Ayurveda Multi Speciality Medical College Hospital

Search

മൂത്രത്തിലെ കല്ല്

വേനൽമഴ കിട്ടാതെ വളരെ ചൂടോടു കൂടിയ വേനൽക്കാലം തുടരുമ്പോൾ മൂത്രാശയസംബന്ധ രോഗങ്ങളായ മൂത്രപ്പഴുപ്പ്, കിഡ്നിയിലെ കല്ലുകൾ എന്നിവ ഉള്ളവർ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുകയും ഭക്ഷണത്തിൽ നിയന്ത്രണം ഉണ്ടാവുകയും ചെയ്തില്ലെങ്കിൽ ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതിനും ഉള്ളവർക്ക് ആണെങ്കിൽ അവ വർദ്ധിക്കുന്നതിനും സാധ്യതയുണ്ട്. അതുകൊണ്ട് വൃക്കയിലെ കല്ലുകളെ കുറിച്ചും അവ ഉണ്ടാകുന്നതിനുള്ള കാരണങ്ങളെയും  പ്രതിവിധികളെയും കുറിച്ച് നമുക്ക് നോക്കാം.

വൃക്കയിലെ കല്ലുകൾ

മൂത്രം ഉണ്ടാകുന്നതും പുറത്തു പോകുന്നതുമായ അവയവങ്ങളുമായി ബന്ധപ്പെട്ട്  കല്ലുകൾ രൂപപ്പെടുന്നതാണ് വൃക്കയിലെ കല്ലുകൾ അഥവാ മൂത്രത്തിലെ കല്ല് എന്ന് പറഞ്ഞു വരുന്നത്. ജീവിതത്തിൽ ഒരു പ്രാവശ്യം ഇതുകൊണ്ടുള്ള വേദന അനുഭവിച്ചവർ പിന്നീട് ഒരിക്കലും അത് മറക്കാനിടയില്ല. അത്ര ശക്തമായ വേദനയായിരിക്കും പലപ്പോഴും അനുഭവപ്പെടുക. എങ്കിലും ഒരു വേദനയും ഉണ്ടാക്കാതെ ദീർഘനാൾ കൊണ്ട് നമ്മളറിയാതെ വളർന്നുവരുന്ന കല്ലുകളും ഉണ്ട്.

ജനങ്ങളിൽ ശരാശരി 10 ശതമാനം പേർക്ക് കല്ല് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഒരു പ്രാവശ്യം കല്ല് ഉണ്ടായി മാറിയാൽ 20 മുതൽ 50 ശതമാനം പേർക്ക് മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്. പക്ഷേ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിൽ കുറച്ചു ശ്രദ്ധിച്ചാൽ കല്ല് ഉണ്ടാകാനുള്ള സാധ്യത വളരെ കുറയ്ക്കാൻ പറ്റും, എന്ന് മാത്രമല്ല രൂപപ്പെട്ട കല്ലുകൾ അലിഞ്ഞു പോകുന്നതിനും സഹായിക്കും. വിവിധ കാരണങ്ങൾ കൊണ്ട് മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ എല്ലാ രാജ്യങ്ങളിലും ഈ രോഗം ബാധിക്കുന്നത് കൂടിക്കൂടിവരികയാണ് എന്ന് കാണാം. രക്തത്തിലെ മാലിന്യങ്ങളും അധികമായി ഉള്ള അംശങ്ങളും അരിച്ചു പുറത്തു കളയുന്ന പ്രധാന പ്രവർത്തനം നടത്തുന്നത് വൃക്കകളാണ്. വൃക്കകൾക്ക് തകരാറു വരുത്തുന്നതിൽ പ്രധാനമായ ഒരു കാരണമാണ് ഇത്തരത്തിലുള്ള കല്ലുകൾ എന്നതിനാൽ നാം വളരെയധികം ശ്രദ്ധയോടെ ചികിത്സിച്ചു മാറ്റേണ്ടുന്ന ഒരു രോഗമായി തന്നെ ഇത്തരം  കല്ലുകളെ കണക്കാക്കേണ്ടതുണ്ട്.

