അഗദതന്ത്രം – ആയുർവ്വേദ വിഷ ചികിത്സാ വിഭാഗം

ആയുർവ്വേദം എട്ടായി തരം തിരിച്ചിരിക്കുന്ന ചികിത്സാവിഭാഗങ്ങളിൽ ഒന്നാണ് അഗദതന്ത്രം, ദംഷ്ട്രചികിത്സ, വിഷവൈ ദ്യം, എന്നെല്ലാം അറിയപ്പെടുന്ന വിഷചികിത്സ. വിഷം, വിഷസ്വഭാവം, വിഷബാധസാധ്യതകൾ, ലക്ഷണങ്ങൾ, പ്രതിവിധികൾ തുടങ്ങി വിഷവുമായി ബന്ധപ്പെട്ട എല്ലാം തന്നെ ഉൾപ്പെടുന്ന ശാഖയാണിത്.

വിഷം എന്ന പദത്തിന് വിഷാദത്തെ ഉണ്ടാക്കാൻ പ്രാപ്തിയുള്ളത് എന്നാണർത്ഥം കല്പിച്ചിരിക്കുന്നത്. വിഷാദത്തെ ഉണ്ടാക്കാൻ പ്രാപ്തിയുള്ള എന്തിനെയും അടിസ്ഥാനപരമായി ആയുർവ്വേദം വിഷമായി കണക്കാക്കുന്നു. വിഷാദം എന്നതിന് പ്രകൃത്യാ ഉള്ളതിൽ നിന്നുള്ള’ സാദം,’ അല്ലെങ്കിൽ തളർച്ച എന്നർത്ഥം. ഒരു വ്യക്തിയുടെ ശാരീരികമോ മാനസികമോ ആയ ഏതൊരു ഭാവത്തിനും വന്ന് ചേരുന്ന ചെറിയൊരു വ്യതിയാനം പോലും ഇതിനുള്ളിൽ ഉൾപ്പെടുത്തി മനസ്സിലാക്കണം. അപ്പോൾ പിന്നെ മറ്റ് രോഗ കാരണങ്ങളും വിഷവും തമ്മിലുള്ള വ്യത്യാസം എന്താണ്?

പൊതുവിൽ വിഷപദാർത്ഥങ്ങൾ പ്രകടമാക്കുന്ന പത്തോളം സ്വഭാവ സവിശേഷതകളെ എടുത്തു പറഞ്ഞാണ് ആയുർവേദം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത്. ഈ പത്തു സ്വഭവങ്ങളുടെ ഏറ്റ കുറച്ചിലുകളാണ് വിഷ പദാർത്ഥത്തിന്റെ വീര്യവും കർമ്മവും നിശ്ചയിക്കുന്നത്. പൊതുവിൽ ജീവശക്തിക്ക് വിരുദ്ധമായതും വളരെ വേഗം തന്നെ അതി സൂക്ഷ്മമായ കോശജാലങ്ങളിൽ പോലും എത്തപ്പെട്ടു സ്വകർമം നിർവഹിക്കുന്നതും, സാധാരണമായ പചന- പരിണാമ- വിസർജ്ജന പ്രക്രിയകൾക്ക് വിധേയമാകാതെ ശരീരത്തിൽ ദീർഘ കാലം വരെ നിലനിൽക്കുന്നതും ആയ പദാർത്ഥങ്ങളെ വിഷമായി കണക്കാക്കാം. ദേഹത്തിൽ പ്രവേശിച്ച പിറകു സ്വന്തം വീര്യവും അളവും അനുസരിച്ച്, ശരീര ഘടകങ്ങളെ ദുഷിപ്പിച്ചു, സർവ്വ കോശങ്ങളുടേയും ജീവന് ഹാനി വരുത്തുവാൻകഴിവുള്ള ഇത്തരം പദാർഥങ്ങളാണ് വിഷം.

