Ayurveda Multi Speciality Medical College Hospital

Search

സോറിയാസിസ് – രോഗിയെ അറിഞ്ഞു ചികിത്സിക്കുമ്പോൾ

രോഗം നേരിട്ട് വരുത്തുന്ന വിഷമതകളേക്കാൾ, രോഗത്തെ പറ്റിയുള്ള ആകുലതകൾ കൊണ്ടുവരുന്ന പ്രയാസങ്ങളാണ് ഒരു സോറിയാസിസ് രോഗി കൂടുതലായും നേരിടേണ്ടി വരുന്നത്.

സൗഹൃദങ്ങൾ, ജോലി, പ്രണയം, ദാമ്പത്യം,  സാമൂഹികമായ ഒത്തുചേരലുകൾ തുടങ്ങി മനുഷ്യന്റെ വൈകാരികമായ എല്ലാ ബന്ധങ്ങളിലും വിള്ളൽ തീർക്കുന്നത് പലപ്പോഴും സോറിയാസിസ് എന്ന രോഗം അല്ല മറിച്ച് സമൂഹത്തിന്റെയും രോഗിയുടെയും ധാരണകളും ആകുലതകളും ആണ്. രോഗിയുടെയും ചികിത്സകന്റെയും സമൂഹത്തിന്റെയും ഭാഗത്ത് നിന്നുള്ള  ഈ തിരിച്ചറിവ് രോഗശമനത്തിന് തന്നെ സുപ്രധാനമായ ഒരു ഘടകം ആകുന്നതായി കാണാം.

മാനസികമായ ചെറിയ സമ്മർദങ്ങൾ പോലും രോഗവർധനവിന് കാരണമായി പ്രവർത്തിക്കുന്നത് എങ്ങിനെ ആണെന്ന് സോറിയാസിസ് കാണിച്ച് തരുന്നുണ്ട്. ഇത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാ രോഗങ്ങൾക്കും ബാധകവുമാണ്. ഒരു മുറിവിനോട് അല്ലെങ്കിൽ രോഗാണുക്കളോട് രോഗപ്രതിരോധശക്തി എങ്ങനെയാണോ പ്രതികരിക്കുന്നത് അതുപോലെ  മാനസികമായ മുറിവുകളോടും അത് പ്രതികരിക്കുന്നുണ്ട്. സാധാരണയിൽ നിന്ന് അധികരിച്ച ഇത്തരം പ്രതികരണങ്ങൾ രോഗ ഉത്പാദനത്തിനും, ഉള്ള രോഗത്തിന്റെ വർദ്ധനവിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം മാനസിക ആഘാതങ്ങളിൽ നിന്നുമുള്ള രക്ഷ ചികിത്സയുടെ അവിഭാജ്യ ഘടകമാവുന്നു.

‘രോഗിയുടെ മനസ്സിൻ്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലാത്ത ചികിത്സകന്  രോഗശമനം അസാധ്യമാകുന്നു’ എന്ന ചരകസംഹിതാ വാക്യം ഇതിന്റെ തന്നെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നു  

മരുന്നുകൾ ഒഴിച്ച് കൂടാത്തതു തന്നെയെങ്കിലും അത് ചികിത്സായുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. രോഗിയുടെ യഥാർത്ഥ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി,അതിന് കൂടി പരിഹാരം കണ്ടെത്തി കൊടുക്കേണ്ടത് ചികിത്സകൻ്റെ കടമയാകുന്നു. സോറിയാസിസ് രോഗിയെ സംബന്ധിച്ച് സാധാരണമായി കാണപ്പെടുന്ന  ഇത്തരം വിഷയങ്ങൾ ഏതൊക്കെയെന്നും അവയെ നുക്കൊരുമിച്ച് എങ്ങിനെ അഭിമുഖീകരിക്കാം എന്നും നോക്കാം.

രോഗ കാരണമായും രോഗ ലക്ഷണമായും കാണപ്പെടുന്ന ഒരു സുപ്രധാന ഘടകം stress  / anxiety എന്നിങ്ങനെ ഉള്ള മാനസിക സമ്മർദങ്ങൾ ആണ്.. പ്രത്യേകിച്ചും സ്ത്രീകളിൽ.

