(Psoriasis and comorbidities)
ഒരു പ്രധാന രോഗം ഉള്ള ഏറെ പേരിലും പൊതുവായി മറ്റേതെങ്കിലും രോഗങ്ങൾ കണ്ട് വരുന്നുണ്ടെങ്കിൽ ഇവയെ ‘comorbidity’ എന്നാണ് പറയാറ്. സോറിയാസിസ് ഉള്ളവരിൽ സാധാരണയായി കണ്ട് വരാറുള്ള മറ്റു ചില രോഗങ്ങളെയും ആരോഗ്യ പ്രശ്നങ്ങളെയും പറ്റിയാണ് ഈ ലേഖനം.
ഏറ്റവും സാധാരണമായി സോറിയാസിസിനോടൊപ്പം കണ്ട് വരാറുള്ള മറ്റു ആരോഗ്യ പ്രശ്നങ്ങളിൽ ചിലത് Psoriatic arthritis (വാത സംബന്ധമായ സന്ധിരോഗങ്ങൾ), ഹൃദ്രോഗങ്ങൾ, പ്രമേഹം, Inflammatory Bowel Disease (IBD- കുടലുമായി ബന്ധപ്പെട്ട നീർക്കെട്ടും ദഹന വ്യവസ്ഥയിലെ തകരാറുകളും) എന്നിവയൊക്കെ ആണ്.
ഇത്തരം രോഗങ്ങൾ പൊതുവിൽ ഒരുമിച്ച് കണ്ടുവരുന്നത്തിന് പല കാരണങ്ങൾ ഉണ്ട്. അവയിൽ ചിലത് പരിശോധിക്കാം.
- ഒന്നാമത്തേത് ഈ രോഗങ്ങളുടെ ‘Shared inflammatory pathways’ ആണ്. ശരീരത്തിൽ നീർക്കെട്ട് അല്ലെങ്കിൽ inflammation ഉണ്ടാക്കുന്ന പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള പല ഘടകങ്ങളും ഇത്തരം രോഗങ്ങളിൽ പൊതുവായി കാണപ്പെടുന്നുണ്ട്. TNF-α, IL-17, IL-23 എന്നിവയൊക്കെ ചില ഉദാഹരണങ്ങൾ ആണ്. ഇത്തരം ഘടകങ്ങൾ ചർമത്തിലും കുടലിൻ്റെ ആവരണങ്ങളിലും, സന്ധികളിലും ഒക്കെ ഒരുപോലെ തന്നെ പ്രവർത്തിച്ച് അവിടങ്ങളിൽ നീർക്കെട്ടിന് കാരണമാകുന്നു. സോറിയാസിസ്, സോറിയാട്ടിക് ആർത്രൈറ്റിസ്, ഇറിറ്റബിൾ ബവൽ ഡിസീസ് പോലുള്ള രോഗങ്ങൾ ഇതിനാൽ തന്നെ ഒന്നിച്ച് കാണാൻ സാധ്യത ഏറുന്നു.
- രണ്ടാമത്തേത് ശരീരത്തിൽ ആകമാനം നീണ്ടു നിൽക്കുന്ന ഇത്തരം നീർക്കെട്ടുകൾ (Systemic inflammation) ആണ്– സോറിയാസിസ് അല്ലെങ്കിൽ സോറിയാട്ടിക് ആർത്രൈറ്റിസ് ഉള്ളപ്പോള്‍ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം നീർക്കെട്ടുകൾ ശരീരത്തിലെ പല സ്വാഭാവിക ആരോഗ്യ വ്യവസ്ഥകളെയും തകരാറിലാക്കുന്നു. ഇത് രക്ത ധമനികൾ, കരൾ, കോഴുപ്പിൻ്റെയും പഞ്ചസാരയുടെയും സ്വാഭാവിക പ്രവർത്തനം എന്നിവയെയൊക്കെ ബാധിക്കുന്നു. അതിനാൽ തന്നെ പ്രമേഹം, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക് പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത ഇവരിൽ വർദ്ധിക്കുന്നു.
- അടുത്തത് ഇത്തരം രോഗങ്ങൾക്കെല്ലാം സാമാന്യമായ ചില risk factors (രോഗം വരാനും വർധിക്കാനും സഹായിക്കുന്ന ഘടകങ്ങൾ) ഉണ്ട് എന്നതാണ്. ചില ജനിതക ഘടകങ്ങൾ, അമിത ഭാരവും പൊണ്ണത്തടിയും, gut microbiome (കുടലിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ) എന്നിവയൊക്കെ തന്നെ സോറിയാസിസിനു പുറമെ, ഹൃദ്രോഗം പ്രമേഹം പോലുള്ള രോഗങ്ങളുടെയും സാധ്യത വർധിപ്പിക്കുന്ന പൊതു കാരണങ്ങളാണ്.
ഇതെല്ലാം കൊണ്ട് തന്നെ, ഒരു രോഗം മറ്റൊരു രോഗത്തിന് കാരണമാകുന്നു എന്നതിന് പകരം, രണ്ട് രോഗങ്ങൾക്കും പൊതുവായ ചില കാരണങ്ങൾ ഉണ്ടോ എന്നതാണ് ഇപ്പോള്‍ കൂടുതൽ പഠനവിധേയമാകുന്നത്.