വൃക്കയും അനുബന്ധ അവയവങ്ങളും

ഉദരത്തിൽ പിറകുവശത്തെ ഭിത്തിയോട് ചേർന്ന് നട്ടെല്ലിന് ഇരുവശത്തും വാരിയെല്ലിനു താഴെ ഭാഗത്തായി കൈ മുഷ്ഠിയോളം വലുപ്പവും ആകൃതിയും ഉള്ള രണ്ട് അവയവങ്ങളാണ് വൃക്കകൾ. ഓരോന്നിനും 4 മുതൽ 5 ഇഞ്ച് വരെ നീളമുണ്ടായിരിക്കും ഇതിലേക്ക് രക്തം വരുന്നതും ശുദ്ധീകരിച്ച രക്തം ശരീരത്തിലെ രക്‌ത ചംക്രമണത്തിലേക്ക് തിരിച്ചു പോകുന്നതുമായ രക്തക്കുഴലുകൾ ഇതിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്.

 രക്തത്തിൽ നിന്ന് മൂത്രം വേർതിരിക്കുന്നത് വൃക്കയിലെ ലക്ഷക്കണക്കിന് വരുന്ന സൂക്ഷ്മമായ നെഫ്രോണുകൾ എന്ന അരിപ്പകൾ വഴിയാണ് ഇവ വഴി അരിച്ചെടുക്കുനതായ മൂത്രം യൂറീറ്റെർ എന്നറിയപ്പെടുന്ന കുഴലുകൾ വഴിയാണ് മൂത്രാശയ ത്തിലേക്ക് എത്തുന്നത്.  20 മുതൽ 30 സെൻറീമീറ്റർ വരെ നീളവും 3 മുതൽ 4 മില്ലി മീറ്റർ വ്യാസവുമുള്ള ഈ കുഴലുകളുടെ മുകളറ്റം വികസിതമായതും താഴെ അറ്റം വ്യാസം കുറഞ്ഞതുമാണ്. മുകൾഭാഗം വൃക്കയുടെ പെൽവിസ് എന്ന ഭാഗത്തോട് താഴ്വശം മൂത്രാശയത്തിലും ബന്ധിക്കപ്പെട്ടിരിക്കുന്നു. 

കല്ലുകൾ വൃക്കയിൽ വെച്ച് രൂപപ്പെടുകയും ക്രമേണ വലുതാവുകയും, വൃക്കയിൽ നിന്ന് ഇളകിയ കല്ലുകൾ യൂറീറ്റെർ വഴി നീങ്ങി താഴേക്ക് സഞ്ചരിക്കുമ്പോഴാണ് മിക്കപ്പോഴും ശക്തമായ വേദന അനുഭവപ്പെടുന്നത്. അപ്പോൾ മൂത്രത്തിൽ രക്തവും കാണപ്പെടാം ഇടയിൽ തടയപ്പെട്ട് മൂത്രത്തിന് തടസ്സം ഉണ്ടാക്കിയാൽ വൃക്കകൾക്ക് നീർക്കെട്ട് ഉണ്ടാവുന്ന അവസ്ഥയും ഉണ്ടാകും. ഇത് കൂടുതൽ നാൾ നീണ്ടു നിന്നാൽ വൃക്കയ്ക്ക് തകരാർ ഉണ്ടാകാൻ കാരണമാകും കല്ലുകൾ വൃക്കയിൽ തന്നെ ഇരുന്ന് വലുപ്പം കൂടിയാലും അതിൻറെ പ്രവർത്തനത്തെ തകരാറിലാക്കും. ചെറിയ കല്ലുകൾ ഈ കുഴലുകൾ വഴി ഇറങ്ങി മൂത്രാശയത്തിൽ എത്തിച്ചേർന്നാൽ പുറത്തു പോവുകയോ അവിടെത്തന്നെ ഇരുന്ന് പരലുകൾ വീണ്ടും പറ്റിച്ചേർന്ന് വലുപ്പം കൂടുകയും ചെയ്യാം. ഇങ്ങനെ മൂത്രത്തിലെ കല്ലുകൾ വൃക്കകൾ, യൂറീറ്റെർ, മൂത്രാശയവും എന്നിവിടങ്ങളിൽ പരിശോധനയിൽ കണ്ടെത്താം. 

