The Leading Ayurveda Medical College Hospital & Research Center
Search

സംഹിതാപഠനം :പ്രതിസന്ധികളും പരിഹാരങ്ങളും

 

സംഹിതാപഠനം :പ്രതിസന്ധികളും പരിഹാരങ്ങളും

ഡോ.കെ .മുരളി

 

ആയുർവേദ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവിഭാജ്യഘടകമായ

സംഹിതാ പഠനം, അനേകം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന

കാലഘട്ടമാണിത്. പഠനത്തിന്റെ അളവുകോൽ

പരീക്ഷാഫലമായിരിക്കെ അതിലുണ്ടാകുന്ന പ്രശ്നങ്ങൾ

എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.  കേവല

സംഹിതകളെ ആശ്രയിച്ചുള്ള പഠനം വിദ്യാർത്ഥികൾക്ക്

ആകർഷകമായി തോന്നായ്കശ്ലോകപഠനം  ബുദ്ധിമുട്ടുള്ള ഒരു

പ്രക്രിയയായി അനുഭവപ്പെടുക, പ്രായോഗികത

അനുഭവപ്പെടായ്ക  എന്നിങ്ങനെ ഉണ്ടാകാൻ സാധ്യതയുള്ള

പ്രശ്നങ്ങളെപ്പറ്റി കൃത്യമായ അന്വേഷണം നടത്തി ഓരോന്നിനും

ഉള്ള പരിഹാരങ്ങൾ ആലോചിക്കേണ്ടതുണ്ട്.സൂക്ഷ്മമായി

പരിശോധിച്ചാൽ ഈ വെല്ലുവിളികളെ ഒന്നൊന്നായി കണ്ടെത്തുക,

അവയ്ക്കുള്ള പരിഹാരം നിർദേശിക്കുക എന്നത് തീർത്തും

അപ്രായോഗികമാണെന്ന് മനസ്സിലാക്കാം. തദവസരത്തിൽ

ആയുർവേദാചാര്യൻമാർ രോഗങ്ങളെ വിവരിക്കുവാൻ സ്വീകരിച്ച-

ശക്യംനൈകൈകശോ വക്തും അത: സാമാന്യമുച്യതെ ( രോഗങ്ങളെ

ഒന്നൊന്നായി എണ്ണി പറയുക പ്രായോഗികമല്ലായ്കയാൽ

സാമാന്യമായി  പറയുന്നു)- നയം തന്നെ സ്വീകരിക്കുകയാകും 

അഭികാമ്യം.

 

ധാർമികമായും ഔദ്യോഗികമായും നിയമപരമായും ഉള്ള

'പഠിക്കുക-പഠിപ്പിക്കുക' എന്ന അധ്യാപകകർത്തവ്യം നന്നായി

നിർവഹിക്കുക എന്നത് തന്നെയാണ് സംഹിതാപഠനം നേരിടുന്ന

വെല്ലുവിളികളുടെ പ്രാഥമികമായ പരിഹാരമാർഗം.

 

വിദ്യാഭ്യാസശാസ്ത്ര പ്രകാരം പഠിക്കൽ- പഠിപ്പിക്കൽ

എന്നിവയെ ഒരേ  പ്രക്രിയയുടെ തന്നെ രണ്ടംശങ്ങളായി 

 തന്നെയാണ് പരിഗണിക്കുന്നത്.പരീക്ഷയ്ക്ക് വേണ്ടിയുള്ള പഠനം,

മനസ്സിലാക്കുവാനുള്ള പഠനം  എന്നിങ്ങനെ ഒരേ പുസ്തകത്തിനു

തന്നെ പലവിധത്തിലുള്ള വായനകൾ ഉണ്ടാകുന്നുണ്ട് എങ്കിലും

ഏറ്റവും ഗൗരവതരമായത് പഠിപ്പിക്കാൻ വേണ്ടിയുള്ള വായന

തന്നെയാണ്. അധ്യാപനം എന്നത് സ്വയം ഉണ്ടാക്കി എടുക്കേണ്ട ഒരു

ദക്ഷത ആണ്.കണ്ടും കേട്ടും മനസ്സിലാക്കിയും ആവർത്തിച്ചും

ചെയ്തും തിരുത്തിയും മുന്നോട്ടുപോകുന്ന പ്രക്രിയയാണ് ഇത്.

