This article was originally published here on Mathrubhumi on 21 March 2023.
ചൂട് കൂടുന്നു. ദിവസവും ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങൾ ആണെങ്കിൽ പോലും ഈ കാലാവസ്ഥയിൽ അവ നമ്മെ ക്ഷീണിപ്പിക്കുന്നു.
അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനനുസരിച്ച് ശരീരത്തിലെയും ചൂട് കൂടുകയും അതുമൂലം ജലാംശത്തിൽ വരുന്ന കുറവുമാണ് ഇതിന് മുഖ്യ കാരണം. വിയർപ്പിലൂടെ മുൻകാലത്തേക്കാൾ കൂടുതൽ ജലാംശം നഷ്ടപ്പെടുന്നു. വെള്ളം കുടിച്ച് ഇത് നികത്താതെ വരുന്ന സമയത്താണ് കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ ചൂടുകാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം വേണ്ടത്ര അളവിൽ വെള്ളം കുടിക്കണം എന്നതാണ്. കൃത്രിമമായ പാനീയങ്ങൾ, തണുപ്പിച്ച പാനീയങ്ങൾ എന്നിവ ഒഴിവാക്കാം. ദാഹം അകറ്റുന്നതിന് ശരീരത്തിന്റെ താപനിലയിലുള്ള വെള്ളം കുടിക്കുന്നതാണ് ഉചിതം. ചെറു ചൂടുള്ളതായാൽ ദാഹം പെട്ടെന്ന് ശമിക്കുന്നതായും കാണാം. മൺകൂജ പോലെ സ്വാഭാവികമായി തണുപ്പിച്ച് എടുക്കുന്ന വെള്ളവും കുടിക്കാവുന്നതാണ്. സംഭാരം, ഇളനീർ , മധുരം ചേർക്കാത്ത പഴച്ചാറുകൾ ഇവ ശീലിക്കാം.
ആഹാരം ഒരു നേരമെങ്കിലും ദ്രവ സ്വഭാവത്തിലുള്ളതാക്കാം. കഞ്ഞി, സൂപ്പുകൾ ഇവ ഇതിനുള്ള സാധ്യത വിപുലമാക്കുന്നു. ദ്രവാംശം ഒട്ടും ഇല്ലാതെ ഉപ്പേരി / മെഴുക്കുപെരട്ടി / ഓംലെറ്റ് എന്നിവ മാത്രം കൂട്ടി ചോറുണ്ണുന്നവരുണ്ട്. ഈ ശീലം ദഹനത്തേയും ശരീരത്തിലെ ജലാംശത്തിന്റെ അളവിനേയും പ്രതികൂലമായി ബാധിക്കാവുന്ന ഒന്നാണ്.
ശ്രദ്ധേയമായ മറ്റൊരു പ്രധാന കാര്യം ആഹാര പദാർത്ഥങ്ങളുടെ ഗുണമാണ്. മുതിര പോലുള്ളവ സ്വഭാവേന ചൂടാണ്. മാംസം, മുട്ട എന്നിവയും ഈ ഗണത്തിൽപ്പെടുന്നു. അന്തരീക്ഷത്തിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ശരീരത്തിനകത്തേക്ക് കഴിവതും ഉഷ്ണ സ്വഭാവമുള്ളവ ചെല്ലാതെ ശ്രദ്ധിക്കാം. സ്വാഭാവികമായി തണുപ്പ് ഗുണമുള്ള മത്തങ്ങ, വെള്ളരിക്ക, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
ശരീരത്തിന് ചൂടു പകരുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എരിവ്, പുളി, ഉപ്പ് എന്നീ രസങ്ങൾ. ഇവ രുചികരമാണെങ്കിൽ കൂടെ ഉഷ്ണ സ്വഭാവം ഉള്ളവരാണ്. ഇവയുടെ കൂടുതലായ ഉപയോഗം ശരീരത്തിന് കൂടുതൽ ഉഷണഗുണം പകരുന്നു. അതു കൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ മസാലകളുടെ ഉപയോഗവും കുറയ്ക്കേണ്ടതാണ്. പൊടികൾ ചേർക്കുന്നതിനു പകരം അവ ചതച്ച് ഉപയോഗിക്കേണ്ടതാണ്. അച്ചാറുകൾക്ക് പകരം ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് അരക്കുന്ന ചമ്മന്തി ഉപയോഗിക്കാം.