സ്ഥാവരം(സസ്യങ്ങൾ, ധാതുക്കൾ,മുതലായവ) ജംഗമം (ജീവനുള്ള പാമ്പ്, പഴുതാര, ചിലന്തി മുതലായവ) കൃത്രിമം (ഭൂമിയിൽ പ്രകൃത്യാ ഇല്ലാത്തതും എന്നാൽ മനുഷ്യ നിർമ്മിതവും ആയവ) എന്നിങ്ങനെ വിഷ പദാർത്ഥങ്ങളെ മൂന്നായി തരംതിരിച്ചിരി ക്കുകയും അവയോരോന്നിന്റെയും ലക്ഷണങ്ങളും ചികിത്സയും സവിസ്തരം പ്രതിപാദിക്കുകയും ചെയ്യുന്നു. ഉഗ്രവും ശീഘ്ര മരണകാരണങ്ങളും ആയ സർപ്പ വിഷങ്ങൾ തൊട്ടു വർഷങ്ങളോളം ശരീരത്തിൽ നിന്ന ശേഷം മതിയായ അനുകൂല ഘടകങ്ങൾ ഒത്തു വരുമ്പോൾ മാത്രം സ്വകർമ്മം നിർവഹിച്ചു, വിട്ടുമാറാത്ത അനേകം രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഭൂ ഷീവിഷങ്ങൾ വരെ ആയുർവ്വേദം വിവരിക്കുന്നു .
വത്സനാഭം, ചേർക്കുരു, കാഞ്ഞിരം തുടങ്ങിയ സസ്യങ്ങൾ, മെർക്കുറി, തുത്ത്, തുരിശ് തുടങ്ങിയ ധാതുക്കൾ എന്നിങ്ങനെ ഒട്ടുമിക്ക വിഷ പദാർത്ഥങ്ങളും ശരീരത്തിലുളവാക്കുന്ന ലക്ഷണങ്ങൾ അവയുടെ ചികിത്സ ഇത്തരം ദ്രവ്യങ്ങൾ മരുന്നിനൊ മറ്റാവശ്യങ്ങൾക്കോ ആയി ഉപയോഗിക്കേണ്ടി വരുമ്പോൾ ചെയ്യേണ്ട ശുദ്ധിക്രമങ്ങൾ എന്നിവ വിഷവൈദ്യ വിഭാഗം പ്രതിപാദിക്കുന്നു .

വിവിധ തരം സർപ്പങ്ങൾ,അവയുടെ ദംശ ലക്ഷണങ്ങൾ ,ഉടനെ ചെയ്യേണ്ടുന്ന ചികിത്സാകർമ്മങ്ങൾ ,വിഷം ശരീരത്തിൽ വ്യാപിക്കുമ്പോൾ ഉണ്ടാകുന്ന നീര്, തലവേദന, ബോധക്ഷയം, മൂത്രതടസ്സം, മലബന്ധം തുടങ്ങിയ ഉപദ്രവങ്ങൾ, അവയ്ക്കുള്ള പ്രധിവിധികൾ തുടങ്ങിയവ അതി ബൃഹത്തതായി തന്നെ പ്രതിപാദിക്കുന്നുണ്ട്. സർപ്പ ദംശത്തിനു ശേഷം ഉണ്ടായേക്കാവുന്ന ഉണങ്ങാത്ത വ്രണങ്ങൾ മുതലായ ഉപദ്രവങ്ങളുടെ ചികിത്സയിൽ ഇത്ര പ്രാവർത്തികമായ മറ്റൊരു സമ്പ്രദായം ഉണ്ടോ എന്ന് സംശയമാണ്. ജീവന് തന്നെ ഭീഷണിയായേക്കാവുന്നചിലതരം തേൾവിഷങ്ങൾ, ചിലന്തിവിഷം, പഴുതാര, കടന്നൽ തുടങ്ങി തവളുടെയും മത്സ്യത്തിന്റെയുംമടക്കം വിഷലക്ഷണങ്ങളും ചികിത്സയും ഈ വിഭാഗം പ്രതിപാദിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രം ഇനിയും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലാത്ത വിരുദ്ധാഹാരം മുതലായ ആശയങ്ങൾ ആയുർവ്വേദം വിവരിക്കുന്നുണ്ട്. ഭക്ഷണത്തിലൂടെയോ മറ്റോ നാമറിഞ്ഞോ അറിയാതെയോ വന്നു കൂടിയേക്കാവുന്ന വിഷസ്വഭാവത്തെ പറ്റിയുള്ള അതിഗഹനമായ പഠനമാണിത്. പാകക്രമത്തിലോ മിശ്രണത്തിലോ അളവിലോ ഓക്കേ വന്നു ചേരാവുന്ന പലതരം വിരുദ്ധതകൾ അവമൂലം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചൂടാക്കിയ തേൻ, തുല്യ അളവിൽ സേവിക്കുന്ന നെയ്യും തേനും, മാംസത്തിനോടൊപ്പം തൈര്, പാലിനോടൊപ്പം പഴങ്ങൾ തുടങ്ങി നിത്യ ജീവിതത്തിൽ നാം പിന്തുടരുന്ന പല പ്രവണതകളും വിഷതുല്യമാണ്. പുറമെ നിസ്സാരമെങ്കിലും, ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ത്വക്ക്, ശ്വാസകോശ രോഗങ്ങൾ, വർധിച്ചു വരുന്ന ലൈംഗിക, പ്രതുല്പാദന, മസ്തിഷ്ക, മറവി രോഗങ്ങൾ, അർബുദ്ധം, വളർച്ചാവൈകല്യങ്ങൾ തുടങ്ങിയവയിലെല്ലാം ഇവയുടെ പങ്ക് എത്രയുണ്ടെന്ന ഒരു പുനർചിന്തനം അത്യാവശ്യമാണ്. വിഷചികിത്സാ ഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്ന പല പ്രയോഗങ്ങളും ഔഷധങ്ങളും ഇവയുടെ ചികിത്സയിൽ വൈദ്യനെ സഹായിക്കാറുണ്ട്.