കല്ലുകൾ രൂപപ്പെടാൻ കാരണം

രക്തത്തിലെ ശുദ്ധീകരണം നടക്കുന്നത് വളരെ സങ്കീർണ്ണമായ പ്രവർത്തനങ്ങളിലൂടെ വൃക്കയിലെ നെഫ്രോണുകൾ എന്ന ചെറിയ അരിപ്പകളിലാണ് രക്തത്തിലെ വിവിധ ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മൂത്രത്തിൻറെ ഘടനയെയും ബാധിക്കുന്നു.  നമ്മുടെ ഭക്ഷണരീതി, ദഹന പ്രക്രിയ, കുടിക്കുന്ന വെള്ളത്തിൽ ഗുണമേന്മയും അളവും- ഇവ ഒക്കെ രക്തത്തിലും മൂത്രത്തിലും വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നു. ശരിയായി രക്ത ശുദ്ധീകരണ പ്രക്രിയ നടക്കാൻ ധാരാളം വെള്ളം ആവശ്യമാണ്. പുറത്തു കളയേണ്ട വസ്തുക്കൾ വെള്ളത്തിൽ ലയിച്ച രൂപത്തിലാണ് മൂത്രമായി പുറത്തു പോകുന്നത്. അതിനാൽ കുടിക്കുന്ന വെള്ളത്തിൻറെ അളവ് കുറയുന്നത് മൂത്രത്തിലെ ഗാഢത കൂട്ടുകയും, മൂത്രത്തിൽ ഏതെങ്കിലും ഘടകം കൂടുതലായി ഉണ്ടായാൽ മൂത്രത്തിൽ ചെറിയ പരലുകൾ രൂപപ്പെടാൻ.  ഇടയാകും ഇത് ദീർഘനാൾ തുടർന്നാൽ പരലുകൾക്ക് വലുപ്പം കൂടി കല്ലായി രൂപപ്പെടുന്നു. അതുകൊണ്ട് നമ്മുടെ ഭക്ഷണരീതിയും വെള്ളം കുടി കുറയുന്നതും ഒക്കെ തന്നെയാണ് കല്ലുകൾ രൂപപ്പെടുന്നതിനും കാരണം എന്ന് അറിയണം. ചില ജനിതക കാരണങ്ങളും മൂത്രത്തിൽ വളരുന്ന സൂക്ഷ്മാണുക്കളുടെ സാന്നിധ്യവും ചിലപ്പോൾ കല്ല് രൂപപ്പെടാൻ ഇടയാക്കാറുണ്ട്. അതിനാൽ ചില ജനവിഭാഗങ്ങളിലും ചില സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ചില പ്രത്യേക ജോലികൾ ചെയ്യുന്നവർക്കും ഇതിന് സാധ്യത കൂടുതൽ കാണാറുണ്ട്. എങ്കിലും സ്ത്രീകളെക്കാൾ സാധ്യത കൂടുതൽ പുരുഷൻമാരിലാണ് കാണാറുള്ളത്. കൂടാതെ 30 വയസ്സിൽ കൂടുതലുള്ളവരിൽ അധികം കാണപ്പെടുന്നു.

