(under the aegis of Ashtanga Educational Trust)

The Leading Ayurveda Medical College Hospital & Research Center
Search

ലോക പ്രമേഹ ദിനം – ഡോ:കെ. മനോജ് കുമാർ



ലോക പ്രമേഹ ദിനം

ഡോ:കെ. മനോജ് കുമാർ,

അസോസിയേറ്റ് പ്രൊഫസ്സർ , കായ ചികിത്സാ വിഭാഗം,

അഷ്ടാംഗം ആയുർവേദ കോളേജ്, വാവന്നൂർ, കൂറ്റനാട്, പാലക്കാട് .

 

ഇന്ന് നവംബർ 14 ലോക പ്രമേഹ ദിനം. 100 വർഷം മുമ്പ് 1922 ൽ ഇൻസുലിൻ കണ്ടു പിടിച്ചതിൻ്റെ ഓർമ്മക്കായാണ് ഈ ദിനം ആഘോഷിക്കുന്നത് . ഇൻസുലിൻ കണ്ടു പിടിച്ച Dr. Frederick Banting ന്റെ ജന്മദിനമായ നവംബർ 14 ന് ഇത് ലോകമെങ്ങും ആഘോഷിക്കുന്നു. 

വളരെയധികം അനുബന്ധ രോഗങ്ങൾക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കും മരണത്തിന് തന്നെയും കാരണമാകുന്ന പ്രമേഹത്തെ വലിയ തോതിൽ നിയന്ത്രിക്കാൻ ഈ കണ്ടുപിടുത്തം കൊണ്ട് സാധിച്ചു. പിന്നീട് പല മരുന്നുകളും കണ്ടു പിടിക്കപ്പെട്ടു. ഇവ കൊണ്ട് പ്രമേഹരോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും ആയുർദൈർഘ്യം കൂട്ടാനും സാധിച്ചു. എങ്കിലും പ്രമേഹരോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി കൊണ്ടിരിക്കുന്നു.  ഇപ്പാൾ ലോകത്ത് 42 കോടി 20 ലക്ഷം ജനങ്ങൾ പ്രമേഹ രോഗബാധിതരായുണ്ട്. ഒരു വർഷം 15 ലക്ഷം ആളുകൾ പ്രമേഹം കൊണ്ട് മരിക്കുന്നു. ഒരു ജീവിത ശൈലി രോഗമാണെങ്കിലും പകർച്ചവ്യാധി പോലെ എല്ലാ രാജ്യങ്ങളിലും വർദ്ധിക്കുന്നു.

  അതു കൊണ്ട് ” Access to diabetic care . If not now, when? ” എന്ന ചോദ്യമുയർത്തി കൊണ്ട് പ്രമേഹ രോഗികൾക്ക് ശരിയായ ശ്രദ്ധ കിട്ടുന്നതിനാണ് ഈ വർഷത്തെ പ്രമേഹ ദിനത്തിൽ WHO പ്രാധാന്യം കൊടുത്തിരിക്കുന്നത്. 

ഇൻസുലിൻ ഏറ്റവും ഉപയോഗപ്രദമായിരിക്കുന്നത് ടൈപ്പ് –1 പ്രമേഹത്തിലാണ്. ഇതിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളുടെ നാശമാണ് കാരണമായിരിക്കുന്നത്. ജനിതക കാരണങ്ങളോ ഇൻഫെക്ഷനോ ഓട്ടോ ഇമ്മ്യൂൺ തകരാറുകളോ ഇതിന് കാരണമാകാം. ഇത് കുട്ടികളിലും ചെറിയ പ്രായക്കാരിലും കൂടുതലായി കാണപ്പെടുന്നു. ഇതിന് ഗുളികരൂപത്തിലുള്ള മരുന്നുകൾ ഫലവത്തായി കാണുന്നില്ല.

എന്നാൽ ടൈപ്പ് 2 പ്രമേഹം യൗവനത്തിനു ശേഷമാണ് കണ്ടു വരുന്നത്. പാരമ്പര്യം ഒരു ഘടകമാണെങ്കിലും തെറ്റായ ജീവിത ശൈലിയും ഭക്ഷണരീതികളും തന്നെയാണ് ഇത് വളരെയേറെ വ്യാപകമാകാൻ കാരണം. ഇൻസുലിൻ റസിസ്റ്റൻസാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ, ആവശ്യമായ കോശങ്ങളിൽ എത്താൻ തടസ്സമുണ്ടാക്കുന്ന ചില ഘടകങ്ങൾ ഇവരുടെ ശരീരത്തിൽ രൂപപ്പെടുന്നു എന്നതാണ് കാരണം. ശരീരത്തിലെ കൊഴുപ്പ് കോശങ്ങൾക്ക് ഇതിൽ ഒരു പ്രധാന പങ്കുണ്ട്. അമിത വണ്ണമുണ്ടാക്കുന്ന ജീവിത രീതി, വ്യായാമമില്ലായ്മ, പകലുറക്കം, ഭക്ഷണത്തിൽ നിയന്ത്രണമില്ലായ്മ ഇവയാണ് ഇതിലേക്ക് നയിക്കുന്നത്.

