This article was originally published here on Mathrubhumi on 04 December 2023, 01:30 PM IST.
ആയുർവേദത്തിൽ ശരീരത്തെ കുറിച്ച് സുദൃഢമായ കാഴ്ചപ്പാടുകളാണ് ഉള്ളത്. ഏഴു ധാതുക്കൾ – രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം. – ഇവ ശരീരത്തെ ഘടനാപരമായി നിർമിക്കുകയും നിലനിർത്തുകയും ചെയ്യുന്ന building blocks പോലെ ആണ്. ഇവ പോഷിപ്പിക്കപ്പെടുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നുമാണ്. കർമപരമായി ശരീരത്തെ നിലനിർത്തുന്നവയാണ് മൂന്നു ദോഷങ്ങൾ – വാതം, പിത്തം, കഫം. ഇവ ഇവരുടെ കർമങ്ങൾ കൃത്യമായി നിർവഹിച്ചു കൊണ്ടിരുന്നാൽ നാം ആരോഗ്യത്തോടെ ജീവിക്കും. അല്ലാത്ത പക്ഷം രോഗികളാക്കുന്നു.
ഇതു പോലെ തന്നെ ആയുർവേദം പ്രാധാന്യം നൽകുന്ന ഒരു തത്വമാണ് മർമങ്ങൾ. ശരീരത്തിൽ 107 മർമങ്ങളുണ്ട്. അവയിൽ 3 എണ്ണം മഹാമർമങ്ങൾ എന്ന് കണക്കാക്കപ്പെടുന്നു. ശിരസ്, ഹൃദയം, വസ്തി ഇവയാണ് ആ മൂന്നു മർമങ്ങൾ ശരീരത്തിന്റെ നിലനിൽപ്പിന് ഇവ മൂന്നിനും ഉള്ള പ്രധാന സ്ഥാനം ഈ വിശേഷണം സാധൂകരിക്കുന്നു.
ഇന്നത്തെ കാലഘട്ടത്തിൽ ഇവ മൂന്നിനേയും ബാധിക്കുന്ന രോഗാവസ്ഥകൾ കൂടി വരുന്നതായി കാണാം. Neuro degenerative രോഗങ്ങളേയും കിഡ്നി തകരാറുകളേയും ഹൃദയസംബന്ധമായ രോഗങ്ങളേയും ചികിത്സിക്കാനുള്ള സംവിധാനങ്ങൾ വർദ്ധിക്കുന്നതിൽനിന്ന് അത്തരം രോഗികളുടെ സംഖ്യയിലുള്ള വർദ്ധനവ് വ്യക്തമാണ്. ഇവയിൽ ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഹൃദയാഘാതം മൂലമുള്ള മരണങ്ങളാണ്. ഹൃദയാരോഗ്യത്തെ പറ്റി സാരമായ ചിന്തയും ശ്രദ്ധയും ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഹൃദയസംരക്ഷണവുമായി ബന്ധപ്പെട്ട് ലേഖനങ്ങൾ ധാരാളം ലഭ്യമാണ്. അവ ശ്രദ്ധിച്ചാൽ കൂടുതലായും ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയെ കുറിച്ചായിരിക്കും പരാമർശം. എന്തുകൊണ്ട് ഇവ പ്രധാനമാകുന്നു എന്ന അവബോധം ഉണ്ടെങ്കിൽ ആരോഗ്യകരമായ ശീലങ്ങളെ പിൻതുടരാൻ കൂടുതൽ പ്രചോദനം കിട്ടും. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഒന്നു വിസ്തരിച്ച് പരിശോധിക്കാം.
