(under the aegis of Ashtanga Educational Trust)

The Leading Ayurveda Medical College Hospital & Research Center

ഗർഭിണീ പരിചര്യ

By Dr. Harsha & Dr. Udayakala P

ഗർഭിണിയായ സ്ത്രീ തൻ്റെ ഗർഭാശയത്തിനുള്ളിൽ പുതിയൊരു ജീവന് പാലനവും പോഷണവും നൽകുന്നതിനാൽ അവൾക്ക് വളരെ ശ്രദ്ധയോട് കൂടിയ പ്രത്യേക പരിചരണങ്ങൾ നൽകേണ്ടത് അത്യന്താപേക്ഷികമാണ്,

ശരീരത്തിൽ രണ്ട് ഹൃദയം പേറുന്നവളെന്ന അർത്ഥത്തിൽ ദൗഹൃദിനി എന്നറിയപ്പെടുന്ന ഗർഭിണിയെ പൂർണ്ണമായി നിറഞ്ഞിരിക്കുന്ന ഒരു കുംഭത്തെ സംരക്ഷിക്കുന്നതിന് സമാനമായി പരിപാലിക്കണമെന്നാണ് പറയുന്നത്. ചെറിയൊരു തട്ടലോ മുട്ടലോ അശ്രദ്ധയോ കുംഭത്തെ / ഗർഭിണിയെ ബുദ്ധിമുട്ടിലാക്കുകയും തകർച്ചയിലെത്തിക്കുകയും ചെയ്യാം അതിനാൽ തന്നെ പ്രത്യേക ശ്രദ്ധ ഗർഭിണീ പരിപാലനത്തിൽ സ്വീകരിക്കേണ്ടതാണ്.

ഗർഭിണിയുടെ ആഹാര ,വിഹാര ,മാനസിക ശാരീരിക ജീവിത ചര്യകൾ ശരിയായ രീതിയിൽ ക്രമീകരിക്കുന്നതു വഴി കുഞ്ഞിൻ്റെയും അമ്മയുടെയും ആയുസ്സും ആരോഗ്യവും വർധിക്കുകയും പ്രസവം ഒരു ബാലികേറാമലയല്ലാതാവുകയും ചെയ്യുന്നു .ഇതിന് ഭർത്താവിൻ്റെയും കുടുംബാഗങ്ങളുടെയും വൈദ്യൻ്റെയും പരിചാരകരുടെയുമെല്ലാം പൂർണ്ണ സഹകരം ഗർഭിണിയുടെ ആവശ്യാനുസരണം സജ്ജമാക്കേണ്ടതുണ്ട്.

പ്രീ കൺസെപ്ഷൻ കെയർ എന്ന രീതിയിൽ ഗർഭധാരണം ആഗ്രഹിക്കുന്ന ദമ്പതികൾ ശോധന പ്രക്രിയയിലൂടെ ശരീരവും മനസ്സും ശുദ്ധമാക്കുന്നത് ആരോഗ്യമുള്ള ഒരു തലമുറയെ പ്രദാനം ചെയ്യുന്നതിന് സഹായിക്കും. 

ഇങ്ങനെയെല്ലാം ശുദ്ധിയായ ശരീരത്തിൽ കാലവും സാഹചര്യവും ശരിയായാൽ ഗർഭധാരണം നടക്കുന്നു. അതിൻ്റെ തൊട്ടടുത്ത ദിവസം മുതൽ ഗർഭിണീ പരിചര്യ അഥവാ ആൻ്റി നാറ്റൽ കെയർ തുടങ്ങാം . അമ്മ കഴിക്കുന്ന ആഹാരമാണ് കുഞ്ഞായി മാറുന്നത് / കുഞ്ഞിൻ്റെ വളർച്ചയ്ക്കുതകുന്നത് ,ആയതിനാൽ തന്നെ പ്രത്യേക ശ്രദ്ധ ആഹാരത്തിൻ്റെ കാര്യത്തിൽ വേണം. അമ്മയുടെയും കുഞ്ഞിൻ്റെയും ശരീരപുഷ്ടിയ്ക്കുതകുന്നതും ,പോഷകഗുണ സമ്പുഷ്ടമായതും ,സ് നിഗദ്ധ മധുരമായതുമായ ഭക്ഷണങ്ങൾ ആണ് ഗർഭിണിക്കേറ്റവും ആവശ്യം .ഇത് സ്തന്യജനകം കൂടിയാൽ ഉത്തമമാണ്.