അറിഞ്ഞു കൊണ്ട് ശ്വസിക്കുക !

യോഗ ധ്യാനം മുതലായവ ശീലിക്കുന്നത് വലിയൊരളവിൽ മനസ്സിന് ശാന്തത നൽകുകയും അതുവഴി രോഗത്തിന്റെ കാഠിന്യം കുറക്കുകയും ചെയ്യുന്നു. പല രീതികളും ഇതിനായി അവലംബിക്കാം. വിദഗ്ധ സഹായം തേടുന്നതാണ് ഉചിതമെങ്കിലും ലളിതമായി ആർക്കും ചെയ്യാവുന്ന ചില എളുപ്പ രീതികൾ വിവരിക്കാം.

1 . സുഖമായി ഇരിക്കുകയോ മലർന്നു കിടക്കുകയോ ചെയ്ത ശേഷം മൂക്കിലൂടെ ആഴത്തിൽ ശ്വാസം ഉള്ളിലേക്ക് വലിക്കുക. നിങ്ങളുടെ വയറു ഉയരട്ടെ. സാവധാനം മൂക്കിലൂടെ ശ്വാസം പുറത്തു വിടുക. വയറു ഉള്ളിലേക്ക് വലിയുന്നത് ശ്രദ്ധിക്കുക. 5 മുതൽ 10  തവണ ആവർത്തിക്കുക.

2. സുഖമായി ഇരിക്കുക അല്ലെങ്കിൽ മലർന്നു കിടക്കുക. 4 സെക്കൻഡ് സമയം എടുത്തു മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് വലിക്കുക.കഴിയും വിധത്തിൽ 5 മുതൽ 7 നിമിഷം ശ്വാസം പിടിച്ചു വച്ച ശേഷം മൂക്കിലൂടെ തന്നെ പുറത്തു വിടുക. ഇതിനായി 8  നിമിഷത്തോളം എടുക്കാം. മൂന്നു മുതൽ അഞ്ചു തവണ ഇത് ആവർത്തിക്കാം. 

 വ്യായാമം .

ശരീരത്തെ എന്ന പോലെ തന്നെയോ അതിൽ കൂടുതലോ മനസ്സിനെ സ്വാധീനിക്കുന്ന ഘടകമാണ് വ്യായാമം. സന്തോഷത്തോടെയും സമാധാനത്തോടെയും ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ലളിതമായ വ്യായാമം ശീലമാക്കി, പതുക്കെ പതുക്കെ മാത്രം കൂടുതൽ ആയാസം നിറഞ്ഞവയിലേക്ക് കടക്കുക. നടത്തം, സൈക്ലിംഗ്, നീന്തൽ, നൃത്തം, കളികൾ, യോഗാസനങ്ങൾ തുടങ്ങി എന്തുമാവാം. ഒറ്റക്ക് ചെയ്യാൻ ശ്രമിക്കാതെ രണ്ടോ മൂന്നോ സുഹൃത്തുക്കളോടൊപ്പം ചെയ്യുന്നതാവും നല്ലത്. ഇത് കൂടുതൽ ഉത്സാഹവും, സന്തോഷവും നൽകും. ഓരോ ആഴ്ചകളിലും പൂർത്തീകരിക്കേണ്ട പുതിയ, ചെറിയ കടമ്പകൾ സ്വയം തീരുമാനിക്കുക. മുന്നിൽ ഒരു ലക്ഷ്യം ഉണ്ടാകുമ്പോൾ യാത്ര കൂടുതൽ ഉൻമേഷവും ഊർജവും നിറഞ്ഞതാകും. നാം തീരുമാനിച്ച കടമ്പകൾ മാറി കടക്കുമ്പോൾ സ്വയം ആഘോഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുക.

