(under the aegis of Ashtanga Educational Trust)

The Leading Ayurveda Medical College Hospital & Research Center
Search

ആയുര്‍സൂക്തങ്ങള്‍: മൂത്രവേഗത്തെ തടഞ്ഞുവെക്കരുത്

This article was originally published here on Mathrubhumi.com on 03 July 2020

അംഗഭംഗാശ്മരീ വസ്തി മേഡ്ര വംക്ഷണ വേദനാ മൂത്രസ്യ രോധാത്

മൂത്രവിസര്‍ജനം എന്ന വേഗത്തെ തടുക്കുന്നതുകൊണ്ട് ശരീരവേദന, മൂത്രത്തില്‍ കല്ല്, അടിവയറിന്റെ ഭാഗത്ത് വേദന എന്നിവ ഉണ്ടാകാം.

രക്തചംക്രമണത്തിലൂടെ ശരീരപോഷണം മാത്രമല്ല നിര്‍വഹിക്കുന്നത്. ഓരോ കോശങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളെയും രക്തം തന്റെ യാത്രയ്ക്കിടയില്‍ ശേഖരിക്കുന്നു. ഈ മാലിന്യങ്ങളെ നീക്കം ചെയ്യുവാനായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരവയവമാണ് വൃക്ക. വൃക്കകള്‍ രക്തത്തെ അരിച്ച്, പുറംതള്ളേണ്ട വസ്തുക്കളെ ശേഖരിച്ച്, മൂത്രനാളിയിലൂടെ മൂത്രസഞ്ചിയില്‍ എത്തിക്കുന്നു. മൂത്രസഞ്ചിയില്‍ ഒരു നിശ്ചിത അളവ് മൂത്രം നിറയുമ്പോഴാണ് മൂത്രമൊഴിക്കണം എന്ന തോന്നല്‍ ശരീരം പുറപ്പെടുവിക്കുന്നത്.

എന്നാല്‍ നാം പലപ്പോഴും ഈ വേഗത്തെ വേണ്ടത്ര ഗൗനിക്കാറില്ല. പ്രത്യേകിച്ചും സ്ത്രീകള്‍. മൂത്രപ്പുരകളുടെ ശുചിത്വക്കുറവുകൊണ്ടും അനാസ്ഥ കൊണ്ടും മൂത്രവേഗത്തെ അവഗണിച്ച് തന്റെ പ്രവൃത്തികള്‍ തുടരുകയാണ് ഇവരുടെ പതിവ്. യാത്രകള്‍ക്കിടയിലും സ്ത്രീകള്‍ പൊതുവേ മൂത്രമൊഴിക്കാതെ പിടിച്ചുനിര്‍ത്താറുണ്ട്. മിക്കവാറും സ്‌കൂള്‍ കുട്ടികള്‍ രാവിലെ സ്‌കൂളിലേക്ക് പോയി തിരിച്ചു വന്നതിനു ശേഷം മാത്രമേ മൂത്രമൊഴിക്കുന്നുള്ളൂ. ഇടയ്ക്ക് മൂത്രവേഗം ഉണ്ടാകരുത് എന്ന ഉദ്ദേശത്തില്‍ വെള്ളം കുടിക്കുന്നതും കുറയ്ക്കുന്നു. ഇത്തരം പ്രവൃത്തികള്‍ മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ചൂടുകാലത്ത് മൂത്രത്തില്‍ പഴുപ്പ് ഇടയ്ക്കിടയ്ക്ക് വരുന്നതിനും മേല്‍പറഞ്ഞ വസ്തുതകള്‍ തന്നെയാണ് കാരണം.

ആര്‍ത്തവസംബന്ധമായ തകരാറുകള്‍ ഉള്ള പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും മൂത്രവേഗത്തെ തടുക്കുന്ന ശീലമുള്ളവരാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

എന്തെല്ലാം ശ്രദ്ധിക്കാം

  • മൂത്രവേഗത്തെ പിടിച്ചുവെക്കാതിരിക്കുക.
  • ശരീരം ആവശ്യപ്പെടുമ്പോള്‍ ആവശ്യമുള്ള അളവില്‍ വെള്ളം കുടിക്കുക.
  • മൂത്രത്തിന്റെ അളവിലോ നിറത്തിലോ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ ശുചിയുള്ള ശുചിമുറികള്‍ ലഭ്യമല്ലേ, അവര്‍ അത് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നില്ലേ എന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തുക.