ഇൻസുലിൻ റസിസ്റ്റൻസ് പരിഹരിക്കുന്നതിനുള്ള മരുന്നുകളും , കൂടുതൽ ഇൻസുലിൻ പാൻക്രിയാസിലെ കോശങ്ങളെ കൊണ്ട് ഉൽപാദിപ്പിക്കുന്ന മരുന്നുകളും ആണ് ഇതിൽ കൊടുത്തുവരുന്നത്. പക്ഷേ കാലക്രമേണ ഈ കോശങ്ങൾക്ക് നാശം സംഭവിക്കുമ്പോൾ ഇൻസുലിൻ ഇൻജെക്ഷൻ കൊടുക്കേണ്ട സ്ഥിതിയിലേക്ക് രോഗി എത്തിച്ചേരുന്നു. ശരിയായ വ്യായാമവും ഭക്ഷണ നിയന്ത്രണവും ഇല്ലെങ്കിൽ ഇതിന് സാധ്യത കൂടുതലാണ്. ജീവിത ശൈലീ രോഗമായതിനാൽ മരുന്നുകളെ മാത്രം ആശ്രയിച്ച് രോഗ നിയന്ത്രണത്തിന് ശ്രമിക്കുന്നത് അഭികാമ്യമല്ല. ദീർഘകാലമായി കഴിക്കുന്ന മരുന്നുകളും ചിലർക്ക് പാർശ്വഫലങ്ങൾക്ക് കാരണമാകാം.

ശരിയായ രീതിയിൽ പ്രമേഹ രോഗത്തെ നിയന്ത്രിച്ചില്ലെങ്കിൽ പിന്നീട് കണ്ണിനേയും വൃക്കകളേയും ബാധിക്കുന്നു. ചെറിയ രക്തകുഴലുകളെ ബാധിച്ച് കാലിൽ മാറാത്ത വ്രണങ്ങൾ ഉണ്ടാകാനോ, ഹൃദ്രോഗത്തിനോ, പക്ഷാഘാതത്തിനോ കാരണമായേക്കാം. ഞരമ്പുകൾക്ക് ബലക്ഷയമുണ്ടായി തരിപ്പ്, വേദന, കൈകാലുകൾക്ക് ബലക്കുറവ്, ലൈംഗിക ശേഷിക്കുറവ് തുടങ്ങി വിവിധ പ്രയാസങ്ങളുണ്ടാക്കാനും ഇടയുണ്ട്.

അതുകൊണ്ട് പ്രമേഹത്തെ കേവലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗമായി മാത്രം കണ്ടാൽ പോര. ചെറിയ രക്ത കുഴലുകളിലെ ഇൻഫ്ളമേഷനാണ് പ്രധാന പ്രശ്നമായി വരുന്നത്. രോഗം ഉണ്ടാകുന്നതിന് ശരീരത്തിലെ കൊഴുപ്പ് കോശങ്ങൾക്ക് പ്രധാന പങ്കുണ്ട്. അതിനാൽ അമിത വണ്ണമുള്ളവർക്കും , അമിത വണ്ണത്തിന് കാരണമാകുന്ന ജീവിതശൈലി സ്വീകരിക്കുന്ന മറ്റുള്ളവർക്കും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അതിനാൽ കേവലം ഔഷധചികിത്സ മാത്രമാക്കാതെ  ജീവിതശൈലിയിൽ മാറ്റം വരുത്തി- നിയന്ത്രിതമായ ആഹാര രീതിയും ആവശ്യത്തിന് വ്യായാമവും ആവശ്യത്തിന് ഉറക്കവും മാനസിക സമ്മർദ്ദം ഇല്ലാതിരിക്കലും ഒക്കെ പ്രമേഹചികിത്സയിൽ ഉൾപ്പെടുത്തുന്നതിന് വളരെ പ്രാധാന്യമുണ്ടെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതൊക്കെ ചിട്ടയോടെ ചെയ്താൽ മരുന്നുകൾ ഇല്ലാതെ സാധാരണ ജീവിതം നയിക്കാവുന്ന അവസ്ഥയിലെത്താൻ മിക്ക രോഗികൾക്കും സാധിക്കും. 