തണുപ്പിച്ച പാനീയങ്ങൾ, ഐസ്ക്രീം തുടങ്ങിയവ തണുപ്പാണെങ്കിലും ആരോഗ്യകരമല്ല. ശരീരോഷ്മാവിനെയും ദഹന വ്യവസ്ഥയേയും ഇത് സാരമായി ബാധിക്കും. ഇത് പോലെ തന്നെ ആണ് തൈര്. തണുപ്പാണെന്ന് തോന്നുമെങ്കിലും ഇത് ഉൾപ്പുഴുക്കുണ്ടാക്കും. വെണ്ണ മാറ്റി, വെള്ളം ചേർത്ത് തയ്യാറാക്കുന്ന മോര് ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. പാല്, നെയ്യ് എന്നിവയും ഉപയോഗിക്കാം. അവയെ ദഹിപ്പിക്കാനുള്ള ശേഷി തന്റെ ദഹന വ്യവസ്ഥക്ക് ഉണ്ട് എന്ന് ഉറപ്പ് വരുത്തണം.
ലഘുവായ വ്യായാമങ്ങൾ മാത്രം ശീലിക്കുന്നതാണ് ഉത്തമം. അധികമായി വിയർക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കാം – നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതായാലും വ്യായാമം / അദ്ധ്വാനം കൊണ്ടായാലും. തണുപ്പ് (A/C ) ചൂട് (വെയിൽ ) ഇവ മാറി മാറി വരുന്ന സാഹചര്യം ഒഴിവാക്കണം. പെട്ടെന്നുണ്ടാകുന്ന ഇത്തരം വ്യത്യാസങ്ങളോട് പൊരുത്തപ്പെടാൻ ശരീരത്തിന് ബുദ്ധിമുട്ടാണ്. കൂടാതെ ഇത് ജലദോഷം, നീരിറക്കം തുടങ്ങിയ പ്രശ്നങ്ങൾക്കും വഴി വെക്കും.
അത്താഴം നേരത്തെ കഴിച്ച് , നേരത്തേ ഉറങ്ങുന്നതാണ് വേനലിൽ നല്ലത്. രാത്രി ഉറക്കമൊഴിയുന്നത് ക്ഷീണം വീണ്ടും വർദ്ധിപ്പിക്കും. അദ്ധ്വാനമുള്ള ജോലി ചെയ്യുന്നവർ, പ്രായമായവർ തുടങ്ങിയവർ ഉച്ചക്ക് കുറച്ചു സമയം ഉറങ്ങാവുന്നതാണ്.
മറ്റൊരു പ്രധാന കാര്യം മദ്യപാനമാണ്. ചൂടുള്ള പാനീയങ്ങളാണ് അവ. ചൂടുകാലത്ത് ഇവ തീർത്തും ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടുതൽ വെള്ളം ചേർത്ത് കഴിക്കുന്നതാണ് നല്ലത്.
നാം ധരിക്കുന്ന വസ്ത്രങ്ങൾക്കും ചൂടിനെ പ്രതിരോധിക്കാൻ കഴിയും. കൃത്രിമ നൂലുകളായ rayon , Polyester മുതലായവ വിയർപ്പിനെ ആഗിരണം ചെയ്യുന്നവയല്ല മറിച്ച് കോട്ടൺ വസ്ത്രങ്ങൾ വായു സഞ്ചാരം ഉറപ്പു വരുത്തുകയും, വിയർപ്പിനെ ആഗിരണം ചെയ്യുകയും അതു വഴി ശരീരത്തെ ചൂടിന്റെ കാഠിന്യം കുറക്കാൻ സഹായിക്കും.
ആർത്തവവിരാമത്തോടടുത്ത സ്ത്രീകളിൽ ചൂട് അസഹനീയമായി അനുഭവപ്പെടാം. അത്തരക്കാർ ഈ നിർദേശങ്ങളോടൊപ്പം വൈദ്യസഹായം കൂടി തേടേണ്ടതുണ്ട്. ജീവിത ശൈലിയിലെ ഈ ചെറിയ മാറ്റങ്ങൾ ചൂടിനെ പ്രതിരോധിക്കാൻ നമ്മളെ സഹായിക്കും. ശരീരത്തിന് സ്വാഭാവികമായ കുളിർമ നൽകുന്ന, ജലാംശത്തെ നിലനിർത്തുന്ന കാര്യങ്ങൾ വേണം ചെയ്യാൻ.
Disclaimer: The above article is for general awareness and informational purposes only. It should not be taken as medical advice. If you have any concerns about your health, please consult with your healthcare provider for proper diagnosis and treatment.