This article was originally published here on Mathrubhumi.com on 15 June 2022.
ഇന്ന് പല കുടുംബങ്ങളിലും കണ്ടു വരുന്ന ഒന്നാണ് രാത്രി വളരെ വൈകിയുള്ള ഉറക്കം. വിദേശത്തുള്ള ഭർത്താവ് / മക്കൾ വിളിക്കും, ഭർത്താവ് ജോലി കഴിഞ്ഞെത്താൻ വൈകും, ടി.വി കാണാൻ ഇരിക്കും തുടങ്ങി വിവിധങ്ങളായ ന്യായീകരണങ്ങൾ അവർക്ക് ഉണ്ടായിരിക്കും. രാത്രി ഉറങ്ങാൻ വൈകിയാൽ എന്താ? ഞാൻ 8 മണിക്കൂർ ഉറങ്ങുന്നുണ്ടല്ലോ എന്നു കൂടി അവർക്ക് പറയാനുണ്ടാവും. രാവിലെ വൈകി എഴുന്നേറ്റിട്ടാണ് അവർ ഈ 8 മണിക്കൂർ തികയ്ക്കുന്നത്. ഇത്തരത്തിൽ ശീലിക്കുന്നതുകൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ?
ബയോജിക്കൽ ക്ലോക്ക്
പ്രകൃതിയുടെ ഒരു സൂക്ഷ്മരൂപത്തിലുള്ള പ്രതിരൂപമായി മനുഷ്യനെ കണക്കാക്കാം.(macrocosm in microcosm). പ്രകൃതിയിലെ ഒരു ചെറിയ മാറ്റം പോലും മനുഷ്യ ശരീരത്തിൽ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു. പ്രകൃതിയിലെ കാര്യങ്ങൾക്കനുസരിച്ചാണ് മനുഷ്യ ശരീരം പ്രവർത്തിക്കുന്നത്. ഇതിൻ്റെ ഉത്തമ ഉദാഹരണമാണ് ബയോളജിക്കൽ ക്ലോക്ക്. സൂര്യോദയവും അസ്തമയവും അനുസരിച്ച് ശരീരത്തിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുകയും മന്ദീഭവിക്കുകയും ചെയ്യുന്നതാണ് ഇതിൻ്റെ സാരം.അതായത് സൂര്യൻ ഉദിക്കുന്നതോടെ ശരീരകോശങ്ങൾ തൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു. സൂര്യാസ്തമയത്തോടെ പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും ചെയ്യുന്നു. സൂര്യാസ്തമയത്തിനു ശേഷം വിശ്രമത്തിന് ഉള്ള സമയം ആയതിനാലാണ് ഇത്.
മനുഷ്യൻ തൻ്റെ കണ്ടുപിടിത്തങ്ങളിലൂടെ ഇരുട്ടിനെ ജയിച്ച് രാത്രിയേയും പകലാക്കി പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു. ഒന്ന് ശ്രദ്ധിച്ചുനോക്കൂ, നാം വെളിച്ചം പരത്തിയിട്ടും രാത്രിയിൽ രാത്രിഞ്ചരൻമാരല്ലാത്ത ഒരു പക്ഷിയെ പോലും നാം കാണുന്നില്ല. മാത്രമല്ല സൂര്യൻ്റെ ആദ്യ കിരണത്തോടുകൂടി തന്നെ ഇവയുടെ ബഹളം ആരംഭിക്കുകയും ചെയ്യും. നമ്മെ ഇവ ഉറങ്ങാൻ സമ്മതിക്കുന്നില്ല എന്ന് പരിഭവം പറയുകയും നമ്മൾ ചെയ്യും. ഇവർ പ്രകൃതിയുടെ താളം പിന്തുടരുന്നവരാണ്. മനുഷ്യൻ ഒഴിച്ചുള്ള എല്ലാ ജീവജാലങ്ങളും അങ്ങനെയാണ്.
പ്രകൃതിയുടെ താളം പിന്തുടർന്നില്ലെങ്കിൽ എന്താണ് കുഴപ്പം? ഇതായിരിക്കും ഇത്രയും വായിക്കുമ്പോൾ തോന്നാവുന്ന ഒരു കാര്യം.