ഈ കാര്യത്തിൽ ആയുർവേദ ഗ്രന്ഥങ്ങളിലെ ചികിത്സകൾ പരിശോധിച്ചാൽ- ഇന്ന് ശാസ്ത്രലോകം നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ  എത്തിച്ചേർന്ന പല കാര്യങ്ങളെക്കുറിച്ചും സമാനമായ അഭിപ്രായങ്ങൾ തന്നെ  അവർ വ്യക്തമായി സഹസ്രാബ്ദങ്ങൾക്ക് മുമ്പ് രേഖപ്പെടുത്തിയതായി കാണാം.  പ്രമേഹ രോഗിയുടെ മൂത്രപരിശോധനയെ ആധാരമാക്കി ലക്ഷണത്തിനനുസരിച്ച് 20 വിധത്തിലായി വിഭജിച്ച് ചികിത്സ പറഞ്ഞിട്ടുണ്ട്. അതുപോലെ അമിത വണ്ണമുള്ള രോഗിക്കും മെലിഞ്ഞ രോഗിക്കും വ്യത്യസ്ത ചികിത്സകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പ്രമേഹത്തിന്റെ ലക്ഷണങ്ങളനുസരിച്ച വാത പ്രമേഹം, പിത്ത പ്രമേഹം, കഫപ്രമേഹം എന്ന് വിഭജിച്ച് ചികിത്സകൾ നിർദ്ദേശിച്ചിട്ടുണ്ട്.  പ്രമേഹത്തിന് കാരണമാകുന്നതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ചും വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാനസിക സംഘർഷം ഒഴിവാക്കേണ്ടതിനെക്കുറിച്ചും ശരീരത്തിലെ മേദസ്സിന്റെ ദുഷ്ടി രോഗകാരണമാകുന്നതിനെ കുറിച്ചും ഒക്കെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ പരിശോധിച്ചാണ് ചികിത്സകൾ നിർണ്ണയിക്കപ്പെടുന്നത്.   

കാരണങ്ങളെ ഒഴിവാക്കുന്നതോടൊപ്പം പ്രമേഹ നിയന്ത്രണത്തിനായി രോഗത്തിന്റേയും രോഗിയുടേയും അവസ്ഥയ്ക്കനുസരിച്ച് ഉപയോഗിക്കേണ്ട കഷായങ്ങളും ഗുളികകളും ഘൃതങ്ങളും അരിഷ്ടങ്ങളും ഒക്കെ നിർദ്ദേശിച്ചിട്ടുണ്ട്. നെല്ലിക്കയും മഞ്ഞളും പ്രത്യേക അനുപാദത്തിൽ സ്ഥിരമായി കഴിക്കുന്നത് രോഗ നിയന്ത്രണത്തിനും ഉപദ്രവ രോഗങ്ങൾ ഇല്ലാതാക്കുന്നതിനും സഹായിക്കും. പ്രമേഹത്തിന്റെ ഉപദ്രവമായി കാണുന്ന വിട്ടുമാറാത്ത വ്രണങ്ങൾ , ശരീരക്ഷീണംകൈകാലുകൾക്ക് വേദന , തരിപ്പ്, ബലക്കുറവ് ഇവയും ചികിൽസയിലൂടെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുന്നു. കന്മദ രസായനം പോലുള്ള പ്രത്യേക ഔഷധങ്ങൾ കൊണ്ടുള്ള രസായന ചികിത്സ ഇത്തരം അവസ്ഥകളിൽ ഫലപ്രദമാണ്.

ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ ശുദ്ധമായ ചികിത്സയെന്നാൽ ഒരു രോഗം ചികിത്‌സിച്ചാൽ അത് മാറുമ്പോൾ മറ്റൊരു രോഗത്തെ ഉണ്ടാക്കാൻ പാടില്ല. ഈ നിഷ്കർഷയോടെയാണ് പ്രകൃതിദത്തമായ ഔഷധ ചേരുവകളും വ്യായാമവും പത്ഥ്യക്രമങ്ങളും പഞ്ചകർമ്മങ്ങളും കൊണ്ട് പ്രമേഹശമനത്തിനായി ചികിത്സകൾ നിശ്ചയിച്ചിട്ടുള്ളത്. അവ തുടക്കത്തിലേ ശരിയായി ഉപയോഗിച്ചാൽ പാർശ്വഫലങ്ങളോ ഉപദ്രവവ്യാധികളോ ഇല്ലാതെ പ്രമേഹരോഗത്തെ നിയന്ത്രണ വിധേയമാക്കാം. ഇൻസുലിനും മറ്റ് മരുന്നുകളും ഉപയോഗിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അവ ഒഴിവാക്കുകയോ, ഡോസ് കുറയ്ക്കുകയോ , സ്വയം ചികിത്സ ചെയ്യാനോ പാടില്ല എന്ന് പ്രത്യേകം ഓർക്കുക. 

    ഓരോ കുടുംബത്തിലും ശരാശരി ഒരു പ്രമേഹരോഗിയെങ്കിലും ഉണ്ട് എന്ന അവസ്ഥയിൽ എത്തി നിൽക്കുന്ന നമ്മുടെ നാട്ടിൽ – പ്രമേഹമുള്ള വ്യക്തിയെ സമഗ്രമായി ആരോഗ്യത്തിലേക്ക് നയിക്കാനും, പ്രമേഹമില്ലാത്തവർക്ക് അത് വരാതിരിക്കാനുമായി ആയുർവേദത്തെ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേഹദിനത്തിൽ ഓർമ്മിപ്പിക്കാനുള്ളത്.

              

                                            *****************************