ഏത് ഭക്ഷണം കഴിക്കുമ്പോഴും അത് ഗർഭിണിയുടെ ശരീരപ്രകൃതിയ്ക്കും നിലവിലെ അവസ്ഥയ്ക്കും അനുയോജ്യമായ താണോ എന്ന് പരിശോധിക്കണം .

ആദ്യത്തെ മൂന്ന് മാസത്തിൽ പൊതുവെ ഛർദ്ദിയും ക്ഷീണവും വായുവൈഗുണ്യവും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ നിർജലീകരണം തടയുന്നതിൻ്റെ ഭാഗമായിട്ട് കൂടി കൂടുതൽ ജലാംശം ഉള്ള ആഹാരം കഴിക്കണം .ഭക്ഷണത്തോട് താൽപര്യക്കുറവ് ഉണ്ടെങ്കിലും അല്പാല്പമായി ഇടവിട്ട് മിതത്വത്തിൽ ആഹാരമാവാം ,ഈ സമയങ്ങളിൽ കുഞ്ഞ് വളർച്ചയുടെ പ്രഥമ ഘട്ടത്തിലായതിനാൽ കുഞ്ഞിനാവശ്യമായ പോഷകങ്ങളിൽ കുറവ് വരാനും പാടില്ല ,ഈ സാഹചര്യത്തിലാണ് വിവിധ തരത്തിലുള്ള പാൽക്കഷായങ്ങൾ ആയുർവേദത്തിൽ പറയുന്നത്. ഓരോ മാസത്തെയും കുഞ്ഞിൻ്റെ വളർച്ചയ്ക്ക് അനുസരിച്ചാണ് അതത് മാസത്തെ ക്ഷീരകഷായത്തിൽ ചേർക്കേണ്ട ഔഷധങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

ആദ്യമാസത്തിൽ പറയുന്ന കുറുന്തോട്ടി പാൽ കഷായം തന്നെ 9 മാസവും തുടർന്ന് കഴിക്കുന്ന ഒരു രീതിയും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. 

“ആയിരം  കുറുന്തോട്ടി വേരിട്ട് തിളപ്പിച്ച് വെള്ളം കുടിച്ചാൽ അര നാഴിക കൊണ്ട് പ്രസവം നടക്കും ”  എന്നൊരു ചൊല്ലു വരെ പ്രചാരത്തിലുണ്ട്. 

ശരീരത്തിൽ ആവശ്യമുള്ള പോഷകങ്ങളാണ് ഗർഭിണിയുടെ ആഗ്രഹമായി പുറത്തു വരുന്നത് ,അത് നിഷേധിക്കുന്നത് വഴി പോഷകക്കുറവ് മൂലമുള്ള വൈകല്യങ്ങൾ കുഞ്ഞിന് വരാം ,അതിനാൽ അത്രമേൽ ഹിതമല്ലാത്ത ഗർഭിണിയുടെ ആഗ്രഹങ്ങളാണെങ്കിൽ പോലും മിതമായെങ്കിലും സാധിച്ച് കൊടുക്കണം. 

പയർവർഗ്ഗങ്ങൾ ,നട്ട്സ് ,ഇലക്കറികൾ ,പാലും പാലുൽപന്നങ്ങളും ,തേനും ചുവന്നയരിച്ചോറും ,പച്ചക്കറികളും ,ചെറു മത്സ്യങ്ങളുമെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തണം.

ചായ ,കാപ്പി ,ജങ്ക് ഫുഡ്സ് ,പുറമെ നിന്നുള്ള ഭക്ഷണം ,KFC ,പിസ്സ മുതലായവ ,മദ്യം ,തീക്ഷ്ണമായ ആഹാരം ,എള്ള് ,പച്ച പപ്പായ ,പൈനാപ്പിൾ ,ഈന്തപ്പഴം എന്നിവ കഴിവതും വർജ്ജിക്കാൻ ശ്രമിക്കണം.

ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യാനുള്ള സമയം കൂടിയാണ് ഗർഭകാലം .