സോറിയാസിസിനൊപ്പം വരുന്ന ഇത്തരം ‘കോമോർബിഡിറ്റി’കളെ പ്രാധാന്യത്തോടെ തന്നെ കണ്ട്, നേരത്തെ തന്നെ തിരിച്ചറിയാനും പ്രതിരോധിക്കാനും ചികിത്സിക്കാനും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.
സോറിയാസിസിനായി ത്വക്‌രോഗ വിദഗ്ധരെ കാണുന്ന ആളുകളിൽ ഏകദേശം മൂന്നിലൊന്ന് പേരും മറ്റു ഡോക്ടർമാരെ കാണുന്നത് ഒഴിവാക്കാറുണ്ട് എന്നതാണ് വികസിത രാജ്യങ്ങളിൽ നിന്നുപോലുമുള്ള കണക്ക്. അതിനാൽ രോഗികൾക്ക് ഇടയിൽ എന്ന പോലെ തന്നെ ചർമ്മ രോഗ വിദഗ്ധർക്കിടയിലും അവബോധം വളർത്തേണ്ടത് അനിവാര്യമാണ്. സോറിയാസിസ് ഒരു ചർമാരോഗമായി മാത്രം കാണാതെ, അവരുടെ ഹൃദ്രോഗ/പ്രമേഹ/ കരൾ രോഗ സാധ്യതകൾ, മാനസിക ആരോഗ്യം, മറ്റു ജീവിത ശൈലീ രോഗങ്ങൾ എന്നിവ കൂടി കണക്കാക്കി ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിവിധ മേഖലകളിലെ വിദഗ്ധരുടെ സംയോജിച്ചുള്ള ചികിത്സ ഇവരിൽ അനിവാര്യമാകുന്നത് ഇതുകൊണ്ടു തന്നെയാണ്.
ഹൃദ്രോഗവും സോറിയാസിസും.
സോറിയാസിസുമായി ബന്ധപ്പെട്ടു നീണ്ട് നിൽക്കുന്ന നീർക്കെട്ട് നമ്മുടെ രക്ത ധമനികളിൽ കൊഴുപ്പു അടിഞ്ഞു കൂടാനുള്ള ഒരു കാരണമാകുന്നുണ്ട്. ക്രമേണ ഇത് വർധിക്കുകയും ഇവിടെ കാൽസ്യശകലങ്ങൾ അടിഞ്ഞു കൂടി ധമനികളെയും അവയിലൂടെയുള്ള രക്‌ത ചംക്രമണത്തെയും സാരമായി തന്നെ ബാധിക്കയും ചെയ്യും.
അതുപോലെ തന്നെ രോഗ പ്രതിരോധ വ്യവസ്ഥയിൽ ഉള്ള തകരാറു കാരണം ധമനികളുടെ അകം ഭിത്തികൾ വേണ്ടരീതിയിൽ പ്രവർത്തിക്കാതാകുന്നതും ഇത്തരം പ്രതിസന്ധികൾക്കു കാരണമാകുന്നുണ്ട്.
ഇത് ക്രമേണ ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യുന്നു
ശരീരത്തിലെ നീർക്കെട്ട് കുറയ്കുകയും സോറിയാസിസ് ശരിയായി ചികിത്സിക്കുകയും ചെയ്താൽ തന്നെ ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും കാരണമാകുന്ന ചില ഘടകങ്ങളെ കുറയ്ക്കാൻ സാധിക്കുമെന്നു പഠനങ്ങൾ കാണിച്ചിട്ടുണ്ട്.
സോറിയാസിസും കരൾ രോഗങ്ങളും.
സോറിയാസിസ് ഉള്ളവരിൽ 50 ശതമാനം പേർക്കും non-alcoholic fatty liver disease (NAFLD) കാണപ്പെടുന്നതായാണ് പഠനങ്ങൾ കാണിക്കുന്നത്.
NAFLD എന്നത്, മദ്യം ഉപയോഗിക്കാത്ത ആളുകളിൽ കരളിൽ കൊഴുപ്പ് കെട്ടിക്കിടന്ന് ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. സാധാരണയായി കരൾ രോഗങ്ങൾക്ക് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് മദ്യത്തെയാണല്ലോ, എന്നാൽ ഇവിടെ മദ്യം ഒരു കാരണമാകുന്നില്ല.
സാധാരണയായി ആദ്യ ഘട്ടങ്ങളിൽ വലിയ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടില്ലെങ്കിലും പിന്നീട് മറ്റേതൊരു കരൾ രോഗത്തെ പോലെ തന്നെ ഇവിടെയും രോഗം മൂർഛിക്കുന്നു.