ഉറക്കത്തിൻ്റെ കാര്യം പറയാം…
ഉറക്കം എന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നൽകുന്ന ഒരു പ്രക്രിയ ആണ്. വിശപ്പ് ഉള്ളപ്പോൾ ആണ് ഭക്ഷണത്തിന് രുചി ഉണ്ടാവുക. വിശപ്പില്ലാത്തപ്പോൾ എത്ര നല്ല ഭക്ഷണം ലഭിച്ചാലും നമുക്ക് അത് ആസ്വദിക്കാൻ കഴിയണമെന്നില്ല. അതുപോലെതന്നെ ശരീരം ആഗ്രഹിക്കുന്ന സമയത്ത് വിശ്രമം നൽകുന്നതാണ് ഉത്തമം.
രാത്രി വൈകി ഉറങ്ങുന്നത് ശരീരത്തിലെ രൂക്ഷത കൂടാൻ കാരണമാകുന്നു. ശരീരം രൂക്ഷമാകുന്നത് ദഹനപ്രക്രിയയെ സാരമായി ബാധിക്കുന്നു. ദഹനം ശരിയായി നടക്കുന്നില്ല, ആഗിരണം വേണ്ട വിധം നടക്കുന്നില്ല എന്നീ അവസ്ഥകളിലേക്ക് ഇത് നയിക്കും. എന്ത് കഴിച്ചാലും ശരീരത്തിൽ കാണുന്നില്ല, തീരെ മെലിഞ്ഞിരിക്കുന്നു എന്ന് തോന്നുന്നവർ അവരുടെ ഉറക്കത്തിൻ്റെ ശീലങ്ങൾ ഒന്നു പരിശോധിക്കുന്നത് നല്ലതാണ്.
വൈകി ഉറങ്ങുന്നത് ന്യൂറോഡീജനറേറ്റീവ് ആയ രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയേയും വർദ്ധിപ്പിക്കുന്നു. ഈയിടെയായി ചെറുപ്പത്തിൽ തന്നെ മസ്തിഷ്ക ക്ഷയജന്യ രോഗങ്ങൾ കണ്ടു വരുന്നു. വൈകി ഉറങ്ങുന്ന ശീലം ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
രാത്രി വൈകി ഉറങ്ങുന്ന ചിലരിൽ വൈകി ഭക്ഷണം കഴിക്കുന്ന ശീലവും കണ്ടുവരുന്നുണ്ട്. ഇത് ശരീരഭാരം വർദ്ധിക്കാൻ കാരണമാകും. കൂടെ തന്നെ ഇവർ രാവിലെ വളരെ വൈകി ആയിരിക്കും ഉണരുന്നത്. വൈകി ഉണരുന്നവർ പകൽ ഉറങ്ങുന്നതിന് തുല്യമായ കാര്യമാണ് ചെയ്യുന്നത്.നമുക്കറിയാം പകൽ ഉറങ്ങുന്നത് ശരീരം തടിക്കാൻ അഥവാ ഭാരം കൂടാൻ കാരണമാണ്. ഉച്ചക്ക് ഭക്ഷണശേഷം ഉറങ്ങുന്നത് മാത്രമല്ല പകലുറക്കം. രാവിലെ സൂര്യനുദിച്ച ശേഷം ഉറങ്ങുന്നതും ഇതേ വിഭാഗത്തിൽ പെടുന്നതാണ്.
സൂര്യൻ അസ്തമിച്ച് ഉദിക്കുന്നതിനു ഇടയിലുള്ള സമയത്ത് 6-8 മണിക്കൂർ ഉറങ്ങുന്നതാണ് ശരീരത്തിനും മനസ്സിനും വിശ്രമം കിട്ടാൻ അഭികാമ്യം. ഇത്തരത്തിൽ ഉറങ്ങുന്നത് പുഷ്ടി ,ബലം, വൃഷത, ജ്ഞാനം, ജീവിതം ഇതിനെല്ലാം കാരണമാകുന്നു.
നിദ്രായത്തം സുഖം ദു:ഖം
പുഷ്ടി കാർശ്യം ബലാബലം
വൃഷതാ ക്ലീബതാ ജ്ഞാന-
മജ്ഞാനം ജീവിതം ന ച