരണം ഇല്ലാതിരിക്കാം. ഉദാഹരണത്തിന് ക്ളാസിൽ എല്ലാവരും ചേർന്ന് പാടുമ്പോൾ ഇവർ ചെവികൾ പൊത്തിപിടിക്കുന്നത് കാണാം. ഇത്തരത്തിൽ തന്നെ സ്പർശനത്തിനോടും വെളിച്ചത്തോടുമെല്ലാം അസാധാരണമായി പ്രതികരിക്കുന്നത് കാണാം
  • യഥാർത്ഥ അപകടങ്ങളെ കുറിച്ച് പേടി ഉണ്ടാകില്ല. അപകട സാധ്യതകൾ അറിയുന്നില്ല. അനുഭവങ്ങളിൽ നിന്നും പഠിക്കുകയോ തിരിച്ചറിവ് ഉണ്ടാവുകയോ ചെയ്യുന്നില്ല.

ആയുർവേദത്തിൽ ഓട്ടിസം ചികിത്സ കേവലം ഔഷധ സേവ മാത്രമല്ല, മറിച്ച് ഓരോ കുട്ടികളുടെയും ശരീര പ്രകൃതിക്കും മാനസിക പ്രകൃതിക്കും അനുയോജ്യമായി ചിട്ടപ്പെടുത്തിയ ആഹാരങ്ങളും വിഹാരങ്ങളും വിവിധ ചികിത്സകളും ഉൾപ്പെടുന്നതാണ്.

  • ദഹന സംബന്ധിയായ പ്രശ്നങ്ങൾ ഇത്തരം കുട്ടികളിൽ അധികമായി കാണുന്നത് കൊണ്ട് അവയെ പരിഹരിക്കുന്നതിനുള്ള ചികിത്സകളാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്. അവയിൽ പ്രധാനം ദഹന പ്രക്രിയ ശരിയായി നടക്കാത്തത് മൂലം ശരീരത്തിൽ അടിഞ്ഞു കൂടുന്ന ആമത്തെ (അപക്വ അന്നരസം) പചിപ്പിക്കാനുള്ള ഔഷധ പ്രയോഗങ്ങളാണ്.
  • പാലും പാലുൽപ്പന്നങ്ങളും ഗോതമ്പും ഗോതമ്പുൽപ്പന്നങ്ങളും ഒഴിവാക്കേണ്ടതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകളോട് ശരീരം പ്രതിപ്രവർത്തിക്കുന്നതിനാൽ ഓട്ടിസം ലക്ഷണങ്ങൾ മൂർച്ഛിച്ച് കാണാറുണ്ട്.
  • പുളിപ്പിച്ചുണ്ടാക്കുന്നതും പ്രിസർവേറ്റീവ്സ് ചേർത്തതുമായ ആഹാരങ്ങൾ ഒഴിവാക്കേണ്ടതാണ്.
  • വിശപ്പിനനുസരിച്ച് ശരീരത്തിന് ഹിതവും എളുപ്പം ദഹിക്കുന്നതുമായ ആഹാരങ്ങൾ ശീലിപ്പിക്കേണ്ടതാണ്.
  • ശിരസിൽ എണ്ണ തേക്കുക, പൊടി തിരുമ്മുക, ഔഷധദ്രവ്യങ്ങൾ പുകക്കുക, യോഗ, പ്രാണായാമം തുടങ്ങിയ ചികിത്സാ ക്രമങ്ങൾ ദിനചര്യയുടെ ഭാഗമാക്കേണ്ടതാണ്.
  • തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച് അനാവശ്യ ചോദനകളെ നിയന്ത്രിക്കുന്നതിന് ഉതകുന്ന തലപൊതിച്ചിൽ, ശിരോ പിചു, ക്ഷീരധാര, തൈല ധാര തുടങ്ങിയ വിവിധ തരം ശിരോധാരകൾ, പഞ്ചകർമ്മങ്ങളായ നസ്യം, വസ്തി തുടങ്ങിയ ചികിത്സകൾ എന്നിവ അവസ്ഥാനുസാരേണ ചെയ്യുന്നത് ഏറെ ഫലപ്രദമാണ്.

കൃത്യമായ ഇടവേളകളിൽ തുടർച്ചയായി ആയുർവേദ ചികിത്സകൾ മറ്റു അനുബന്ധ ചികിത്സകളായ സ്പീച്ച് തെറാപ്പി, ഒക്ക്യൂപേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി തുടങ്ങിയവയോടൊപ്പം ചെയ്യുകയാണെങ്കിൽ ഓട്ടിസം ലക്ഷണങ്ങൾ ഒരു പരിധി വരെ ഫലപ്രദമായി പരിഹരിക്കുവാൻ സാധിക്കും.

 


തയ്യാറാക്കിയത്

ഡോ. ദിലീപ് കെ. എസ്

അസ്സോസിയേറ്റ്പ്രൊഫസർ

ബാലചികിത്സവിഭാഗം

അഷ്ടാംഗംആയുർവേദ ചികിത്സാലയം & വിദ്യാപീഠം

വാവന്നൂർ, പാലക്കാട്