ത്രിവിധ  ശിഷ്യ ബുദ്ധിഹിതമായി, എല്ലാത്തരം ശിഷ്യന്മാർക്കും

സ്വീകാര്യമാകുന്ന രീതിയിലേക്ക് അധ്യാപനത്തെ ഉയർത്തേണ്ടത്

അഭ്യാസത്തിലൂടെ തന്നെയാണ്.(ഒരുപോലെ അഭ്യസിപ്പിച്ചു എങ്കിലും

ആത്രേയ  ശിഷ്യന്മാരിൽ അഗ്നിവേശൻ അഗ്രഗണ്യനായി തീർന്നത്

 

അദ്ദേഹത്തിന്റെ ബുദ്ധിവൈശിഷ്ട്യം കൊണ്ടെന്നത് 

വിസ്മരിച്ചുകൂട!). അധ്യാപനത്തിന് മുൻപ് അധ്യാപകൻ

വേണ്ടവിധം തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി

പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ!ബ്രഹ്മാവ് ആയിട്ടുപോലും

ഒരിക്കൽ കൂടി ഓർത്തു നോക്കിയതിനുശേഷമാണ് ആയുർവേദം

ഉപദേശിക്കുന്നത് എന്നത് സൂചകമാണ് (ബ്രഹ്‌മാ

സ്‌മൃത്വാആയുഷോർവേദം).വിശേഷിച്ച് സംഹിതാ അധ്യാപനത്തിൽ 

അവ ഉറച്ചു പഠിക്കുകയും ആവർത്തിക്കുകയും പഠിപ്പിക്കാൻ 

തയ്യാറെടുക്കുകയും ചെയ്താൽ അധ്യാപനദാക്ഷ്യം  വർദ്ധിക്കും

എന്നത് നിസ്സംശയം.

  സംഹിതാപഠനം എന്നാൽ ചരകസംഹിത

പൂർവ്വാർദ്ധവും ഉത്തരാർദ്ധവും  പഠിക്കാനും പഠിപ്പിക്കാനും

മാത്രം ഉള്ളതാണ് എന്ന് വിചാരിക്കുന്നതും ശരിയല്ല. 

വിഷയാധിഷ്ഠിതമായ പാഠ്യക്രമങ്ങൾ ഉണ്ടെങ്കിൽപോലും

സംഹിതകളെ ഉദ്ധരിക്കാതെയും ആശ്രയിക്കാതെയും പഠിപ്പിക്കാൻ

സാധിക്കില്ല എന്നുമാത്രമല്ല അങ്ങനെയല്ലാതെ പഠിപ്പിക്കുന്നത്

ഒട്ടുംതന്നെ ആശാസ്യവും അല്ല. എങ്ങനെ പഠിക്കണമെന്നും എങ്ങനെ

പഠിപ്പിക്കണം എന്നും ഒക്കെയുള്ള സൂചനകൾ കൂടി 

ഉൾക്കൊള്ളുന്നവയാണ്  നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങൾ എല്ലാം തന്നെ

എന്നത് കൗതുകകരമാണ്.

 ഓരോ വാക്കും എടുത്ത് , അതിന്റെ അർഥം 

മനസ്സിലാക്കി,പഠിച്ചതിന്റെ  പ്രയോജനമെന്ത്, സംശയങ്ങൾ

എന്തെല്ലാം, അവയ്ക്കുള്ള ഉത്തരങ്ങൾ എന്ത് എന്നീ രീതിയിൽ

വേണം പഠിക്കുവാൻ എന്ന് അരുണദത്തന്റെ സർവ്വാംസുന്ദര

വ്യാഖ്യാനത്തിന്റെ ആദ്യശ്ലോക വ്യാഖ്യാനത്തിൽ തന്നെ

പറയപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയം. ഇത്തരത്തിൽ ആയുർവേദ ശാസ്ത്ര

ഗ്രന്ഥങ്ങളെ ആഴത്തിൽ പഠിച്ചാൽ സ്വതന്ത്രമായ  ആയുർവേദ

വിദ്യാഭ്യാസ രീതിശാസ്ത്രം (Ayurveda teaching Methodology)

രൂപകൽപ്പന ചെയ്ത് എടുക്കാവുന്നതേയുള്ളു.