കല്ലുകൾ പലതരം

മൂത്രത്തിൽ അളവിൽ കൂടുതൽ വരുന്ന പദാർത്ഥങ്ങൾക്ക് അനുസരിച്ച് രൂപപ്പെടുന്ന കല്ലുകളുടെ ഘടനയിലും വ്യത്യാസങ്ങൾ വരുന്നു. അതിനനുസരിച്ച് അവയുടെ ആകൃതി വലുപ്പം എന്നിവയിൽ മാറ്റമുണ്ടാകുന്നു. കാണപ്പെടുന്ന കല്ലുകളിൽ ഏറ്റവും കൂടുതലായി കാണുന്നത് കാൽസ്യം ഓക്സലേറ്റ് കൊണ്ട് ഉണ്ടാകുന്നവയാണ്.  75 മുതൽ 90 ശതമാനം വരെയും ഇത്തരം കല്ലുകളാണ്.  5 മുതൽ 20 വരെ ശതമാനം കല്ലുകൾക്ക് യൂറിക്ക് ആസിഡ്  മൂലമുള്ളതും 6  മുതൽ 13 ശതമാനം വരെ കാൽസ്യം ഫോസ്‌ഫേറ്റ് മൂലവും, 2 മുതൽ 15 ശതമാനം വരെ സ്ട്രൂവൈറ്റ് കല്ലുകളും ആണ്. സിസ്റ്റീനും  മറ്റു ചില വസ്തുക്കളും ചെറിയ ശതമാനം കല്ലുകൾക്ക് കാരണമാകുന്നു. ഇവയുടെ ഘടന അനുസരിച്ച് രോഗിയിൽ ഉണ്ടാകുന്ന വേദനയിലും വ്യത്യാസം ഉണ്ടാകുന്നതായി കാണാം. ചില കല്ലുകൾക്ക് മൂർച്ചയുള്ള മുള്ളുകൾ പോലുള്ള പുറംഭാഗം കാണാം, ചിലവ വളരെ മിനുസം ഉള്ളതാണ്. മൂത്രത്തിലെ അമ്ലതയും ക്ഷാരതയും  വിവിധ കല്ലുകളുടെ രൂപീകരണത്തിൽ പങ്കുവഹിക്കുന്നു. 

കല്ലുകളുടെ രൂപം, നിറം, വലുപ്പം എന്നിവയും ഇതുമൂലം ഉണ്ടാകുന്ന വേദനയുടെ സ്വഭാവവും    കണക്കിലെടുത്ത് ആയുർവേദത്തിൽ കല്ലുകളെ മൂന്നു വിഭാഗമായി തിരിച്ചിരിക്കുന്നു തരം ചെയ്തിരിക്കുന്നു. വാതാശ്മരി , പിത്താശ്മരി , കഫാശ്മരി എന്നിവയാണ് അവ. ഇന്ന് കാണുന്ന മൂത്രാശയക്കല്ലുകൾ എല്ലാം നമുക്ക് ഈ മൂന്ന് വിഭാഗത്തിലായി ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. ഇവയെ വേർതിരിച്ചറിഞ്ഞു അതിനനുസരിച്ച് ഔഷധങ്ങളും,  കഴിക്കാവുന്നതും കഴിച്ചുകൂടാത്തതുമായ ഭക്ഷണങ്ങളും കുടിക്കുന്ന വെള്ളവും ഒക്കെ ആയുർവേദപ്രകാരം നിർദ്ദേശിക്കുന്നത്. എല്ലാത്തരം കല്ലുകൾക്കും ഒരേ രീതിയിലുള്ള ചികിത്സയല്ല  ആയുർവേദം നിർദ്ദേശിക്കുന്നത് എന്നർത്ഥം. എങ്കിലും പൊതുവായി കല്ലുകളെ അലിയിച്ചു കളയുന്ന ചില ഔഷധങ്ങളും പ്രയോഗത്തിലുണ്ട്

കല്ല് ഉള്ളതിൻറെ ലക്ഷണങ്ങൾ 

വാരിയെല്ലുകളുടെ താഴെ ഭാഗത്തായി ഇരുവശങ്ങളിലും പുറകുവശത്തു ശക്തമായിട്ടുള്ള വേദനയാണ് സാധാരണയായി കണ്ടുവരുന്നത്. ഈ വേദന അടിവയറ്റിലേക്കും ഭഗസ്ഥാനത്തേക്കും ഇറങ്ങുന്നതായി അനുഭവപ്പെടുന്നു. ഈ വേദന ഒരു തരംഗം പോലെ ഇടയ്ക്ക് കൂടിയും കുറഞ്ഞും അനുഭവപ്പെടുന്നു. മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും നിറവ്യത്യാസവും ഉണ്ടാകും. ചിലർക്ക് ഓക്കാനവും ഛർദ്ദിയും അനുഭവപ്പെടാം. ഇൻഫെക്ഷൻ കൂടിയുണ്ടെങ്കിൽ പനിയും വിറയലും കൂടി അനുഭവപ്പെടാം. കല്ല് മൂത്രാശയത്തിൽ ആണെങ്കിൽ അടിവയറ്റിൽ ആയിരിക്കും വേദന കൂടുതൽ കാണപ്പെടുന്നത്. മൂത്രമൊഴിക്കുമ്പോൾ വേദനയും തടസ്സവും മൂത്രത്തിൽ രക്തം കലർന്നതായും കാണപ്പെടാം.