വേഗങ്ങൾ
ആരോഗ്യം നിലനിർത്താനായി ശരീരം പ്രകടമാക്കുന്ന സ്വാഭാവികമായ അഭിവാഞ്ജകളാണ് വേഗങ്ങൾ. ഉദാഹരണമായി. വിശപ്പ്, ദാഹം, മല വിസർജനം , ഉറക്കം തുടങ്ങിയവ. ഇവയെ തടുക്കുന്നത് ശരീരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കും. കാരണം ശരീരത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാര്യങ്ങളാണ് ശരീരം വേഗങ്ങളായി പ്രകടമാക്കുന്നത്. നിരന്തരമായി ഇവയെ തടുക്കുന്നത് മഹാമർമങ്ങളെ പ്രത്യേകിച്ച് ഹൃദയത്തെ ബാധിക്കുന്നു. ഒരു ദിവസം മലവിസർജനത്തിനോ അധോവായു വിസർജനത്തിനോ ഉണ്ടാക്കുന്ന തോന്നൽ തടുക്കുന്നത് കൊണ്ട് ഹൃദയാഘാതം ഉണ്ടാകും എന്നല്ല. തുടർച്ചയായി ഇത് ചെയ്യുന്നത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.
വ്യായാമം
കൃത്യമായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ മാത്രമല്ല ശരീരത്തിന്റെ ആകെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത ” കൃത്യമായി ” എന്നതാണ്. നേരത്തെ കഴിച്ച ഭക്ഷണം ദഹിച്ചു കഴിഞ്ഞ്, സൂര്യൻ അസ്തമിക്കുന്നതിനു മുൻപായി, തന്റെ ശാരീരിക ശക്തിയുടെ പകുതി ഉപയോഗിക്കപ്പെടുന്ന രീതിയിൽ വേണം വ്യായാമം ചെയ്യാൻ.
വ്യായാമം ചെയ്യുന്നതിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കാൻ ജിം തിരഞ്ഞെടുക്കുന്നവരുണ്ട്. ജിമ്മിൽ പോയി ഉടൻ തന്നെ വലിയ വലിയ ഭാരമെടുത്ത് പൊക്കാനോ കഠിനമായ വർക്കൗട്ടുകൾ ചെയ്യാനോ മുതിരരുത്. ഇത് ഹൃദയത്തിന്റെ ജോലിഭാരം കൂട്ടുകയേ ഉള്ളൂ. അവനവന്റെ ശരീരത്തെ മനസ്സിലാക്കി അതിന് ഉതകുന്ന തരത്തിലുള്ള വ്യായാമമുറകൾ വേണം സ്വീകരിക്കാൻ. അധികമായി വ്യായാമം / ശാരീരിക അദ്ധ്വാനം ചെയ്യുമ്പോൾ കൂടുതൽ ഊർജവും ഓക്സിജനും പെട്ടെന്ന് ആവശ്യമായി വരും. അതിനു വേണ്ടി ഹൃദയത്തിന് കൂടുതൽ പ്രവർത്തിക്കേണ്ടി വരും. ഇത് വ്യവസ്ഥയില്ലാതെ ശീലിക്കുന്ന പക്ഷം ദോഷകരമായാണ് ബാധിക്കുക.
ഉറക്കം
മനുഷ്യശരീരം സൂര്യനുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുണ്ട്. Circardian Rhythm അനുബന്ധിച്ചാണ് മനുഷ്യശരീരം പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആന്തരികാവയവങ്ങൾക്ക് നമ്മൾ ഉറങ്ങുമ്പോഴാണ് വിശ്രമത്തിനും കേടുപാടുകൾ തീർക്കുന്നതിനും അവസരം ലഭിക്കുന്നത്. ശരീരത്തിലെ ഏറ്റവും ഊർജ്വസ്വലമായ അവയവമായ ഹൃദയത്തിന്റെ കാര്യവും വ്യത്യസ്തമല്ല. അതിനാൽ സൂര്യാസ്തമയത്തിനു ശേഷം ഉറങ്ങാതിരിക്കുന്നത് ഹൃദയത്തെ സംബന്ധിച്ച് അധിക ജോലിഭാരമാണ്. അതിനൊപ്പം രാത്രിയിൽ വ്യായാമം ചെയ്യുന്നതുകൂടി ആലോചിച്ച് നോക്കൂ. ഊർജ്വസ്വലമായതുകൊണ്ട് ഉടൻതന്നെ ഹൃദയം പ്രതികരിക്കണം എന്നില്ല. എന്നാൽ, അധിക ജോലിഭാരം താങ്ങുന്നില്ല എന്നു പെട്ടെന്നായിരിക്കും പ്രകടമാക്കുന്നത്. അവിടെ ചെറുപ്പക്കാരനായ ആരോഗ്യവാനായ, നിത്യം വ്യായാമം ചെയ്തിരുന്ന ഒരാളുടെ പെട്ടെന്നുള്ള ഹൃദയാഘാതം എന്നതു മാത്രമേ നമ്മൾ ശ്രദ്ധിക്കൂ. അയാൾ ചെയ്തിരുന്ന ഉറക്കമൊഴിയലിന്റെയോ അതിവ്യായാമത്തിന്റെയോ കാര്യം നമ്മൾ അറിയുന്നുണ്ടാവില്ല.