ഭക്ഷണശേഷം 10-30 മിനുറ്റ് നിരപ്പായ പ്രതലത്തിലൂടെ നടക്കുന്നത് ഗ്യാസിൻ്റെ ബുദ്ധിമുട്ട് മാറാൻ സഹായിക്കും .കിടക്കുന്ന സമയത്ത് ഇടത് വശം ചരിഞ്ഞ് കിടക്കണം ,വലതുവശം ചരിഞ്ഞാൽ കരളിൻ്റെ ഭാരം ഗർഭാശയത്തെ ബുദ്ധിമുട്ടിയ്ക്കാം ,രാത്രി കിടക്കുന്നതിന് 2 മണിക്കൂർ മുൻപ് ഭക്ഷണം കഴിയ്ക്കണം ,വിശന്നിരിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിനോടൊപ്പം  ധാരാളം വെള്ളം കുടിക്കുവാനും ശ്രദ്ധിക്കണം . കിടന്നാൽ മറുവശം ചരിഞ്ഞ് കിടക്കുന്നതിനു വേണ്ടി എഴുന്നേറ്റിരുന്ന് ചരിയണം. പകലുറങ്ങരുത് എന്നാണെങ്കിലും ചെറിയ മയക്കമോ കിടക്കലോ ആവാം ,ചരിഞ്ഞ് കിടക്കുമ്പോൾ രണ്ട് ഉൾ തുടകൾക്കിടയിലായി ഒരു തലയിണ വെയ്ക്കാം ,മനസ്സിന് സമാധാനവും സന്തോഷവും ലഭിക്കുന്ന കാര്യങ്ങളിൽ ഇടപെടാം ,അഭിരുചികൾക്കനുസരിച്ച് പാട്ടോ ഡാൻസോ എഴുത്തോ വായനയോ ……….. അങ്ങനെ ചെയ്യുന്നത് കുട്ടിയിലെ സർഗശേഷിയെയും വർധിപ്പിക്കും . ഇഷ്ടമുള്ള സ്ഥലത്ത് പ്രിയപ്പെട്ട ആളുകളുടെ സംസർഗത്തിൽ സന്തോഷ പൂർണ്ണമായ ഒരു ഗർഭകാലം ഓരോ ഗർഭിണിയുടെയും അവകാശം കൂടിയാണ്.

പെട്ടെന്ന് കുനിയാതിരിക്കുക ,ഇരുചക്ര ,ഓട്ടോ യാത്രകൾ ഒഴിവാക്കുക ,മൊബൈൽ ഉപയോഗം കുറയ്ക്കുക ,കലഹങ്ങളിൽ നിന്ന് മാറി നില്ക്കുക എന്നിവയെല്ലാം ഗർഭിണി ശ്രദ്ധിക്കേണ്ടതാണ് .

രാത്രി 8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം .

 ശാരീരികവും മാനസികവുമായി

ആയാസമുള്ളതല്ലെങ്കിൽ പ്രസവം വരെയും ഗർഭിണിയ്ക്ക് തൻ്റെ ജോലിയിൽ തുടരാം ,ചെറിയ രീതിയിലുള്ള യോഗ ,പ്രാണായാമങ്ങൾ ഈ സമയത്ത് ചെയ്യുന്നത് നല്ലതാണ് 

ഭദ്രാസനം ,പത്മാസനം ,ശവാസനം ,ത്രികോണാസനം ,വക്രാസനം ,എന്നിവയെല്ലാം സാധാരണ ഗർഭിണികൾക്ക് ചെയ്യാം ,അനുലോമ വിലോമ – നാഡീ ശുദ്ധി പ്രാണായാമവും ഉത്തമമാണ്. 

അസ്ഥി ആരോഗ്യകരമായി നിലനിർത്തുന്നതിനും, മെച്ചപ്പെട്ട രക്തചംക്രമണത്തിനുള്ള പേശികൾ നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിനും, ശരീരത്തിന് സന്തുലിതാവസ്ഥ നൽകുന്നതിനും, ചർമ്മത്തെ സമൃദ്ധമായി നിലനിർത്തുന്നതിനും, പിരിമുറുക്കം ഒഴിവാക്കുന്നതിനും, പ്രസവവേദനയ്ക്കും പ്രസവത്തിനും തയ്യാറെടുക്കുന്നതിനും യോഗയിലെ വിവിധ ആസനങ്ങൾ ചെയ്യുന്നത് ഗുണം ചെയ്യും .