 അർദ്ധ ബഹുളം,ത്രിവിധ ശിഷ്യബുദ്ധിഹിതം, സ്വാധാരം,

ക്രമാനുഗതം എന്നിങ്ങനെ ഗ്രന്ഥസവിശേഷതകളായി പറയപ്പെട്ടവ

ഓരോന്നും പരിശോധിച്ച് നോക്കിയാൽ അവ  കേവലം

ഗ്രന്ഥനിഷ്ഠമായ സവിശേഷതകൾ മാത്രമല്ല അധ്യാപനരീതി കൂടി

ഉൾപ്പെട്ടവയയാണെന്ന് മനസ്സിലാക്കാം.ഗ്രന്ഥത്തിന്റെ യോഗ്യതകൾ

എല്ലാം തന്നെ പ്രതിഫലിക്കുന്നത് അതിന്റെ ശരിയായ

അധ്യാപനത്തിലൂടെ  തന്നെയാണ് എന്നത് ഇതിന്

ഉപോൽബലകമാണ്. മുഴുവൻ പാഠ്യപദ്ധതിയിൽ മാത്രമല്ല ഓരോ

ചെറിയ ക്ലാസിലും എന്ത് ക്രമത്തിലാണ് ആശയ വിനിമയം

ചെയ്യപ്പെടുന്നത് എന്നത് (ക്രമാനുഗതം), ശാഖാ ചംക്രമണത്തിന്റെ 

 

ഭാഗമായി മറ്റു വിഷയങ്ങളിലേക്ക് പോകേണ്ടി വന്നാൽ പോലും

വിഷയത്തിൽ തിരിച്ചെത്തി അതിൽ ഉറച്ചു നിൽക്കുക എന്നത്

(അസംകുല പ്രകരണം)ഓരോ ശാസ്ത്ര ഭാഗത്തിന്റെയും 

 ഇപ്പോഴത്തെ കാലത്തിനു യോജിക്കുന്ന/പ്രസക്തമായ/ കർമ്മത്തിന്

യോജിക്കുന്ന/ ചികിത്സയ്ക്ക് ഉതകുന്ന രീതിയിലുള്ള അർത്ഥം

പറയൽ  (സംഗതാർത്ഥം), നല്ല ഉദാഹരണങ്ങളെ കണ്ടെത്തി

ഉപയോഗിക്കൽ (ഉദാഹരണവത്)ചെറിയ ചെറിയ വാക്കുകൾക്ക്

പോലുമുള്ള നിർവചനങ്ങളെ ശേഖരിച്ചുവച്ച് സാന്ദർഭികമായി

ഉപയോഗിക്കൽ (ലക്ഷണവത്)എന്നിങ്ങനെ   ഗ്രന്ഥ ഗുണങ്ങളെ 

അധ്യാപനത്തിലേക്ക് സന്നിവേശിപ്പിക്കാമെന്നത് ഉദാഹരണം മാത്രം.

ശ്ലോകപഠനം കൃത്യമായി ഇരിക്കുക എന്നുള്ളതാണ് സംഹിതാ

പഠനം നേരിടുന്ന മറ്റൊരു വെല്ലുവിളി. ശ്ലോകം ഉദ്ധരിക്കുകയും

പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ ശ്രദ്ധ അധികമായി

വേണ്ടതുണ്ട്. പദച്ഛേദം,പദാർത്ഥം, വിഗ്രഹം,വാക്യയോജന എന്നിവ

മനസ്സിലാക്കി തന്നെയാണ് ശ്ലോകപഠനവും നടത്തേണ്ടത്.സംസ്കൃത

വ്യാകരണവും തർക്ക ശാസ്ത്രവും അഭ്യസിച്ചതിനുശേഷം വൈദ്യം

അഭ്യസിക്കുന്ന രീതിയുള്ള കാലഘട്ടത്തിൽ രചിക്കപ്പെട്ടതിനാലാകാം

മറ്റു സംസ്‌കൃതകാവ്യഗ്രന്ഥങ്ങളിൽ കാണുംപോലെ പദച്ഛേദം

ആയുർവേദഗ്രന്ഥങ്ങളിൽ കാണാത്തത്. അതിനാൽ കൃത്യമായ

പദച്ഛേദം കണ്ടെത്താനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്ന്

ഉണ്ടാകേണ്ടതായിട്ടുണ്ട്. അപ്രകാരം തന്നെ,വിഭക്തിയുടെ ശരിയായ

പ്രയോഗം അറിഞ്ഞതിനുശേഷം ശാസ്ത്രഗ്രന്ഥങ്ങൾ വായിക്കുമ്പോൾ

ഉണ്ടാകുന്ന അർത്ഥബോധവും അർത്ഥജ്ഞാനവും

അതിശയിപ്പിക്കുന്നതാണ്.  കേവലം കാരക അർത്ഥങ്ങളെയല്ലാതെ

മറ്റു പല അർത്ഥങ്ങളെയും സൂചിപ്പിക്കുന്ന രീതിയിലാണ്

വിഭക്തികളുടെ പ്രയോഗം എന്നുകാണാം. ശാസ്ത്രത്തെ ശരിയായ

രീതിയിൽ മനസ്സിലാക്കാൻ ഈ ജ്ഞാനം അത്യന്താപേക്ഷിതം തന്നെ.

അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്നവയാണ് 

അവ്യയങ്ങൾ.കേവലം പദപൂരണത്തിന് വേണ്ടി മാത്രമാണ്

അവ്യയങ്ങൾ  എന്ന് വകവെച്ചു കൊടുക്കാതെ, അവയിലേക്കുകൂടി 

അർഥാരോപണം നടത്തുക എന്നത് വ്യാഖ്യാതാക്കൾ എല്ലാവരും

ചെയ്തു പോന്നിരുന്ന ഒരു ശൈലി കൂടിയാണ്.

സന്ദർഭത്തിനനുസരിച്ച് സ്വന്തമായി, എന്നാൽ  ശാസ്ത്രീയമായും

പ്രായോഗികമായുമുള്ള അർഥത്തെ ആരോപിക്കുവാനുള്ള

സ്വാതന്ത്ര്യം വ്യാഖ്യാതാവിന് ഗ്രന്ഥകാരൻ നൽകുന്ന ഇടം

കൂടിയാണിത്.സംഹിതാപഠനം ചെയ്യുമ്പോൾ അവ്യയങ്ങളുടെ

ഇത്തരത്തിലുള്ള പ്രത്യേക അർഥങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

അതുപോലെതന്നെ സന്ധി -സമാസം – സമസ്ത പദങ്ങളുടെ

വിഗ്രഹം എന്നിവയും വേണ്ടവണ്ണം മനസ്സിലാക്കേണ്ടതുണ്ട്.

 

വ്യാകരണത്തിൽ നിഷ്പത്തി- നിരുക്തി -നിർവ്വചനം എന്നിവയെല്ലാം

തന്നെ പദത്തിന്റെ അർത്ഥബോധത്തെ ഉണ്ടാക്കുന്നവയാണ്.

സാന്ദർഭികമായി ഇവയെ മനസ്സിലാക്കുന്നത് കൂടുതൽ

വ്യാപ്തിയിൽ ശാസ്ത്രം മനസ്സിലാക്കാനുതകും. കേവല

വ്യാകരണത്തിന് പുറമേ ഉപമാനവും അർദ്ധ

ബോധത്തെയുണ്ടാക്കുന്നതാണ്. ശാസ്ത്രത്തിൽ പറയപ്പെട്ടിട്ടുള്ള

ഇത്തരം ഉപമാനങ്ങളെയും മനസ്സിലാക്കേണ്ടതുണ്ട്.

 കോശങ്ങൾ അഥവാ നിഘണ്ടുക്കളുടെ ഉപയോഗം ശരിയായ

സംഹിതാ പഠനത്തിന് സഹായിക്കും. അമരകോശം തന്നെയാണ്

കൂടുതൽ പ്രാബല്യത്തിലുള്ള നിഘണ്ടു. സി പി പരമേശ്വരൻ

മൂസതിന്റെ പാരമേശ്വരി വ്യാഖ്യാനംപോലെ വാക്കുകളുടെ

നിഷ്പത്തി അനുസരിച്ചു അർത്ഥം പറയപ്പെട്ടിരിക്കുന്ന

നിഘണ്ടുക്കളുടെ ഉപയോഗം പഠനത്തെ കൂടുതൽ

വ്യാപ്തിയുള്ളതാക്കും.ഇവയ്ക്കുപുറമേ

ആപ്തവാക്യത്തിൽനിന്നുള്ള അർത്ഥ ബോധം, വ്യവഹാരത്തിൽ

ഉള്ള അർത്ഥം, വാക്യശേഷം കൊണ്ടുണ്ടാകുന്ന അർത്ഥബോധം,

വ്യാഖ്യാനത്തിലൂടെ മനസ്സിലാക്കുന്ന അർത്ഥം, സിദ്ധപദ

സാന്നിധ്യംകൊണ്ട് ലഭിക്കുന്ന അർത്ഥം, ഒരേ വാക്കിന് പ്രസക്തമായ

ഒന്നിൽകൂടുതൽ അർഥങ്ങൾ ഉണ്ടാകൽ എന്നിവയൊക്കെ

കണക്കിലെടുക്കേണ്ടതുണ്ട്. അന്വയം,അന്വയാർത്ഥം, സാരാർത്ഥം

എന്നീ ക്രമത്തിൽ ഓരോ ശ്ലോകത്തെയും മനസ്സിലാക്കിയെടുക്കുന്നത്

ഗുണകരമാകും.