ആഹാരം
നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് നേരത്തെ സൂചിച്ചിച്ച building blocks ആയ ഏഴു ധാതുക്കൾ ഉണ്ടാക്കപ്പെടുന്നത്. നല്ല ആഹാരം കഴിച്ചാൽ മാത്രമേ ശരീരവും നന്നായി ഇരിക്കൂ. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിച്ചാൽ അതിൽനിന്നുണ്ടാകുന്ന രക്തത്തിലും മേദസിലും കൊഴുപ്പു കൂടുതലായിരിക്കും.
ഭക്ഷണത്തിന്റെ ഗുണത്തിനൊപ്പം തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും. വിശക്കുമ്പോൾ കഴിക്കാതിരിക്കുന്നതും വിശപ്പില്ലാത്തപ്പോൾ കഴിക്കുന്നതും ദഹനത്തേയും അതു വഴി ഹൃദയത്തേയും ബാധിക്കും.
മനസ്സ്
മാനസികമായി നമ്മെ ബാധിക്കുന്ന സങ്കടം, ദേഷ്യം, അമർഷം തുടങ്ങിയ വികാരങ്ങൾ അടക്കി വെക്കുന്നത് ഹൃദയത്തിന് ഭാരമാണ്. അതിയായ സങ്കടം ഉണ്ടാകുമ്പോൾ നെഞ്ചിൽ ഒരു കനം പോലെ എന്നാണ് നമുക്ക് തോന്നുന്നതും നാം പറയാറുള്ളതും. സങ്കടം തോന്നിയാൽ കരയാതെ മറ്റുള്ളവരുടെ മുന്നിൽ സന്തോഷം നടിക്കുന്നത്. മനസ്സിന് ഭാരം ഉണ്ടാക്കുന്നു. ഇത് ഹൃദയത്തേയും മറ്റ് മഹാമർമങ്ങളേയും കാര്യമായി തന്നെ ബാധിക്കുന്നു. ഹൃദയാരോഗ്യത്തിൽ ശാരീരികമായ കാര്യങ്ങൾക്ക് കൊടുക്കുന്ന അത്ര തന്നെയോ അതിൽ കൂടുതലോ പ്രാധാന്യം മാനസികാരോഗ്യത്തിനും കൊടുക്കേണ്ടതാണ്. ജോലിസംബന്ധമായും കുടുംബപരമായും സംഘർഷം അനുഭവിക്കുന്നവർ ധ്യാനം പോലുള്ള ക്രിയകൾ സ്ഥിരമായി ശീലിക്കേണ്ടതാണ്.
ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളേയും പോഷിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്നത് ഹൃദയമാണ്. അതിനാൽ ഉത്തരവാദിത്വം കൂടുതലാണ്. കാര്യക്ഷമത നില നിർത്തണമെന്നു നിർബന്ധമുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിച്ചേ മതിയാവൂ. കൃത്യമായ വ്യായാമശീലങ്ങളിലൂടെയും നല്ല ആഹാരം കഴിച്ചും നന്നായി ഉറങ്ങിയും മാനസിക സംഘർഷം ലഘൂകരിച്ചും നമ്മുടെ ഹൃദയത്തെ കാത്തു സൂക്ഷിക്കാം.