ഇരിക്കാനും കിടക്കാനും പറ്റാത്ത വിധത്തിൽ ശക്തമായ വേദന ഉണ്ടെങ്കിലും, ഛർദ്ദിയും ഓക്കാനവും കൂടെ ഉണ്ടെങ്കിലും, പനിയും വിറയലും ഉണ്ടെങ്കിലും, മൂത്രത്തിൽ രക്തം കലർന്ന് കണ്ടാലും, മൂത്രം ഒഴിക്കാൻ തടസ്സം അനുഭവപ്പെടുകയാണെങ്കിലും ഉടനെ തന്നെ ഡോക്ടറെ കാണാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകളിൽ ആവശ്യമായ മൂത്രപരിശോധന, എക്സറേ, അൾട്രാസൗണ്ട് സ്കാനിങ്, എന്നിവയോ ആവശ്യമാണെങ്കിൽ സിടി സ്കാനോ  എടുത്ത് പരിശോധിച്ചാണ് രോഗത്തിൻറെ അവസ്ഥയെ മനസ്സിലാക്കി ചികിത്സ നിശ്ചയിക്കുന്നത്. സർജറി, കല്ല് പൊടിച്ചു കളയലോ  ആവശ്യമാണോ, അതോ മരുന്നു കഴിച്ചാൽ മതിയോ, അതുമല്ലെങ്കിൽ ധാരാളം വെള്ളം കുടിച്ചാൽ മതിയോ എന്നൊക്കെ  ഡോക്ടർ നിശ്ചയിക്കുന്നത് പരിശോധനയ്ക്ക് ശേഷമാണ്.

ആയുർവേദ ചികിത്സയുടെ പ്രസക്തി 

വൃക്കകൾക്ക് തകരാറു ഉണ്ടാക്കുന്നതിനുമാത്രം കല്ലുകൾ വലുപ്പം ഇല്ലെങ്കിലും, മൂത്രം പോകാതെ തടഞ്ഞു നിൽക്കുന്ന അവസ്ഥ ഇല്ലെങ്കിലും ആയുർവേദ ചികിത്സയിലൂടെ കല്ലുകൾ അലിയിച്ചു കളയുന്നതിനും പുറത്തു കളയുന്നതിനുമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

ആയുർവേദ ഡോക്ടറുടെ നിർദേശാനുസരണം മാത്രം ഇത് ചെയ്യുന്നതാണ് അഭികാമ്യം. മുമ്പ് പറഞ്ഞ വിവിധ പരിശോധനകൾക്ക് ശേഷം ആയിരിക്കും ചികിത്സ നിർണയിക്കുക. തരവും വലിപ്പവും നോക്കി രോഗിയുടെ അവസ്ഥയ്ക്ക് അനുസരിച്ചുള്ള ചികിത്സകൊണ്ട് അപകടരഹിതമായി ചികിത്സിച്ചു മാറ്റുന്നതിന്  സാധിക്കും. ആവശ്യമായ ഘട്ടം ആണെങ്കിൽ അവർ സർജറിക്കായി അതിനുള്ള സ്പെഷ്യലിസ്റ്റിനെ കാണാൻ നിർദ്ദേശിക്കുകയും ചെയ്യും.  ഒരു പ്രാവശ്യം സർജറിയോ പൊടി ച്ചുകളയലോ  നടത്തിയവർക്ക് വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനുള്ള സാധ്യത ഇല്ലാതാക്കാനും  ആയുർവേദ ചികിത്സ ഫലപ്രദമാണ്. കല്ലുകളുടെ ഭാരവും വലുപ്പവും സ്ഥാനവും വേർതിരിച്ച് അറിയാതെയുള്ള ഒറ്റമൂലിചികിത്സകളും സ്വയം ചികിത്സകളും വൃക്കയുടെ ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുണ്ട്.