  അറിഞ്ഞും അറിയാതെയും തന്ത്ര യുക്തികൾ പലപ്പോഴും

ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അധ്യാപനത്തിലേക്ക് അവയുടെ

ബോധപൂർവ്വമുള്ള സമന്വയിപ്പിക്കൽ  നടത്തേണ്ടതുണ്ട്.

 പൂർവ്വപക്ഷങ്ങളെ ഉന്നയിച്ച് അവയ്ക്ക് സമാധാനം കണ്ടെത്തുന്ന

രീതിയാണ് ആയുർവേദ ശാസ്ത്രഗ്രന്ഥങ്ങളിൽ കാണുന്നത്.  സംഹിത

അധ്യാപനത്തിലും ഇത് പ്രാവർത്തികമാക്കേണ്ടതുണ്ട്.

വിഷയങ്ങളുടെ പാരസ്പര്യം വേണ്ടപോലെ സൂചിപ്പിക്കൽ

(അതീതവേക്ഷണം,അനാഗതാവേക്ഷണം)അതാതിനെ മനസ്സിലാക്കാൻ

അതാത് ശാസ്ത്രം തന്നെ ഉപയോഗിക്കൽ (സ്വാധാരം ),

വാക്കുകളുടെ വ്യത്യാസത്തെ ആശ്രയിച്ചുള്ള വ്യാഖ്യാനം (പ്രദേശം)

അഭിപ്രായ ഭേദങ്ങളെ ശിഷ്യ ബുദ്ധിവികാസർത്ഥം ചൂണ്ടി കാണിച്ചു

കൊടുക്കൽ (അഭിഭവം, വിധാനം) , ചുരുക്കിയും വിസ്തരിച്ചും

ഉള്ള അധ്യാപനരീതി (ഉദ്ദേശം,നിർദ്ദേശം),പറഞ്ഞിട്ടില്ലാത്ത

അർത്ഥങ്ങൾ മനസ്സിലാക്കിയെടുക്കൽ (അതിദേശം,അർത്ഥാപത്തി)

എന്നിങ്ങനെ അനേകം തന്ത്രയുക്തി പ്രയോഗങ്ങൾ ചെയ്യാവുന്നതാണ്.

തന്ത്രയുക്തികളെ ആശ്രയിച്ചുള്ള അധ്യാപന രീതി ശാസ്ത്രം

ആവിഷ്കരിക്കുക എന്നത് സംഹിതകളുടെ പഠനപ്രക്രിയയിൽ

അത്യന്താപേക്ഷിതമാണ്.

 

 അനേകം പ്രതിസന്ധികൾ ഉണ്ട് എങ്കിലും മേൽപറഞ്ഞപ്രകാരം

തന്നെ നന്നായി പഠിക്കലും നന്നായി പഠിപ്പിക്കലും തന്നെയാണ്

പ്രാഥമികമായ പരിഹാരം. വൈദ്യപരിഷത്ത്കളും ചർച്ചകളും

വഴി ശാസ്ത്രത്തിന്റെ അർത്ഥം യുക്തിയുക്തമായി

മനസ്സിലാക്കിഅപ്രകാരമുള്ള അറിവ് ശരിയായ

ആശയവിനിമയത്തിലൂടെ പകർന്നു നൽകാം.

അധ്യാപനം എന്നാൽ സമഗ്രമായ ജ്ഞാനത്തിന്റെ 

പശ്ചാത്തലത്തിൽ/പിൻബലത്തിൽ ഏകദേശജ്ഞാനത്തെ വിനിമയം

ചെയ്യലാണ്.അറിവ് ഉണ്ടാക്കുക  കേമം തന്നെ! എന്നാൽ

മറ്റൊരാളിലേക്ക് അത് പകരുക എന്നത് അത്ര എളുപ്പമല്ല.

ആർക്കെങ്കിലും ഇവ രണ്ടും കഴിയുമെങ്കിൽ അദ്ദേഹം 

വിഷയത്തിൽ അഗ്രഗണ്യൻ തന്നെ എന്നുള്ള കാളിദാസ വചനത്തെ

ഓർക്കാം(മാളവികാഗ്നിമിത്രം നാടകം ).പഠനവും നിരന്തരമായ

അഭ്യാസവും ശീലമാക്കുക വഴി അധ്യാപനദക്ഷതയെ

തൃപ്തികരമായ ഔന്നത്യത്തിലേക്ക് വളർത്തിയെടുക്കാൻ സാധിക്കും.

ഡോ സൂര്യ ലക്ഷ്മി പി ബി