അല്പകാലം മുന്പ് വരെ ആരും ഗൗനിക്കാത്തതെങ്കിക്കും ആനുകാലികമായി ഏറ്റവും പ്രസക്തമായ പ്രകൃതി മലിനീകരണ വിഷയങ്ങളിൽ പുരാണ ആയുർവ്വേദ ഗ്രന്ഥങ്ങൾ ചെലുത്തിയിരിക്കുന്ന ശ്രദ്ധ അത്ഭുതാവഹമാണ്. ഭൂമി, ജലം, വായു, എന്നിവ മലിനമാകുമ്പോൾ പ്രകൃതിയിൽ ഉടലെടുക്കുന്ന ലക്ഷണങ്ങൾ അവക്കുള്ള പ്രതിവിധി, അവമൂലം ജീവജാലങ്ങൾക്കുണ്ടാവുന്ന രോഗലക്ഷണങ്ങളും, ചികിത്സയും തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ ആഴത്തിലുള്ള വിശദീകരങ്ങൾ കാണാനാവും.

ആയുർവേദത്തിന്റെ മറ്റേതൊരു ശാഖയിലെന്നപോലെ, വിഷചികിത്സയിലും കേരളത്തിന് തനതായ ഒരു പാരമ്പര്യവും ആധികാരികതയും അവകാശപ്പെടാനുണ്ട്. തനത് പ്രാദേശിക സവഭാവങ്ങളോട് കൂടിയ നിരവധി ഗ്രന്ഥങ്ങളും പാരമ്പര്യ സമ്പ്രദായങ്ങളും കൊണ്ട് സമ്പന്നമായിരുന്നു കേരളീയ വിഷചികിത്സാവിഭാഗം. അതിനിബിഡ നിത്യഹരിത വനങ്ങളും, വിഷജന്തുക്കളുടെ സാന്നിധ്യവും ഇതിനു സഹായകമായിരിക്കണം. ശാസ്ത്രവും, വിശ്വാസവും ഇടകലർന്ന്, പൂർണമായി പരോപകാരാത്ഥമായി, മറ്റു വിഭാഗങ്ങളിൽ നിന്നും വിഭിന്നമായി വിഷചികിത്സ ഇവിടെ നിലനിന്നു. ചികിത്സകൻ പ്രതിഫലം വാങ്ങിയിരുന്നില്ലന്നു മാത്രമല്ല, സ്വയം നിർമ്മിച്ച മരുന്നുകൾ പൂർണമായും സൗജന്യമായി രോഗികൾക്ക് കൊടുത്തുപോന്നു.