 വ്യായാമം മൂലം മസ്തിഷ്കത്തിൽ നടക്കുന്ന രാസ വ്യതിയാനങ്ങൾ ഏറെ പഠനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. മസ്തിഷ്ക കോശങ്ങളുടെ ചെറുപ്പം നിലനിർത്തുക, പുതിയ അനുഭവങ്ങളോട് മികവാർന്ന രീതിയിൽ പ്രതികരിക്കുക, ഉന്മേഷവും സന്തോഷവും നൽകാൻ സഹായിക്കുന്ന രാസഘടകങ്ങളെ വേണ്ടത്ര ഉൽപാദിപ്പിക്കുക തുടങ്ങി

ശരീരത്തിൽ നീർക്കെട്ട് (inflammatory changes) ഉണ്ടാകുന്നത് കുറക്കാൻ , സോറിയാസിസ് രോഗികൾക്ക് വന്നുചേരാൻ സാധ്യത ഉള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തടുക്കാൻ, പുറമെ നിന്നുള്ള ഘടകങ്ങളോട് കൂടുതൽ ആരോഗ്യപരമായി ഇടപെടാൻ ഉള്ള ചർമത്തിൻ്റെ കഴിവു കൂട്ടാൻ അടക്കം വ്യായാമം വഴി വക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. വ്യായാമം ചെയ്യുന്ന സ്ത്രീകളിൽ സോറിയാസിസ് രോഗസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണത്രെ. 

എത്ര കഠിനമായി എന്നതല്ല എത്രത്തോളം സ്ഥിരതയോടെ ചെയ്യുന്നു എന്നതാണ് പ്രധാനം. 

ഇഷ്ടങ്ങൾ സ്വയം കണ്ടെത്തുക.

അവനവന് എല്ലാം മറന്ന് ആസ്വദിക്കാൻ കഴിയുന്ന പ്രവൃത്തി സ്വയം കണ്ടെത്തുകയും ധൈര്യപൂർവം അൽപസമയമെങ്കിലും  അതിൽ ചിലവഴിക്കയും ചെയ്യുക. സംഗീതം, നൃത്തം, ചിത്രരചന, കൃഷി, യാത്ര അങ്ങിനെ അത് എന്തുമാവാം.

ഒറ്റപ്പെടുത്തലുകൾ രോഗത്തെ വർദ്ധിപ്പിക്കും. 

നാം തന്നെ മുൻകയ്യെടുത്ത് ഊഷ്മളമായ ചുറ്റുപാടുകളുമായി, സമൂഹവുമായി, സുഹൃത്തുക്കളുമായി ഇടപെഴകുക. ആദ്യം ചില ബുദ്ധിമുട്ടുകൾ നമുക്കുള്ളിൽ നിന്നും സമൂഹത്തിൽ നിന്നും വന്നേക്കാം. അതിനെ മറി കടക്കുക അധികം പ്രയാസമുള്ളതല്ല.

രോഗ വിവരങ്ങൾ തുറന്നു സംസാരിക്കുക.

രോഗത്തെ പറ്റിയുള്ള യഥാർത്ഥ അറിവ് മറ്റുള്ളവരുമായി പങ്കു വെക്കുക. അത് അവരുടെ തെറ്റിദ്ധാരണകൾ മാറ്റൂന്നതിനോടൊപ്പം നമ്മുടെ ആത്മവിസ്ശ്വാസവും വർദ്ധിപ്പിക്കുന്നു. തുറന്ന മനസ്സോടെ സത്യസന്ധമായി തന്നെ രോഗവിവരങ്ങൾ പങ്ക് വെയ്ക്കുക.

സമാന രോഗികളുടെ കൂട്ടായ്മകളിൽ ചേരുക, ഇത്തരം ആളുകളുമായി സംവദിക്കുക. രോഗത്തെ മറികടന്ന ധാരാളം അനുഭവങ്ങൾ നമ്മെ സഹായിക്കാതിരിക്കില്ല.

അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സകന്റെ സഹായം തേടാൻ മടിക്കാതിരിക്കുക. 

ഡോ. ജിഷ്ണു നാരായണൻ 

അസോ പ്രൊഫസർ, മേധാവി 

വിഷ ത്വക് രോഗ വിഭാഗം 

അഷ്ടംഗം ആയുർവേദ ചികിത്സാവലയം വിദ്യാപീഠം