സോറിയാസിസിനു പൊതുവിൽ ഉപയോഗിക്കുന്ന പല മരുന്നുകൾക്കും കരളിനെ വിപരീതമായി ബാധിക്കാനുള്ള കഴിവുണ്ടെന്നത് പ്രശനം സങ്കീർണമാക്കാറുണ്ട്. മുൻപറഞ്ഞ പോലെ തന്നെ കരൾരോഗം ഉണ്ടെന്ന് തിരിച്ചറിയുമ്പോൾ തന്നെ ഇതിന് വിവിധ വിദഗ്ധരുടെ സംയോജിതമായ ചികിത്സ ആവശ്യമാണ്.
ജീവിത ശൈലീ മാറ്റങ്ങൾ ഇത്തരക്കാരുടെ ചികിത്സയിൽ വലിയ പങ്കു വഹിക്കും. ഉദാഹരണത്തിന്, ഭാരം നിയന്ത്രിച്ചു നിർത്തുക, വ്യായാമം ഭക്ഷണ ക്രമീകരണം എന്നിവയ്ക്കൊപ്പം ആവശ്യം അനുസരിച്ച് മരുന്നുകളും ആവശ്യമായി വരും.
ഉറക്കവും മാനസിക സമ്മർദവും.
സോറിയാസിസും സോറിയാട്ടിക് ആർത്രൈറ്റിസും ഉള്ള ആളുകൾക്ക് ‘obstructive sleep apnea’ പോലെ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സാധാരണമാണ്.
വേദന, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ഉറക്കത്തിനെ തടസ്സപ്പെടുത്തും. ഇടക്കിടെ ഉണരുക, ശ്വാസതടസ്സം അനുഭവപ്പെട്ടു ഉറക്കം ഉണരുക, ശബ്ദത്തിൽ കൂർക്കം വലിക്കുക, വായ തുറന്നു ഉറങ്ങുക, പകൽ സമയങ്ങളിൽ ക്ഷീണം അനുഭവപ്പെടുക എന്നിവയൊക്കെ ഇവരിൽ സാധാരണം ആണ്.
ഈ രണ്ടു രോഗങ്ങളും ഒന്നിച്ച് കാണുന്നതിൻ്റെ യഥാർത്ഥ കാരണം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
ഉറക്കം കുറയുന്നത് മാനസികാരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. സോറിയാസിസ് ഉള്ള വ്യക്തികൾക്ക് വിഷാദവും ഉത്ക്കണ്ഠയും വർദ്ധിക്കാനും സാധ്യതയുണ്ട്. തൊലിക്കും തലച്ചോറിനും തമ്മിൽ നേരിട്ട് തന്നെ ബന്ധമുള്ളതായി പഠനങ്ങൾ കാണിക്കുന്നു. ‘skin-brain axis’ എന്ന ഈ വിഷയത്തിൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
മാനസിക സമ്മർദം ഉണ്ടാകുമ്പോൾ തലച്ചോറിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന cortisol പോലുള്ള ഹോർമോണുകൾ ശരീരത്തെയൂം സ്വാധീനിക്കും എന്നറിയാമല്ലോ,
അതുപോലെ തന്നെയാണ് തൊലിപ്പുറമേ ഉണ്ടാകുന്ന സമ്മർദങ്ങൾ, മുറിവുകൾ മുതലായവ നേരെ തലച്ചോറിലൂം പ്രതിഫലനങ്ങൾ ഉണ്ടാക്കുന്നത്.
ഇത്തരം ‘കോമോർബിഡിറ്റികൾ’ വരാനുള്ള സാധ്യത മുന്നിൽകണ്ട് അവയെ പ്രതിരോധിക്കയും, നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കുകയും സോറിയാസിസ് ചികിത്സയിൽ പ്രധാനമാണ്. ചികിത്സകൾ പലതവണ ചെയ്യുന്നതിനുപരി രോഗത്തിന്റെ യഥാർത്ഥ കാരണം മനസിലാക്കുകയും വ്യക്തിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള ചികിത്സകൾ സ്വീകരിക്കയുമാണ് വേണ്ടത്. ത്വക്ക്- സന്ധി- ഹൃദ്രോഗ, കരൾ രോഗ വിദഗ്ധരുടെ ചേർന്നുള്ള പരിചരണം ഇവരിൽ കൂടുതൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും.
സോറിയാസിസ് ചികിത്സിക്കാൻ ഇപ്പോൾ വളരെ ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. രോഗത്തിൻ്റെയും രോഗലക്ഷണങ്ങളുടെയും പൂർണ്ണമായ നിയന്ത്രണവും ഇപ്പോൾ സാധ്യമാണ്. അതുകൊണ്ടുതന്നെ, ചികിത്സയ്ക്കുള്ള നമ്മുടെ പ്രതീക്ഷകൾ വലുതായിരിക്കണം. ചിലപ്പോൾ ലക്ഷണങ്ങളിൽ അല്പം കുറവ് കാണുമ്പോൾ തന്നെ രോഗം ഭേദമായതായി കരുതാതെ, രോഗത്തിൻ്റ പൂർണമായ നിയന്ത്രണമാണ് നാം ലക്ഷ്യം വക്കേണ്ടത്.
Dr Jishnu Narayanan
Asso professor & HOD, Dep Agadatantra
Consultant, ASHA- Centre for Integrative Dermatology