സാധാരണയായി ആയുർവ്വേദം കേൾക്കുന്ന പഴിയായ ചികിത്സയുടെ വേഗക്കുറവിനു വളരെ പ്രത്യക്ഷമായ ഒരു അപവാദമായിരുന്നു വിഷചികിത്സ. അസുഖകാരണത്തിന്റെ വേരറുക്കുന്നതിനോടൊപ്പം തന്നെ ശീഘ്രഫലദായികങ്ങളായ ലാക്ഷണിക ചികിത്സകളും ഇവർ പ്രഗോഗിച്ചു പോന്നു. സമൂഹവും ഭരണകർത്താക്കളും ഇവരെ പൂർണമായും പിന്തുണച്ചു പൊന്നു .

കാലക്രമേണ ആയുർവ്വേദ രംഗത്ത് വന്ന തിരിച്ചടികൾക്കും ശോഷണത്തിനും ശേഷം ഒട്ടുമിക്ക ഇതര വിഭാഗങ്ങളും ഉയർത്തെഴുന്നേറ്റു ലോക ചികിത്സാ സമ്പ്രദായങ്ങൾക്കിടയിൽ സ്വസ്ഥാനം നേടിയെങ്കിലും വിഷചികിത്സാ വിഭാഗത്തിന് അത് സാധ്യമായിട്ടില്ല . ഇന്നും ചില പാരമ്പര്യ കുടുംബങ്ങളിലും,വ്യക്തികളിലും മാത്രം ഒതുങ്ങി ,കാര്യമായ വളർച്ചയോ ബഹുജന ശ്രദ്ധയോ ഇല്ലാതെ ആരോഗ്യ രംഗത്തു വേണ്ട സംഭാവനകൾ ഒന്നും തന്നെ നൽകാനാകാതെ ആയുർവ്വേദ വിഷചികിത്സാ മുരടിച്ചു നിൽക്കുകയാണ് .

മരുന്നുകളുടെ ലഭ്യതക്കുറവ്, വർദ്ധിച്ച നിർമ്മാണച്ചിലവ്, ചികിത്സ പ്രാവർത്തികമാക്കാൻ സമൂഹത്തിൽ നിന്നും,ഭരണകർത്താക്കളിൽ നിന്നും ഉള്ള വെല്ലുവിളികൾ.സർവോപരി പ്രവൃർത്തിപരിചയമുള്ള വൈദ്യസമൂഹത്തിൻറെ അഭാവത തുടങ്ങി ഒട്ടനവധി ഘടകങ്ങൾ കാരണമായി ചൂണ്ടിക്കാട്ടാവുന്നതേയുള്ളൂ. തനതായ വിഷചികിത്സാ വിഭാഗത്തിൽ ഉള്ള മുരടിപ്പ് നിലനിക്കുമ്പോൾ തന്നെ ദീർഘകാലാനുബന്ധിയായി വിഷ സ്വഭാവമുള്ള മറ്റനേകം ആരോഗ്യപ്രശ്നങ്ങളിൽ അഗദതന്ത്ര വിഭാഗം നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ ചില്ലറയല്ല.

വിരളമെങ്കിലും, പ്രവൃർത്തിപരിചയമുള്ള പ്രഗൽഭ വൈദ്യന്മാർക്കു വേണ്ട ചുറ്റുപാടുകൾ ഒരുക്കിനൽകി പ്രായോഗിക ജ്ഞാനമുള്ള ഗവേഷണ പടുക്കളായ ഒരു പുതുതലമുറയെ സൃഷ്ടിക്കാനായാൽ ,ഈ സമ്പ്രദായം സാധാരണ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ ലഭ്യമാക്കുന്ന സംഭാവന ചെറുതാ കയില്ല.

ARTICLE BY
VAIDYA JISHNU NARAYANAN
DEPT OF AGADATHANTRAM
ASHTAMGAM AYURVEDA CHIKITSALAYAM&VIDYAPEEDHAM

//]]>