ഗർഭകാലത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ചില ചികിത്സാ ക്രമങ്ങൾ ആയുർവേദം അനുശാസിക്കാറുണ്ട്. മുഖത്തും കഴുത്തിലും വരുന്ന കറുത്ത പാടുകൾക്ക് ലേപവും വയറിലെ ത്വക് വലിഞ്ഞുണ്ടാകുന്ന വരകൾക്ക് ലാക്ഷാദി പോലുള്ള എണ്ണ കൊണ്ടുള്ള ചെറിയ രീതിയിലുള്ള അഭ്യംഗവും ,വാത ഹര ഔഷധങ്ങൾ ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിലുള്ള കുളിയുമെല്ലാം ഗർഭിണിക്ക് സുഖവും കാന്തിയും നല്കുന്നുണ്ട് .

എട്ടാം മാസമെല്ലാം ആവുന്ന സമയത്ത് ഗർഭാശയം വലുതാവുന്നതിൻ്റെ ഫലമായി വായുവിൻ്റെ സാധാരണ ഗതി തടസ്സപ്പെടുകയും അത് പല തരത്തിലുള്ള ബുദ്ധിമുട്ടുകളിലേക്ക് ( മലബന്ധം ,നടുവേദന ,മൂത്ര സംബന്ധ വികാരങ്ങൾ ) നയിക്കുകയും ചെയ്യുന്നു. ഇത് ഒഴിവാക്കുവാനായി അനുവാസന വസ്തി ,യോനീ പിചു എന്നിവ 8 ,9 മാസങ്ങളിൽ ചെയ്യാം ,ഇതു വഴി ഗർഭാശയവും ,ഗർഭാശയമാർഗവും കൂടുതൽ മൃദുവാവുകയും വാതാനുലോമ്യം വന്ന് പ്രസവം താരതമ്യേന എളുപ്പത്തിലാവുകയും മലമൂത്ര ,മറുപിള്ളയുടെ വിസർഗ്ഗം യഥാകാലം  നടക്കുകയും ചെയ്യുന്നു. 

ഗർഭിണീ രക്ഷയുടെ ഭാഗമായി ചില ദ്രവ്യങ്ങൾ ശരീരത്തിൽ ധരിക്കാൻ പറയുന്നുണ്ട്. അത് അമ്മയ്ക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ദൃഷ്ടി ദോഷത്തെ നശിപ്പിക്കുകയും ചെയ്യും .അരക്കെട്ടിനു ചുറ്റും ത്രികോൽപ്പ കൊന്ന കൊണ്ട് ധാരണം നടത്തുന്നത് ഇതിന് ഒരു ഉദാഹരണമാണ്. 8 മാസത്തിനു മുൻപേയു ള്ള ഗർഭപാതവും മൃത ഗർഭവും തടയുന്നതിനായി വരണ ബന്ധവും മാതംഗി വിദ്യയുമെല്ലാം ആയുർവേദം പ്രതിപാദിക്കുന്നുണ്ട്. 

ഓരോ മാസത്തെയും കുഞ്ഞിൻ്റെ വളർച്ചയും അമ്മയുടെ ബുദ്ധിമുട്ടുകളും നോക്കി മഹാധന്വന്തരം ഗുളിക മുതൽ സുഖപ്രസവദ ഘൃതം തുടങ്ങി … ഗർഭസംരക്ഷണം ചെയ്യുന്ന മരുന്നുകൾ നമുക്ക് നല്കാൻ കഴിയും. ആഹാരത്തിനും ഔഷധത്തിനുമപ്പുറം സന്തോഷ പൂർണ്ണമായ ഒരു ഗർഭകാലം ആയുർവേദത്തിൻ്റെ തണലിൽ നമുക്കണിയിച്ചൊരുക്കാം . ശരിയായ രീതിയിലുള്ള ഗർഭിണീ പരിചര്യ ചെയ്യുന്നതു വഴി പ്രസവം ഒരു പ്രശ്നമല്ലാതാക്കാം .