ചില ചികിത്സാ നിർദ്ദേശങ്ങൾ

  1. മൂത്രത്തിലെ ജലാംശം കുറയുന്നത് മൂത്രത്തിലെ ഗാഢത കൂട്ടാനും കല്ല് രൂപപ്പെടാൻ ഇടയാക്കുന്ന അതിനാൽ ധാരാളം വെള്ളം കുടിക്കുക. കല്ല് ഉള്ളവർ രണ്ടര ലിറ്ററെങ്കിലും മൂത്രം ദിവസവും പോകത്തക്ക വിധത്തിൽ വെള്ളം കുടിക്കുക. മറ്റുള്ളവർ രണ്ടു മുതൽ രണ്ടര ലിറ്റർ വരെ വെള്ളം ദിവസവും കുടിക്കണം. 
  2. കല്ല് ഉള്ളവരും മുമ്പുണ്ടായിട്ടുള്ള വരും പ്രോട്ടീൻ അധികം ചേർന്ന ഭക്ഷണം, ചുവന്ന മാംസം, കാബേജ്, കോളിഫ്ലവർ മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ, മദ്യം, സോഡാ, ചോക്ലേറ്റ്, കശുവണ്ടി, തക്കാളി, ഉപ്പ്, പുളി,എരിവ്  ഇവയുടെ ഉപയോഗം കുറയ്ക്കേണ്ടതാണ്.
  3. കാൽസ്യം അടങ്ങിയ ഗുളികകൾ, സിറപ്പുകൾ, വിറ്റാമിൻ സി എന്നിവയുടെ ഉപയോഗം കുറയ്ക്കണം എന്നാൽ പ്രകൃതിദത്തമായ കാത്സ്യം അടങ്ങിയ പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് ഗുണകരമാണ്.
  4. പ്രമേഹം അമിതവണ്ണം എന്നിവ നിയന്ത്രിക്കണം. മൂത്രത്തിലെ അമ്ലത നിയന്ത്രിച്ചു നിർത്തണം.
  5. കരിക്കിൻ വെള്ളം, ബാർലി വെള്ളം, ഞെരിഞ്ഞിൽ, തഴുതാമ ഇവയിട്ട് തിളപ്പിച്ച വെള്ളം ഇവയും  ഉപയോഗിക്കുന്നത് നല്ലതാണ്.
  6. കല്ലുരുക്കി, കല്ലൂർവഞ്ചി,, മുരിങ്ങ വേരിലെ തൊലി ഏലത്തരി ഇവ ഒറ്റമൂലികൾ ആയി ഉപയോഗപ്രദം ആണെങ്കിലും വൈദ്യ നിർദ്ദേശാനുസരണം മാത്രം ഉപയോഗിക്കുക. 
  7. രോഗ തീവ്രത യ്ക്കും കല്ലിൻറെ വ്യത്യാസത്തിനും അനുസരിച്ച് വിവിധ കഷായങ്ങൾ, അരിഷ്ടങ്ങൾ, ഗുളികകൾ ഘൃതങ്ങൾ എന്നിവ വൈദ്യനിർദേശപ്രകാരം ഉപയോഗിക്കുക. അവഗാഹ സ്വേദം  പോലുള്ള ചികിത്സകളും വേദനാ ശമനത്തിനും കല്ലിനെ പുറത്തു കളയുന്നതിനും പ്രയോജനപ്രദമാണ്.

ഇത്തരത്തിൽ ശരിയായി  രോഗനിർണയം ചെയ്തു ചികിത്സിക്കുകയും, കൃത്യമായ ഭക്ഷണത്തിൻറെയും  വെള്ളത്തിൻറെയും ഉപയോഗം എന്നിവയിൽ ശ്രദ്ധിക്കുകയും അനുബന്ധരോഗങ്ങൾ നിയന്ത്രിക്കുകയും ചെയ്താൽ മൂത്രത്തിലെ കല്ല് കൊണ്ടുള്ള ആരോഗ്യ പ്രശ്നം നിയന്ത്രണവിധേയമാക്കാൻ സാധിക്കും എന്നുള്ളതിൽ സംശയമില്ല. 

Disclaimer: The above article is for general awareness and informational purposes only. It should not be taken as medical advice. If you have any concerns about your health, please consult with your healthcare provider for proper diagnosis and treatment.